- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നേമത്തേത് അപ്രതീക്ഷിതം; കഴക്കൂട്ടത്ത് നാണക്കേട്; രണ്ടാമത് എത്തിയത് ഒൻപത് മണ്ഡലത്തിൽ; അതിൽ അഞ്ചിടത്ത് അമ്പതിനായിരത്തിൽ അധികം വോട്ട്; എട്ടിടത്ത് നാൽപ്പതിനായിരവും കവിഞ്ഞു; നടക്കാതെ പോയത് 10000ൽ താഴെ വോട്ടുള്ള മണ്ഡലം ഉണ്ടാകരുതെന്ന നിർദ്ദേശം; വോട്ടു കുറഞ്ഞവർക്കൊന്നും സ്ഥാനം നൽകില്ല; കേരള ബിജെപിയിൽ ഇടപെടലിന് അമിത് ഷാ

തിരുവനന്തപുരം: അക്കൗണ്ട് തുറക്കാനായില്ലെങ്കിലും സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മത്സരിച്ച മഞ്ചേശ്വരത്തും കോന്നിയിലും ഇ.ശ്രീധരൻ മത്സരിച്ച പാലക്കാട്ടും ഉൾപ്പെടെ 10 മണ്ഡലങ്ങളിൽ വോട്ടിൽ ഭേദപ്പെട്ട വർധനയുണ്ടായി എന്നതു ചർച്ചയാക്കാൻ ബിജെപി ഔദ്യോഗിക നേതൃത്വം. എന്നാൽ ഇതുകൊണ്ട് കേന്ദ്ര നേതൃത്വത്തെ തൃപ്തിപ്പെടുത്താൻ കഴിയില്ല. പതിനായിരത്തിൽ താഴെ വോട്ടുള്ള മണ്ഡലങ്ങൾ ഇത്തവണ ഉണ്ടാകരുതെന്നായിരുന്നു ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. എന്നാൽ 25 മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികൾക്കു പതിനായിരത്തിൽ താഴെ വോട്ട് മാത്രമാണ് ലഭിച്ചത്. വോട്ട് കച്ചവടത്തിന്റെ സാധ്യതകളും ആരോപണങ്ങളും പല മണ്ഡലത്തിലും സജീവവുമാണ്.
ഈ സാഹചര്യത്തിൽ കേന്ദ്ര നേതൃത്വം ഇടപെടുമെന്നാണ് സൂചന. വോട്ട് കുറഞ്ഞവർക്കാർക്കും ഇനി പരിഗണനയും നൽകില്ല. ഇതിൽ ചില മണ്ഡലങ്ങളിൽ മാത്രമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ വോട്ടിലധികമോ അതിനൊപ്പമോ വോട്ടു നേടാനായത്. നേമത്ത് കഴിഞ്ഞ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കിട്ടിയ 58000 ൽ പരം വോട്ട് ഇത്തവണ കുമ്മനത്തിനു കിട്ടിയില്ല. സി.കൃഷ്ണകുമാർ മത്സരിച്ച മലമ്പുഴയിലും സുരേഷ്ഗോപി മത്സരിച്ച തൃശൂരും ചാത്തന്നൂരും ആറ്റിങ്ങലും ചിറയിൻകീഴിലും, ജേക്കബ് തോമസ് മത്സരിച്ച ഇരിങ്ങാലക്കുടയിലും സന്ദീപ് വാരിയർ മത്സരിച്ച ഷൊർണൂരിലും വോട്ടിൽ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞു. കോഴിക്കോട് സൗത്ത്, നോർത്ത്, ഹരിപ്പാട് ,ചടയമംഗലം, ആലപ്പുഴ എന്നിവിടങ്ങളിലും വോട്ട് നേരിയ തോതിൽ കൂടി.
തിരുവനന്തപുരവും മാവേലിക്കരയിലും വോട്ടിൽ കാര്യമായ മാറ്റമുണ്ടായില്ല. എന്നാൽ ,കഴിഞ്ഞ തവണ നല്ല പ്രകടനം കാഴ്ചവച്ച ആറന്മുള, കാട്ടാക്കട, വട്ടിയൂർക്കാവ്, പാറശാല, കഴക്കൂട്ടം, നെടുമങ്ങാട്, വൈക്കം, കുട്ടനാട്, മണലൂർ, കാസർകോട്, കാഞ്ഞിരപ്പള്ളി തുടങ്ങിയ എ ക്ലാസ്സായി നിശ്ചയിച്ച മണ്ഡലങ്ങളിൽ ഇത്തവണ വോട്ടു കുറഞ്ഞു. ഇതിൽ വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. അന്ന് ബിജെപി ഏറെ പിന്നോക്കം പോയി. ഇതുമായി താരതമ്യം ചെയ്യുമ്പോൾ വോട്ട് ഏറെ കൂടുകയും ചെയ്തു. ബിജെപി മത്സരിച്ച 115 ൽ 80 ൽപരം മണ്ഡലങ്ങളിലും വോട്ടു കുറഞ്ഞപ്പോൾ, സഖ്യകക്ഷിയായ ബിഡിജെഎസ് മത്സരിച്ച 20 മണ്ഡലങ്ങളിൽ ഒന്നിൽ പോലും കഴിഞ്ഞ തവണത്തെ വോട്ട് നേടാനായില്ല. കുണ്ടറ, പൂഞ്ഞാർ എന്നിവിടങ്ങളിലെ വോട്ടു ചോർച്ച നാണക്കേടുമായി.
