തിരുവനന്തപുരം: ബിജെപിയെ ചതിച്ചത് ഹെലികോപ്ടർ. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ചതും തിരിച്ചടിയായി. നേതാക്കൾ ഹെലികോപ്റ്ററിൽ കറങ്ങിയപ്പോൾ ബൂത്ത് തല വോട്ടുകൾ ഒലിച്ചുപോയെന്നും അതു തടയാൻ ആളുണ്ടായില്ലെന്നും ബിജെപി തിരിച്ചറിയുകാണ്. തിരുവനന്തപുരത്ത് അടക്കം ബൂത്ത് തല പ്രവർത്തനം നടന്നില്ല. ഇതാണ് വലിയ തോൽവിക്ക് കാരണം. കേരളത്തിൽ നേമത്തെ അക്കൗണ്ട് പൂട്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. എന്നാൽ അതൊന്നും സംഭവിക്കില്ലെന്നായിരുന്നു ആത്മവിശ്വാസം. അന്തിമഫലത്തിൽ അക്കൗണ്ടും നഷ്ടമായി എന്ന യാഥാർത്ഥ്യത്തിലായിരുന്നു ബിജെപിയുടെ കാരണം കണ്ടെത്താനുള്ള ശ്രമം. ഇതിലാണ് കോപ്ടറിലെ വില്ലൻ തെളിയുന്നത്.

ഹെലികോപ്റ്ററിൽ കറങ്ങാൻ പണം പൊടിപൊടിച്ചെങ്കിലും ബൂത്തുകളിൽ പ്രവർത്തനത്തിനുള്ള സാമ്പത്തിക സഹായം ചുരുക്കി. പ്രവർത്തകരെ ഏകോപിപ്പിക്കാനും സംവിധാനമുണ്ടായില്ല. മൂന്നു കോപ്റ്ററുകളാണു കേരളത്തിലേക്കു ബിജെപി വാടകയ്‌ക്കെടുത്തത്. രണ്ടു മണ്ഡലങ്ങളിൽ മത്സരിച്ച സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും കേരളത്തിലെ പ്രവർത്തനം ഏകോപിപ്പിച്ച കേന്ദ്രമന്ത്രി വി.മുരളീധരനും പിന്നെ കേരളത്തിലെത്തുന്ന കേന്ദ്രനേതാക്കൾക്കും വേണ്ടിയായിരുന്നു ഇവ എന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. അതിനിടെ ഇത് തെറ്റാണെന്ന് വി മുരളീധരനും പ്രതികരിച്ചിട്ടുണ്ട്.

ഹെലികോപ്ടർ കൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ലെന്നതാണ് ഏതായാലും ബിജെപിയുടെ വിലയിരുത്തൽ. . ഇത്തരം ഇടപെടലുകൾ കേരള രാഷ്ട്രിയത്തിൽ നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കുമെന്ന് തിരിച്ചറിയുക കൂടിയാണ് ബിജെപി. കഴിഞ്ഞ ദിവസം ജില്ലാ പ്രസിഡന്റുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും ഓൺലൈൻ യോഗത്തിൽ ആയിരുന്നു വിമർശനം. ദേശീയ സംഘടനാ ജനറൽ െസക്രട്ടറി ബി.എൽ.സന്തോഷ്, കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന പ്രൽഹാദ് ജോഷി ഉൾപ്പെടെ നേതാക്കളും പങ്കെടുത്തിരുന്നു.

ഒരു എൻജിൻ ഉള്ള കോപ്റ്ററിനു 2 മണിക്കൂറിനു 2 ലക്ഷം രൂപയായിരുന്നു വാടക. ഇരട്ട എൻജിൻ ഹെലികോപ്റ്ററിനു 2 മണിക്കൂറിന് 4 ലക്ഷം വരെയും. സ്ഥാനാർത്ഥി നിർണയം വൈകിയതിനാൽ ഹെലികോപ്റ്റർ ചെലവ് 20 25 ദിവസത്തിൽ ഒതുക്കാനായി എന്നതാണ് ഏക ആശ്വാസം. കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ച കെ.സുരേന്ദ്രനു 2 ദിവസം കൂടുമ്പോൾ പറക്കേണ്ടി വന്നു. ഇരു മണ്ഡലങ്ങളും തമ്മിൽ 400 കിലോമീറ്ററിലധികം ദൂരമുണ്ട്. കോപ്റ്ററുകൾ ദിവസം 5 മണിക്കൂറുകളെങ്കിലും പറന്നു. ഇതൊന്നും പക്ഷേ തെരഞ്ഞെടുപ്പിൽ സ്വാധീനമായി മാറിയില്ല. ബൂത്ത് തല പ്രവർത്തനത്തിലെ വീഴ്ചയും തിരിച്ചടിയായി. ബിജെപി നേതാക്കൾക്കു പുറമേ ആർഎസ്എസ് സംയോജകരും ബൂത്ത് തലത്തിൽ വരെ നിയമിക്കപ്പെട്ടു. എന്നിട്ടും വോട്ട് ചോർന്നുവെന്നതാണു ബിജെപിയെ അസ്വസ്ഥമാക്കുന്നത്.

