തിരുവനന്തപുരം: 35 സീറ്റു നേടി അധികാരത്തിൽ വരുമെന്ന് പ്രഖ്യാപിച്ചായിരുന്നു ബിജെപിയുടെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് അങ്കം. പക്ഷേ ഫലം വന്നപ്പോൾ നേമത്ത് അക്കൗണ്ടും പൂട്ടി. പാലക്കാടും തൃശൂരും തിരുവനന്തപുരത്തും മഞ്ചേശ്വരത്തും ജയപ്രതീക്ഷയുണ്ടായെങ്കിലും അതും തകർന്നു. ഇതിന് പിന്നിൽ ഡീലുകൾ ഉണ്ടെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ ആരോപണം. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ അതിരൂക്ഷമായ ആരോപണങ്ങളാണ് ഉയരുന്നത്. പാർട്ടിയിലെ മറുവിഭാഗം പരസ്യപ്രതികരണങ്ങൾ നടത്താതെ സുരേന്ദ്രനെതിരെ അതിശക്തമായ നീക്കം നടത്തുകയാണ്.

കൊടകരയിലെ കുഴൽപ്പണത്തിൽ കേന്ദ്ര നേതൃത്വം ഇടെപട്ടാണ് പൊലീസിൽ പരാതി പോലും കൊടുത്തത്. ആരോടും പരസ്യപ്രതികരണം നടത്തരുതെന്ന് നിർദ്ദേശിച്ചതും അവരാണ്. അതുകൊണ്ടാണ് ശോഭാ സുരേന്ദ്രൻ പോലും മൗനത്തിൽ തുടരുന്നത്. അതിനിടെയാണ് സികെ ജാനുവിന് പത്ത് ലക്ഷം രൂപ നൽകിയെന്ന വിവാദം ആളിക്കത്തിയത്. കെ സുരേന്ദ്രൻ ഈ വിവാദങ്ങളിൽ നിന്ന് അകലം പാലിക്കുകയാണ്. ഇതിനിടെയാണ് തോൽവികൾക്ക് പിന്നിലെ ഡീലിലും ചർച്ച വരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ മുൻകൈയെടുത്തു മത്സരിപ്പിച്ച ഇ.ശ്രീധരനെ തോൽപിക്കാനും ബിജെപിയിൽ ഒരു വിഭാഗം ശ്രമിച്ചെന്നു ദേശീയ നേതൃത്വത്തിനു പരാതി നൽകിയെന്നാണ് സൂചന. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 40,074 വോട്ടോടെ ബിജെപി ചരിത്രത്തിലാദ്യമായി രണ്ടാമതെത്തിയ മണ്ഡലത്തിൽ പുതുതായി 7322 വോട്ടുകൾ കൂടി ബിജെപി ചേർത്തിരുന്നു. ഈ 47,500 വോട്ടുകൾക്കപ്പുറം ഇ. ശ്രീധരന്റെ ജനപിന്തുണയിൽ ലഭിക്കേണ്ട വോട്ടുകൾ കൂടി പരിഗണിക്കുമ്പോൾ 60,000 വോട്ടുകൾ ലഭിക്കേണ്ട മണ്ഡലത്തിൽ 50,052 വോട്ടുകളായത് എതിർ സ്ഥാനാർത്ഥിയുമായി ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഉന്നത നേതാവ് നടത്തിയ ഡീൽ ആണെന്നാണ് രഹസ്യ പരാതിയിൽ ആരോപിക്കുന്നതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഇതിനൊപ്പം നേമത്ത് കുമ്മനം രാജശേഖരന്റേയും തിരുവനന്തപുരത്ത് കൃഷ്ണകുമാറിന്റേയും തോൽവിയും അസ്വാഭാവികത കാണുകയാണ് മറുവിഭാഗം.

മുഖ്യമന്ത്രിയാവാതിരിക്കാൻ ഇ ശ്രീധരനെ തോൽപ്പിച്ചു! എന്ന തരത്തിലാണ് ചർച്ചകൾ. ശ്രീധരനാകും അടുത്ത മുഖ്യമന്ത്രിയെന്ന് കെ സുരേന്ദ്രൻ ഒരു ഘട്ടത്തിൽ പറഞ്ഞിരുന്നു. എന്നാൽ കേന്ദ്രമന്ത്രി വി മുരളീധരൻ ഇതിനെ എതിർക്കുകയും ചെയ്തു. എങ്ങാനും അധികാരം കിട്ടിയാലും ശ്രീധരൻ തോൽക്കണമെന്ന ചിന്തയുടെ പ്രതിഫലനമാണ് പാലക്കാട്ടെ തോൽവി എന്നാണ് വിലയിരുത്തൽ. തിരുവനന്തപുരത്ത് പ്രചരണത്തിനിടെ കൂടുതൽ ഷൈൻ ചെയ്യുന്നതു കണ്ട് നടൻ കൃഷ്ണകുമാറിന് പാരവച്ചു എന്നും വിമർശനമുണ്ട്. ഗ്രൂപ്പിന് വഴങ്ങാത്തതു കൊ്ണ്ട് കുമ്മനത്തേയും നേമത്തു തീർത്തു എന്നാണ് ആരോപണം,

