കൊച്ചി: ബിജെപി അടിയന്തര കോർകമ്മറ്റിക്ക് പിന്നിൽ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ. പാർട്ടി നേരിടുന്ന പ്രതിസന്ധി ചർച്ച ചെയ്യാാണ് ബിജെപി കോർ കമ്മിറ്റി യോഗം ഇന്നു കൊച്ചിയിൽ ചേരുന്നത്. എല്ലാവരും നിർബന്ധമായി പങ്കെടുക്കണമെന്ന നിർദ്ദേശം കേന്ദ്ര നേതൃത്വം നൽകി കഴിഞ്ഞു. അതുകൊണ്ട് തന്നെ പികെ കൃഷ്ണദാസ് പക്ഷവും യോഗത്തിന് എത്തും. ഒ രാജഗോപാൽ എത്തുമോ എന്നതാണ് നിർണ്ണായകം. ശോഭാ സുരേന്ദ്രൻ കോർകമ്മറ്റിയിൽ അംഗമല്ല. കോർ കമ്മറ്റിയിൽ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി രാധാകൃഷ്ണൻ പങ്കെടുക്കും.

കൊടകര കുഴൽപണക്കേസിൽ പാർട്ടി എന്തു നിലപാട് സ്വീകരിക്കണമെന്ന് ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും. വിഷയത്തിൽ ഇനി മുതൽ ആരൊക്കെ പ്രതികരിക്കണമെന്നതും ഇന്നു തീരുമാനിച്ചേക്കും. കേസ് അന്വേഷിക്കുന്ന പൊലീസ് ഓഫിസർമാരുടെ ഉദ്ദേശ്യം ബിജെപിയെ അപകീർത്തിപ്പെടുത്തുകയാണെന്നും അതു തുറന്നുകാട്ടണമെന്നുമാണു നേതാക്കൾക്കിടയിലെ ധാരണ. ഈ പ്രതിസന്ധിയെ പാർട്ടി ഒറ്റക്കെട്ടായി നേരിടണമെന്നാണ് ഉയരുന്ന ആവശ്യം. തിരഞ്ഞെടുപ്പിനുശേഷം ബിജെപി.യുടെ കോർ കമ്മിറ്റി ഞായറാഴ്ച ചേരുമ്പോൾ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ രാജിസന്നദ്ധത അറിയിക്കുമെന്ന് ചില മുതിർന്ന നേതാക്കളെങ്കിലും പ്രതീക്ഷിക്കുന്നു. പികെ കൃഷ്ണദാസ് പക്ഷം ഇതുകൂടി പ്രതീക്ഷിച്ചാകും യോഗത്തിന് എത്തുക. എന്നാൽ രാജിവയ്ക്കില്ലെന്ന നിലപാടാണ് വി മുരളീധരപക്ഷം ഇപ്പോഴും നൽകുന്നത്.

പ്രതിസന്ധിയെ നേരിടാൻ കെ.സുരേന്ദ്രനും ഒപ്പം നിൽക്കുന്നവരും മാത്രമാണു രംഗത്തുള്ളത്. പി.കെ. കൃഷ്ണദാസും എം ടി. രമേശും എ.എൻ. രാധാകൃഷ്ണനുമടങ്ങുന്ന മറുചേരി മൗനത്തിലാണ്. ഇതിന് പരിഹാരമുണ്ടാക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം. നേതൃമാറ്റം വേണമെന്ന ആവശ്യം പികെ കൃഷ്ണദാസ് ഉയർത്തുന്നുമുണ്ട്. എന്നാൽ ഗ്രൂപ്പ് വൈര്യം ബിജെപിയെ നശിപ്പിക്കുമെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും അവർ പറയുന്നു. കുഴൽപണക്കേസിലുൾപ്പെടെ പാർട്ടി നേരിടുന്ന ആരോപണങ്ങളുടെ നിജസ്ഥിതി കോർ കമ്മിറ്റിയോഗത്തിൽ സുരേന്ദ്രൻ വിശദീകരിക്കുമെന്നാണ് സൂചന.

വിശദീകരണം തൃപ്തികരമല്ലെങ്കിൽ തുടർന്നു പാർട്ടി നടത്താനിരിക്കുന്ന വിശദീകരണ യോഗങ്ങളിൽനിന്നുൾപ്പെടെ വിട്ടുനിൽക്കാമെന്നും പ്രതിരോധം ഔദ്യോഗികപക്ഷം തനിച്ചു നടത്തിക്കോട്ടെ എന്നുമാണു എതിർചേരിയുടെ തീരുമാനം എന്നും സൂചനയുണ്ട്. എന്നാൽ ഇതിന് കേന്ദ്രത്തിന്റെ പിന്തുണ കിട്ടാൻ ഇടയില്ല. ബിജെപിയുടെ 109 മണ്ഡലങ്ങളിൽനിന്നുള്ള മുതിർന്ന നേതാക്കൾ നേതൃമാറ്റം ആവശ്യപ്പെട്ടു പരാതി നൽകിയിട്ടുണ്ടെന്നറിയുന്നു. ആരോപണങ്ങളുടെ ചെളിക്കുണ്ടിലായ പാർട്ടിയെ അതിൽനിന്ന് പൊക്കിയെടുക്കാൻ കെ. സുരേന്ദ്രന് ആവില്ലെന്ന് കൃഷ്ണദാസ്-ശോഭാ സുരേന്ദ്രൻ പക്ഷം ഉറച്ചുവിശ്വസിക്കുന്നു.

സംസ്ഥാന പ്രസിഡന്റ് രാജിവെക്കേണ്ട സാഹചര്യങ്ങളൊന്നും ഇപ്പോൾ ഇല്ലെന്നാണ് മുരളീധരവിഭാഗം കരുതുന്നത്. രാജിവച്ചാൽ അതൊരു കുറ്റസമ്മതമായി പ്രചരിപ്പിച്ചേക്കും. പാർട്ടിയിൽ പുനഃസംഘടന വേണമെന്ന് കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴുണ്ടായ ആരോപണങ്ങളെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്ന വിശദീകരണമാണ് അവർ നൽകുന്നത്. അങ്ങനെ എങ്കിൽ ഭാരവാഹികൾ എല്ലാം മാറും. തിരഞ്ഞെടുപ്പിനുശേഷം ഓൺലൈൻ യോഗങ്ങൾ ചേർന്നെങ്കിലും അതിലൊന്നും കാര്യമായി ചർച്ചചെയ്യാൻ സാധിച്ചിട്ടില്ല.

ഡൽഹിയിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ ദേശീയ യോഗം നടക്കുകയാണ്. കേരളത്തിലെ സംഭവങ്ങളും യോഗത്തിൽ ചർച്ചയാവും. ഇവിടത്തെ ദയനീയമായ തോൽവിയും പിന്നീടുണ്ടായ വിവാദങ്ങളും കേന്ദ്രം ഗൗരവത്തോടെ തന്നെയാണ് കാണുന്നത്. കേരളത്തിലെ ആർ.എസ്.എസ്. നേതൃത്വത്തിന്റെ അതൃപ്തിപോലും അവഗണിച്ചുകൊണ്ടാണ് കേന്ദ്രം സംസ്ഥാന പ്രസിഡന്റായി കെ. സുരേന്ദ്രനെ കൊണ്ടുവന്നത്.