തൃശൂർ: കുഴൽപണ കേസ് കത്തിനിൽക്കുന്നതിനിടെ ബിജെപി തൃശൂരിൽ ബിജെപിയെ വെട്ടിലാക്കി മറ്റൊരു വിവാദവും. മാധ്യമം പത്രമാണ് വാർത്ത പുറത്തു വിടുന്നത്. തൃശൂരിൽ ബിജെപിയുടെ സംസ്ഥാന നേതാവിന് തൃശൂരിൽ മർദനം എന്നാണ് വാർത്ത.

ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യവും പാലക്കാട് ജില്ലക്കാരനുമായ നേതാവിനാണ് ബിജെപി പ്രവർത്തകരുടെ തന്നെ മർദനമേറ്റത്. വനിത പ്രാദേശിക നേതാവുമായുള്ള ഇയാളുടെ ബന്ധമാണ് അടിയിൽ കലാശിച്ചതെന്ന് സൂചനയുണ്ട്. എന്നാൽ, ഇരുകൂട്ടർക്കും പരാതിയൊന്നുമില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ലെന്നും മാധ്യമം വാർത്തയിൽ വിശദീകരിക്കുന്നു.

തൃശൂർ വെസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ ഇദ്ദേഹം താമസിക്കുന്ന സ്ഥലത്തെത്തിയായിരുന്നു മർദനം. ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ നേതാവ് വാതിൽ അടക്കാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകരിലൊരാളുടെ വിരൽ കുടുങ്ങി പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. തൃശൂരിലെത്തിയ നേതാവുമായി പ്രവർത്തകർ തർക്കത്തിലേർപ്പെട്ട ശേഷമാണ് മർദനമെന്ന് പറയുന്നുവെന്നാണ് വാർത്ത.

തൃശൂരിൽ ഏറെക്കാലമായി ക്യാമ്പ് ചെയ്തിരുന്ന ഈ നേതാവ് തെരഞ്ഞെടുപ്പ് കാലത്താണ് മടങ്ങിയത്. ഇദ്ദേഹം തൃശൂരിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനെതിരെ പാർട്ടി നേതൃത്വത്തിന് ജില്ല നേതൃത്വം തന്നെ പരാതി നൽകിയിരുന്നു. നേരത്തേ കുഴൽപണ വിവാദത്തിൽ വാടാനപ്പള്ളിയിലും പ്രവർത്തകർ ചേരിതിരിഞ്ഞുള്ള സംഘർഷം കത്തിക്കുത്തിൽ എത്തിയിരുന്നു. ജില്ലയിലെ പ്രവർത്തകർ നേതൃത്വത്തിനെതിരെ കടുത്ത രോഷത്തിലാണാണെന്നും മാധ്യമം പറയുന്നു.

ഇതേ കുറിച്ച് തെറ്റായ വാർത്ത എന്നാണ് ബിജെപി നേതാക്കൾ മറുനാടനോട് പ്രതികരിക്കുന്നത്. എന്നാൽ ചിലത് സംഭവിച്ചിട്ടുണ്ടെന്ന് മറ്റ് ചിലരും പറയുന്നു. മർദ്ദനത്തിന്റെ വീഡിയോ ഒന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഇത് സ്ഥിരീകരിക്കുവാൻ വേണ്ടി പ്രാദേശിക നേതാക്കളുമായി ബന്ധപ്പെടുന്ന ബിജെപിക്കാരുമുണ്ട്. ഇവർക്കും ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകുന്നില്ലെന്നതാണ് വസ്തുത.

കൊടകരയിലും മഞ്ചേശ്വരത്തെ സുന്ദരയുടെ വെളിപ്പെടുത്തലിലും ബിജെപി പ്രതിരോധത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്താത്ത നേതാക്കൾക്കെതിരെ ബിജെപി നേതൃത്വത്തിലും അതൃപ്തിയുണ്ട്. ഇതിനിടെയാണ് മർദ്ദന വാർത്ത പത്രത്തിൽ എത്തുന്നതും.