- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നേമത്തും വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും തൃശൂരിലും പാലക്കാട്ടും മഞ്ചേശ്വരത്തും ആർഎസ്എസ് കണക്കിൽ ജയം ഉറപ്പ്; മലമ്പുഴയും കാട്ടക്കടയും അടക്കം ആറിടത്ത് വമ്പൻ വിജയ സാധ്യത; സീറ്റുകളുടെ എണ്ണം രണ്ടക്കം കടക്കുമെന്ന ആത്മവിശ്വാസത്തിൽ ബിജെപി; സുരേന്ദ്രൻ സ്വപ്നം കാണുന്നത് തൂക്ക് നിയമസഭ
തിരുവനന്തപുരം: കേരളത്തിൽ ബിജെപി നേട്ടമുണ്ടാക്കുമെന്ന വിലയിരുത്തലിൽ പരിവാർ കേന്ദ്രങ്ങൾ. ആർഎസ്എസിന്റെ കണക്കിൽ സംസ്ഥാനത്തു ബിജെപിക്കു ജയസാധ്യത 6 സീറ്റിലാണുള്ളത്. നേമത്തും മഞ്ചേശ്വരത്തും പാലക്കാട്ടും കഴക്കൂട്ടത്തും വട്ടിയൂർക്കാവിലും തൃശൂരിലും വിജയം മുന്നിൽ കാണുകയാണ് ആർഎസ്എസ്. എന്നാൽ അതിൽ കൂടുതൽ ജയിക്കുമെന്ന് ബിജെപിയും പറയുന്നു. തൂക്കു നിയമസഭയാണ് പാർട്ടിയുടെ സ്വപ്‌നത്തിലുള്ളത്.
12 വരെ സീറ്റിലാണു ബിജെപിയുടെ പ്രതീക്ഷ. തിരഞ്ഞെടുപ്പു വിശകലനത്തിനു ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗം ആർഎസ്എസ് കൈമാറിയ റിപ്പോർട്ടും വിലയിരുത്തി. അഞ്ചിലേറെ സീറ്റ് ഉറപ്പിക്കുകയാണ് ഈ ഘട്ടത്തിൽ ബിജെപി. നേമം മണ്ഡലത്തിൽ കുമ്മനം രാജശേഖരന്റെ ഭൂരിപക്ഷം 5000 മുതൽ 11,000 വരെയെത്തുമെന്നാണ് ആർഎസ്എസ് റിപ്പോർട്ട്. മഞ്ചേശ്വരത്തു കെ.സുരേന്ദ്രന് 1500 വോട്ടിനു മുകളിൽ ഭൂരിപക്ഷം. കഴക്കൂട്ടത്തും തൃശൂരും വട്ടിയൂർക്കാവിലും 1000 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തിൽ മുന്നിലെത്തുമെന്നും പാലക്കാട് ഇ.ശ്രീധരൻ 2500 വോട്ടിനെങ്കിലും വിജയിക്കുമെന്നുമാണ് ആർഎസ്എസ് വിലയിരുത്തൽ.
മലമ്പുഴ, കാസർകോട്, ചാത്തന്നൂർ, മണലൂർ, കാട്ടാക്കട, കോഴിക്കോട് നോർത്ത് എന്നിവിടങ്ങളിൽ ജയസാധ്യതയുണ്ട്. ഇവിടേയും ജയിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. കാസർകോടും മഞ്ചേശ്വരത്തും ന്യൂനപക്ഷ വിഭാഗത്തിന്റെ പോളിങ് ശതമാനത്തിൽ വന്ന കുറവ് പ്രതീക്ഷയായി ബിജെപി കാണുന്നു. ശക്തമായ പ്രവർത്തനവും വോട്ടു ശേഖരണവും 22 മുതൽ 25 മണ്ഡലങ്ങളിൽ നടന്നതായി കോർ കമ്മിറ്റി വിലയിരുത്തി. വോട്ടിങ് ശതമാനം ഉയരുമെന്നാണ് വിലയിരുത്തൽ.
നേമം മണ്ഡലത്തിൽ ഇടതുപക്ഷത്തേക്കു മാത്രം പോകുമായിരുന്ന ന്യൂനപക്ഷ വോട്ടുകൾ കെ.മുരളീധരന്റെ വരവോടെ രണ്ടായി പിരിഞ്ഞു. ഇതാണ് കുമ്മനത്തിന് സാധ്യത കൂട്ടുന്നത്. കഴക്കൂട്ടത്തും വട്ടിയൂർക്കാവിലും കാട്ടാക്കടയിലും കോൺഗ്രസ് വോട്ടുകളും ലഭിച്ചു. എന്നാൽ നിയമസഭാതിരഞ്ഞെടുപ്പിൽ രണ്ടക്കത്തിൽ കൂടുതൽ സീറ്റുകൾ എൻഡിഎ നേടുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഇപ്പോഴും പറയുന്നു. പാർട്ടി നിയോജക മണ്ഡലം കമ്മിറ്റികളുടെ വിലയിരുത്തൽ പ്രകാരം നിയമസഭയിൽ വിധിനിർണായക ശക്തിയായി എൻഡിഎ മാറുമെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫിനോ യുഡിഎഫിനോ കേവല ഭൂരിപക്ഷം നേടി അധികാരത്തിൽ വരാൻ കഴിയില്ല. ഗുരുവായൂരിലും തലശേരിയിലും നാമനിർദ്ദേശ പത്രിക തള്ളിയതിൽ പാർട്ടിക്കു ഗുരുതരമായ പിഴവുണ്ടായിട്ടില്ല. സാങ്കേതിക പ്രശ്‌നങ്ങൾ മാത്രമേ കണ്ടെത്തിയിട്ടുള്ളൂവെന്നും സുരേന്ദ്രൻ പറയുന്നു. മുപ്പതിനായിരത്തിലധികം വോട്ടുകൾ ബിജെപി.ക്ക് ഉറപ്പായിട്ടുള്ള മുപ്പതോളം മണ്ഡലങ്ങളിൽ വാശിയേറിയ മത്സരമാണു നടന്നത്. ഫലം വരുന്നതോടെ ബിജെപി. കേരളത്തിൽ പുതിയ ചരിത്രമെഴുതും. ബിജെപി.യുടെ കേരളത്തിന്റെ ചുമതലയുള്ള സി.പി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽനടന്ന കോർ-കമ്മിറ്റി യോഗം പ്രധാന മണ്ഡലങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തി.
35 സീറ്റ് ലഭിച്ചാൽ ബിജെപി സംസ്ഥാനം ഭരിക്കുമെന്ന പ്രഖ്യാപനത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. താൻ മത്സരിച്ച കോന്നിയിലും മഞ്ചേശ്വരത്തും വിജയ പ്രതീക്ഷയാണുള്ളത്. തലശ്ശേരിയിലേയും, ഗുരുവായൂരിലേയും സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതിന് കാരണം സാങ്കേതിക പിഴവ് മാത്രമാണ്. നേമത്ത് ബിജെപിയുടെ വിജയം ഉറപ്പാണെന്നും സുരേന്ദ്രൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