നേമം ഉൾപ്പെടെ 9 മണ്ഡലങ്ങളിലാണ് ഇക്കുറി ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്. 2016ൽ രണ്ടാം സ്ഥാനത്തെത്തിയ ഏഴ് മണ്ഡലങ്ങളിലും ഇക്കുറി കൂടിയ വോട്ടോടെ രണ്ടാം സ്ഥാനം നിലനിർത്താൻ ബിജെപിക്കു കഴിഞ്ഞു. വട്ടിയൂർക്കാവ്, കഴക്കൂട്ടം, ചാത്തന്നൂർ, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസർകോട് എന്നീ മണ്ഡലങ്ങളിൽ ഇക്കുറിയും ബിജെപി തന്നെ രണ്ടാമതെത്തി. എട്ടിടത്ത് നാൽപതിനായിരത്തിലേറെ വോട്ട് ലഭിച്ചു. പുതുതായി ആറ്റിങ്ങലിൽ മാത്രമാണ് രണ്ടാമതെത്താൻ കഴിഞ്ഞത്. 38,262 വോട്ടുമായി പി. സുധീറാണ് ഇവിടെ രണ്ടാമതെത്തിയത്. ആറ്റിങ്ങലിലേത് അഭിമാനാർഹമായ നേട്ടമാണ്. തൊട്ടടുത്ത ചിറൻകീഴിലും വോട്ട് കൂടി. കഴക്കൂട്ടത്തെ തോൽവി ബിജെപിക്ക് തീർത്താൽ തീരാത്ത നാണക്കേടുണ്ടാക്കിയിട്ടുണ്ട്.
2016ൽ നേമം ഉൾപ്പെടെ മൂന്നു മണ്ഡലങ്ങളിൽ മാത്രമാണ് ബിജെപിക്ക് 50,000ത്തിലേറെ വോട്ട് നേടാൻ കഴിഞ്ഞത്. എന്നാൽ ഇത്തവണ നേമം (കുമ്മനം രാജശേഖരൻ-51888), മഞ്ചേശ്വരം (കെ.സുരേന്ദ്രൻ-65013), കാസർകോട് (കെ. ശ്രീകാന്ത് -50,395), മലമ്പുഴ (സി.കൃഷ്ണകുമാർ-50,200), പാലക്കാട് (ഇ. ശ്രീധരൻ-50,220) മണ്ഡലങ്ങളിൽ ബിജെപിക്ക് 50,000ത്തിലേറെ വോട്ട് ലഭിച്ചു. തൃശൂർ (സുരേഷ് ഗോപി-40457) ചാത്തന്നൂർ (ബി.ബി. ഗോപകുമാർ - 42090) കഴക്കൂട്ടം (ശോഭാ സുരേന്ദ്രൻ-40193) എന്നിവിടങ്ങളിൽ വോട്ട് നാൽപതിനായിരം കടന്നു.
ഇതിനു പുറമേ ഇത്തവണ 17 സീറ്റുകളിലാണ് ബിജെപി സ്ഥാനാർത്ഥികൾക്ക് മുപ്പതിനായിരത്തിലേറെ വോട്ട് ലഭിച്ചത്. ഏലത്തൂർ, കോഴിക്കോട് നോർത്ത്, ഷൊർണൂർ, മണലൂർ, തൃശൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്, മാവേലിക്കര, ചെങ്ങന്നൂർ, കോന്നി, ചാത്തന്നൂർ, ആറ്റിങ്ങൽ, കഴക്കൂട്ടം, വട്ടിയൂർകാവ്, തിരുവനന്തപുരം, കാട്ടാക്കട എന്നിവിടങ്ങളിലാണ് മുപ്പതിനായിരത്തിലേറെ വോട്ട് കിട്ടിയത്.
2016ലെ തിരഞ്ഞെടുപ്പിൽ 98 സീറ്റുകളിൽ മത്സരിച്ച പാർട്ടി 20 സീറ്റുകളിൽ മുപ്പതിനായിരത്തിനു മുകളിൽ വോട്ട് നേടിയിരുന്നു. ഇതിൽ പത്തിടത്ത് നാൽപതിനായിരത്തിനു മുകളിലും ലഭിച്ചിരുന്നു.


