ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങലിലേക്കാണ് വോട്ടെണ്ണൽ നടക്കുന്നത്. ഇതിൽ അസം ബിജെപി നിലനിർത്തുമെന്നാണ് സൂചന. ബംഗാൾ പിടിക്കാൻ പോരാട്ടം കടുത്തതാണ്. മമതാ ബാനർജിയുടെ തൃണമൂലിനാണ് നേട്ടം. എന്നാൽ ബിജെപി തൊട്ടു പിന്നിലുണ്ട്. ഇവിടെ എന്തും സംഭവിക്കാം. നിലവിലെ നിയമസഭയിൽ ബിജെപിക്ക് രണ്ട് സീറ്റാണുള്ളത്. അതുകൊണ്ട് തന്നെ ബിജെപി തൃണമൂലിന് വലിയ വെല്ലുവിളി ഉയർത്തുകയാണ്.

ബംഗാളിൽ 292 സീറ്റാണുള്ളത്. ഇതിൽ 146 സീറ്റു കിട്ടിയാൽ ഭരണം ഉറപ്പിക്കാൻ. ഇത് തൃണമൂലിന് കിട്ടുമോ എന്നതിൽ ആശങ്കയുണ്ട്. അത്തരത്തിലെ അതിശക്തമായ മത്സരമാണ് ബംഗാളിൽ നടക്കുന്നത്. സിപിഎം-കോൺഗ്രസ് മുന്നണി അവിടെ തൂത്തെറിയപ്പെട്ടു. എന്നാൽ ആർക്കും ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ സിപിഎം മമതയെ പിന്തുണയ്ക്കും. അതുകൊണ്ട് തന്നെ അവിടെ മമതയ്ക്ക് വീണ്ടും അധികാരത്തിൽ എത്താനാകും. നന്ദീഗ്രാമിൽ മമത പിന്നിലാണെന്നതും ദേശീയ രാഷ്ട്രീയം കൗതുകത്തോടെ ചർച്ച ചെയ്യും.

തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യം അധികാരം ഉറപ്പിച്ചിട്ടുണ്ട്. 126 സീറ്റ് മുന്നണി നേടിക്കഴിഞ്ഞു. എഐഎഡിഎംകെയ്ക്ക് 89 സീറ്റിലാണ് മുൻതൂക്കം. ഇവിടെ ഡിഎംകെയുടെ തൂത്തുവാരൽ നടക്കുമെന്നായിരുന്ന പ്രവചനം. എന്നാൽ അതുണ്ടായില്ല. കമൽഹാസന്റെ പാർട്ടിക്കും നേട്ടമില്ല. തമിഴ്‌നാട്ടിൽ ഡിഎംകെയുടെ സ്റ്റാലിൻ വീണ്ടും അധികാരത്തിൽ എത്തുമെന്ന് ഇതോടെ വ്യക്തമാകുകയാണ്.

അസമിൽ ബിജെപി വീണ്ടും അധികാരത്തിൽ എത്തും. ബിജെപി സഖ്യത്തിന് 68 സീറ്റ് ഇതുവരെ കിട്ടിക്കഴിഞ്ഞു. കോൺഗ്രസ് മുന്നണിക്ക് 39 സീറ്റ് മാത്രമേയുള്ളൂ. പുതുച്ചേരിയിലും എൻഡിഎയ്ക്ക് നേട്ടമുണ്ട്. ഇതുവരെ എട്ട് സീറ്റുകൾ അവർക്ക് കിട്ടി. കോൺഗ്രസ് മുന്നണിക്ക് നാലു സീറ്റാണുള്ളത്.