തിരുവനന്തപുരത്തെ നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയെച്ചൊല്ലി ബിജെപി. അവലോകന യോഗത്തിൽ വാക്‌പോര് ഉണ്ടായതും പ്രതിസന്ധിക്ക് തെളിവാണ്. സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽനടന്ന ജില്ലാതല തിരഞ്ഞെടുപ്പ് അവലോകനയോഗത്തിലായിരുന്നു സംഭവം. കഴക്കൂട്ടത്തെ പരാജയത്തിനുകാരണമായത് സ്ഥാനാർത്ഥിനിർണയം വൈകിയതാണെന്ന വിമർശനമാണ് സംസ്ഥാന നേതൃത്വത്തിനെതിരേ ഉയർന്നത്. നെടുമങ്ങാട്ട് വോട്ടുകുറഞ്ഞതിലും മണ്ഡലംകമ്മിറ്റിയുടെ റിപ്പോർട്ടിനെതിരേയും സ്ഥാനാർത്ഥി ജെ.ആർ. പത്മകുമാർ രംഗത്തെത്തി. മുൻ ജില്ലാപ്രസിഡന്റ് എസ്.സുരേഷും വിമർശനങ്ങളുമായി രംഗത്തെത്തിയതോടെ ജില്ലാ കോർകമ്മിറ്റി വിളിച്ച് വീഴ്ചകൾ ചർച്ചചെയ്യാൻ കെ. സുരേന്ദ്രൻ നിർദ്ദേശിച്ചു. നേമത്തടക്കം അടിയുറച്ച ബിജെപി. വോട്ടുകൾ ചോർന്നെന്നും യോഗം വിലയിരുത്തി.

പാർട്ടി പത്തുവർഷത്തോളം പിന്നോട്ടുപോയ സ്ഥിതിയാണെന്നും യോഗത്തിൽ ആരോപണമുയർന്നു. ശോഭാ സുരേന്ദ്രൻ യോഗത്തിൽ പങ്കെടുത്തില്ല. എന്തിനുവേണ്ടി ബിജെപി.ക്ക് വോട്ടുചെയ്യണം എന്നതിന് വികസനപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി വോട്ടുതേടാൻ നേതൃത്വത്തിനുകഴിഞ്ഞില്ലെന്ന് മണ്ഡലം പ്രസിഡന്റുമാർ വിമർശിച്ചു. വട്ടിയൂർക്കാവിൽ മത്സരിച്ച ജില്ലാപ്രസിഡന്റ് വി.വി.രാജേഷിന് പാർട്ടിവോട്ടുകൾമാത്രമാണ് ലഭിച്ചതെന്നാണ് വിലയിരുത്തൽ. ബിജെപി.യുടെ ശക്തികേന്ദ്രങ്ങളായ ഒമ്പത് വാർഡുകളിൽ മാത്രമാണ് ഭൂരിപക്ഷം ലഭിച്ചത്. കഴിഞ്ഞതവണ കുമ്മനം രാജശേഖരൻ നേടിയതിനെക്കാൾ രണ്ടായിരത്തിലേറെ വോട്ടിന്റെ കുറവുണ്ടായി.

വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പിൽ നേടിയതിനെക്കാൾ തനിക്ക് വോട്ട് ഉയർത്താനായെന്ന് രാജേഷ് അവകാശപ്പെട്ടത് അന്ന് സ്ഥാനാർത്ഥിയായിരുന്ന എസ്.സുരേഷിനെ പ്രകോപിപ്പിച്ചു. സുരേഷ് ജില്ലാപഞ്ചായത്ത് സീറ്റ് കൈവിട്ടെന്നുകൂടി ആരോപണം വന്നതോടെ മറുപടിയുമായി സുരേഷും രംഗത്തെത്തി.