- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൃപേഷിന്റേയും ശരത് ലാലിന്റേയും ആത്മാക്കൾ പൊറുക്കില്ലെന്ന് കെ സുരേന്ദ്രൻ; മുല്ലപ്പള്ളിക്ക് മഞ്ചേശ്വരത്തെ കുറിച്ച് ചുക്കും അറിയില്ലെന്ന് ഇടതു സ്ഥാനാർത്ഥി; ബിജെപിയെ തോൽപ്പിക്കാൻ ആരുടേയും സഹായം വേണ്ടെന്ന് ഉമ്മൻ ചാണ്ടി; നീക്കുപോക്ക് വേണ്ടെന്ന് ചെന്നിത്തലയും; അതിബുദ്ധിയിൽ മുല്ലപ്പള്ളിക്ക് തിരിച്ചടി; 'പെരിയ' ചർച്ചയാക്കി വോട്ടുകൾ പെട്ടിയിലാക്കാൻ ബിജെപി
കോഴിക്കോട്. എൽഡിഎഫ് മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയിൽ രാഷ്ട്രീയ ചർച്ച സജീവം. മുല്ലപ്പള്ളിയെ കോൺഗ്രസ് നേതാക്കൾ തന്നെ തള്ളി പറയുമ്പോൾ കടന്നാക്രമണവുമായി ബിജെപിയും രംഗത്തു വന്നു. കൃപേഷിന്റേയും ശരത് ലാലിന്റേയും ആത്മാക്കൾ മുല്ലപ്പള്ളിയോട് ഒരിക്കലും പൊറുക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാർത്ഥിയാണ് സുരേന്ദ്രൻ.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് 89 വോട്ടിനാണ് സുരേന്ദ്രൻ തോറ്റത്. ഇത്തവണയും സുരേന്ദ്രൻ അതിശക്തമായ സാന്നിധ്യമാണ്. ഇതിനിടെയാണ് മുല്ലപ്പള്ളി സിപിഎം വോട്ട് അഭ്യർത്ഥിച്ചത്. ഇതിനെ കൃപേഷിനേയും ശരത് ലാലിനേയും ഉയർത്തി പ്രതിരോധിക്കുകയാണ് സുരേന്ദ്രൻ. സിപിഎമ്മിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിരവധി കോൺഗ്രസ് പ്രവർത്തകരുടെ കുടുംബത്തോടുള്ള അവഹേളനമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയതെന്ന് സുരേന്ദ്രൻ പറയുന്നു.
മഞ്ചേശ്വരത്ത് എൻഡിഎ വിജയിക്കുമെന്ന ഭയമാണ് മുല്ലപ്പള്ളിയെകൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത്. ആശയ പാപ്പരത്തമാണിതെന്നും കോൺഗ്രസിന്റെ രാഷ്ട്രീയ ഗതികേടാണ് ഇവിടെ വ്യക്തമാകുന്നതെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ആർ.എസ്.എസിനും ബിജെപി.ക്കുമെതിരേ മഞ്ചേശ്വരത്ത് എൽ.ഡി.എഫുമായി സഹകരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തിയിരുന്നു. കാസർകോട്ടെ രാഷ്ട്രീയത്തിൽ ഏറെ ചർച്ചയായതാണ് പെരിയ ഇരട്ടക്കൊലപാതകം. സിപിഎമ്മിനെതിരെ കോൺഗ്രസ് ആയുധമാക്കിയ കേസ്.
കാസർകോട്ടെ കോൺഗ്രസുകാരിൽ പെരിയ വികാരമാണ്. മഞ്ചേശ്വരം മണ്ഡലത്തിൽ അല്ല പെരിയയെങ്കിലും അതിന് ഈ മേഖലയിലും സ്വാധീനം ചെലുത്താനാകും. കാസർകോട് മണ്ഡലത്തിലും ബിജെപിക്ക് പ്രതീക്ഷയുണ്ട്. ഈ സാഹചര്യത്തിലാണ് മുല്ലപ്പള്ളിയെ പ്രതിരോധിക്കാൻ കൃപേഷിന്റേയും ശരത് ലാലിന്റേയും പേര് ചർച്ചയാക്കുന്നത്. സിപിഎം ഉന്നത നേതൃത്വം അറിഞ്ഞാണ് ഈ കൊലപാതകം നടന്നതെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.
അതിനിടെ മുല്ലപ്പള്ളിക്ക് മഞ്ചേശ്വരത്തെ കുറിച്ച് ചുക്കും അറിയില്ലെന്ന് ഇടതു സ്ഥാനാർത്ഥി വിവി രമേശൻ പ്രതികരിച്ചു. മുല്ലപ്പള്ളിയുടേത് മാനസികനില തെറ്റിയുള്ള പ്രതികരണമാണ്. ബലവാനാണോ ദുർബലവാനാണോ എന്ന് ജനങ്ങൾ വിധിയെഴുതും. യുഡിഎഫിന് വോട്ട് ചെയ്തിട്ട് കാര്യമില്ല. വികസനത്തിനും ബിജെപി വളർച്ച തടയാനും എൽഡിഎഫിന് വോട്ട് ചെയ്യണമെന്നും യുഡിഎഫ് വോട്ടുൾപ്പെടെ ഇത്തവണ എൽഡിഎഫിന് ലഭിക്കുമെന്നും വിവി രമേശൻ പറഞ്ഞു.
മഞ്ചേശ്വരത്ത് സിപിഐഎം യുഡിഎഫിന് വോട്ട് ചെയ്യണമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടത്. ബിജെപിയെ തോൽപ്പിക്കാൻ സിപിഐഎം ഇനി യുഡിഎഫിന് വോട്ട് ചെയ്യണം. മഞ്ചേശ്വരത്തെ എൽഡിഎഫ് വോട്ടർമാർ യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കണം. മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ദുർബലനാണെന്നും മുല്ലപ്പള്ളി. അദ്ദേഹത്തെ പിൻവലിച്ചില്ലെങ്കിലും യുഡിഎഫിന് വോട്ട് നൽകണമെന്നാണ് താൻ നേരത്തെ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മുല്ലപ്പള്ളിയെ എതിർത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രംഗത്തെത്തിയിരുന്നു. യുഡിഎഫിന് ഒരു മണ്ഡലത്തിലും ആരുമായും നീക്കുപോക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. മഞ്ചേശ്വരത്ത് ഒറ്റയ്ക്ക് കോൺഗ്രസിന് ബിജെപിയെ തോൽപിക്കാൻ സാധിക്കുമെന്നും ആരെയുടെയും പിന്തുണ വേണ്ടെന്നും ഉമ്മൻ ചാണ്ടിയും പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