ശ്രീധരന്റെ തോൽവിയിൽ ബിജെപി ദേശീയനേതൃത്വം നേരിട്ട് അന്വേഷണം തുടങ്ങി എന്നാണ് സൂചനകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നിർദ്ദേശത്തെത്തുടർന്നാണിത്. ശ്രീധരന് പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഉറച്ചവിജയമാണ് കേന്ദ്രനേതൃത്വം പ്രതീക്ഷിച്ചിരുന്നത്. സാമൂഹിക, സാമുദായിക സമവാക്യങ്ങളും ടെക്നോക്രാറ്റ് എന്ന നിലയിൽ ഇ. ശ്രീധരനുള്ള ജനപിന്തുണയും വോട്ടാകുമെന്നായിരുന്നു വിലയിരുത്തൽ. ഒരു പ്രധാന നേതാവ് പാലക്കാടെ കോൺഗ്രസ് സ്ഥാനാർത്ഥി ഷാഫി പറമ്പിലുമായി ഉണ്ടാക്കിയ ഡീൽ ആണ് ശ്രീധരനു തിരിച്ചടിയുണ്ടാക്കിയതെന്ന് ജില്ലയിലെ മുതിർന്ന നേതാക്കൾ ദേശീയനേതൃത്വത്തിനു പരാതി നൽകിയിരിക്കുന്നത്.

2016 ലും പാലക്കാട് മണ്ഡലത്തിലെ ബിജെപി വോട്ടുകൾ ഷാഫി പറമ്പിലിനു മറച്ചുനൽകിയെന്നും തിരിച്ചു മറ്റൊരിടത്ത് കോൺഗ്രസ് സഹായിച്ചുവെന്നും പരാതിവന്നിരുന്നു. അന്വേഷണത്തിൽ തെളിവ് ലഭിച്ചിട്ടും മുരളീധരപക്ഷത്തെ പ്രമുഖനായ നേതാവിനെതിരെ അന്ന് നടപടിയുണ്ടായില്ലെന്ന് കോർ കമ്മിറ്റി അംഗം പറയുന്നു. പാർട്ടിക്കു പുറത്തുനിന്നു വന്ന ഒരാൾ വിജയിക്കുകയും സുരേന്ദ്രനും കൃഷ്ണകുമാറും അടക്കമുള്ള നേതാക്കൾ പരാജയപ്പെടുകയും ചെയ്താൽ ഔദ്യോഗിക പക്ഷത്തിന്റെ രാഷ്ട്രീയ അന്ത്യമാകും അതെന്ന ചിന്തയാകാം ഇ. ശ്രീധരന്റെ തോൽവിക്കു പിന്നിലെന്ന് ഔദ്യോഗിക പക്ഷത്തോട് അടുപ്പമുള്ളവരടക്കം പറയുന്നു.

അതിനിടെ കുഴൽപ്പണത്തിലും കുരുക്ക് മുറുകുകയാണ്. കുഴൽപണ ഇടപാടിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അടക്കം നേതാക്കളുടെ പങ്ക് വ്യക്തമായതിലും സി.കെ. ജാനു ഉൾപ്പെടെ പലരേയും പാർട്ടിയിലും എൻ ഡി.എയിലും എത്തിച്ചതിനുള്ള സാമ്പത്തിക ഇടപാടുകളുടെ തെളിവ് പുറത്താവുകയും ചെയ്ത സാഹചര്യത്തിൽ എല്ലാ ഇടപാടുകളും സമഗ്രമായി അന്വേഷിക്കണമെന്ന് ജനതാദൾ എസ് ജില്ല പ്രസിഡന്റ് കെ. ലോഹ്യ ആവശ്യപ്പെട്ടു.

സി.കെ. ജാനുവിന് പത്ത് ലക്ഷം രൂപ നേരിട്ട് പണമായി കെ.സുരേന്ദ്രൻ തിരുവനന്തപുരത്തെ ഹോട്ടലിൽ കൈമാറിയതിനു തെളിവും ശബ്ദരേഖയും സി.കെ. ജാനു വിഭാഗത്തിന്റെ ട്രഷറർ പ്രസീത പുറത്തുവിട്ടിരിക്കയാണ്. എൽ.ഡി.എഫ് സർക്കാറിന്റെ വികസന പ്രവർത്തനം തടയാൻ പരാതികളുമായി കേന്ദ്ര ഏജൻസികളെ സമീപിച്ച യു.ഡി.എഫ് നേതാക്കൾ ഇപ്പോൾ ഒരക്ഷരം ഉരിയാടുന്നില്ല. കുഴൽപണ ഇടപാടു കേസ് സംബന്ധിച്ച ലീഗിന്റെ മൗനവും ശ്രദ്ധേയമാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.