തിരുവനന്തപുരം: അഞ്ചു സീറ്റിൽ വിജയം ഉറപ്പെന്ന വിലയിരുത്തലിൽ ബിജെപി. നേമം ഉൾപ്പെടെ അഞ്ചുമണ്ഡലങ്ങളിലാണ് പ്രതീക്ഷ. മോദി തരംഗം ആഞ്ഞു വീശിയാൽ പത്ത് വരെ സീറ്റുകളിലേക്ക് വിജയമെത്തുമെന്നാണ് സൂചന. കരുതലോടെയാണ് ബിജെപി വിലയിരുത്തൽ നടത്തുന്നത്.

സിറ്റിങ് സീറ്റായ നേമം, കെ. സുരേന്ദ്രൻ മത്സരിച്ച മഞ്ചേശ്വരം, പാലക്കാട്, കഴക്കൂട്ടം, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലാണ് എൻ.ഡി.എ.ക്ക് നല്ല വിജയപ്രതീക്ഷയുള്ളത്. മലമ്പുഴയിലും തൃശൂരിലും ജയ പ്രതീക്ഷയുണ്ട്. എന്നാൽ ഇതിന് മോദി തരംഗം ആഞ്ഞു വീശണം. ചാത്തന്നൂരിലും പ്രതീക്ഷ കൈവിട്ടിട്ടില്ല. തൃപ്പുണ്ണിത്തുറയിലെ സാഹചര്യവും പരിശോധിക്കുന്നുണ്ട്.

ഒട്ടേറെ മണ്ഡലങ്ങളിൽ രണ്ടാമതെത്തുമെന്ന് കരുതുന്ന ബിജെപി കരുതലോടെയാണ് വിലയിരുത്തൽ നടത്തുന്നത്. നേമത്ത് ജയം ഉറപ്പിക്കുകയാണ് ബിജെപി. നേതൃത്വം. എന്നാൽ കൂടുതൽ മണ്ഡലങ്ങളിൽ രണ്ടാമതെത്തുന്നതിലൂടെ വോട്ടുനില ഉയർത്തിയതുകൊണ്ടുമാത്രം കാര്യമില്ലെന്നാണ് കേന്ദ്ര നിലപാട്. ഇത് സംസ്ഥാന ഘടകത്തിന് വെല്ലുവിളിയാണ്. നേമം സീറ്റിൽ മാത്രം ജയമൊതുങ്ങിയാൽ സംഘടനാ തലത്തിൽ വലിയ മാറ്റങ്ങളുണ്ടാകും.

ലോക്സഭാ തിരഞ്ഞടുപ്പിൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ശശി തരൂർ വൻഭൂരിപക്ഷത്തിൽ വിജയിച്ചപ്പോഴും ബിജെപിയെ നേമം മുന്നിൽത്തന്നെ നിർത്തിയെന്നതാണ് ഇവിടത്തെ ഉറച്ച വിജയപ്രതീക്ഷയ്ക്കു കാരണം. പ്രചാരണത്തിന് ചുക്കാൻപിടിച്ച ആർ.എസ്.എസിന്റെ വിലയിരുത്തലും ഇതുതന്നെയാണ്.

മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്റെയും പാലക്കാട് ഇ. ശ്രീധരന്റെയും വിജയത്തിന് ബിജെപിക്കു പുറത്തുള്ള വോട്ടും പ്രതീക്ഷിക്കുന്നു. വലിയ ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽപ്പോലും രണ്ടിടത്തും വിജയിക്കുമെന്നാണ് നേതാക്കൾ പറയുന്നത്. വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിൽ അട്ടിമറി വിജയം സംഭവിക്കുമെന്നാണ് പ്രതീക്ഷ. വട്ടിയൂർക്കാവിൽ ബിജെപിയുടെ വോട്ടുകൾക്ക് പുറമേ, കോൺഗ്രസിൽനിന്നുള്ള വോട്ടും കിട്ടിയെന്നാണ് വിലയിരുത്തൽ.

കഴക്കൂട്ടത്ത് ശബരിമല വിഷയം കൂടുതൽ ചർച്ചയായതും എൻ.എസ്.എസ്. നിലപാടും അനുകൂലമായെന്നാണ് വിലയിരുത്തൽ. എന്നാൽ ന്യൂനപക്ഷ വോട്ടുകൾ എൽ.ഡി.എഫിന് അനുകൂലമായിട്ടുണ്ടോയെന്ന എന്ന ആശങ്കയുമുണ്ട്.