ന്യൂഡൽഹി: കേരളത്തിലെ ബിജെപിയുടെ തിരഞ്ഞെടുപ്പു പരാജയത്തിൽ ഇ.ശ്രീധരൻ, ജേക്കബ് തോമസ്, സി.വി. ആനന്ദബോസ് എന്നിവർ കേന്ദ്രനേതൃത്വത്തിനു നൽകിയത് വെവ്വേറെ റിപ്പോർട്ട്. ഇതു പരിശോധിച്ച ശേഷമാണ് മൂ്ന്നു പേരോടും കൂടുതൽ പരിശോധനകൾ നടത്താൻ ആവശ്യപ്പെട്ടത്. ഇത് കൂടി പരിശോധിച്ചാകും ബിജെപിയിലെ പുനഃസംഘടന.

തോൽവി സംബന്ധിച്ച് കേന്ദ്രനിർദേശ പ്രകാരം ഇ.ശ്രീധരൻ, ജേക്കബ് തോമസ്, സി.വി. ആനന്ദബോസ് എന്നിവർ കേന്ദ്രനേതൃത്വത്തിനു റിപ്പോർട്ട് നൽകിയിരുന്നു. കേരളത്തിലെ പാർട്ടി പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾക്കാണ് മൂന്നു പേരും നൽകിയ ആദ്യ റിപ്പോർട്ടിലുള്ളത്. തിരഞ്ഞെടുപ്പു പരാജയത്തിനു ശേഷം കാരണങ്ങൾ വിലയിരുത്താനും നിർദേശങ്ങൾക്കുമായി, നേരത്തേ ഔദ്യോഗിക മേഖലയിൽ മികവു പുലർത്തിയ മൂവരെയും പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ചുമതലപ്പെടുത്തുകയായിരുന്നു. വിഭാഗീയത ബിജെപിക്ക് വലിയ തിരിച്ചടിയാകുമെന്ന നിരീക്ഷണമാണ് സിവി ആനന്ദബോസ് നൽകുന്നത്.

കഴിഞ്ഞ ദിവസം നടന്ന പാർട്ടി ജനറൽ സെക്രട്ടറിമാരുടെയും മോർച്ച അധ്യക്ഷന്മാരുടെയും യോഗത്തിനു മുൻപു തന്നെ 3 റിപ്പോർട്ടുകളും നൽകിയതായാണ് സൂചന. പാർട്ടിയെ ന്യൂനപക്ഷങ്ങളുമായി കൂടുതൽ അടുപ്പിക്കാനും അവരുടെ പേടി മാറ്റാനുമുള്ള നിർദേശങ്ങൾ റിപ്പോർട്ടുകളിലുണ്ടെന്നറിയുന്നു. തിരഞ്ഞെടുപ്പു ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങളും പരാമർശിച്ചിട്ടുണ്ട്. ഇനി ഇവർ മൂന്നു പേരും ചേർന്ന് വിശദമായി കാര്യങ്ങൾ പരിശോധിക്കും. അതിന് ശേഷം ബിജെപി സംസ്ഥാന പുനഃസംഘടനയിൽ തീരുമാനം വരും.

ഇതിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട വമ്പൻ പരാജയത്തെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ രാജ്യസഭാ എംപി. സുരേഷ് ഗോപിക്കും ബിജെപി. കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശം കിട്ടി കഴിഞ്ഞു. സുരേഷ് ഗോപിയുടെ റിപ്പോർട്ട് നിലവിലെ അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർക്ക് ഏറെ നിർണായകമാണ്. സംസ്ഥാന നേതൃത്വത്തെ കുറ്റപ്പെടുത്തുന്ന റിപ്പോർട്ടാണ് സുരേഷ് ഗോപി നൽകുന്നതെങ്കിൽ സുരേന്ദ്രൻ പക്ഷം മറുപടി നൽകേണ്ടി വരും. കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന കാര്യങ്ങളും സുരേന്ദ്രന് വെല്ലുവിളിയാണ്. സുരേഷ് ഗോപിയെ ബിജെപിയുടെ ഭാവി അധ്യക്ഷനായി ഉയർത്തിക്കാട്ടുന്നവരും ഉണ്ട്.

ക്രിസ്ത്യൻ സമുദായത്തെ കൂടുതൽ ചേർത്തു നിർത്താനുള്ള നിർദേശമാണ് ഇ ശ്രീധരനും ജേക്കബ് തോമസും മുമ്പോട്ട് വയ്ക്കുന്നത്. ഇത് പ്രധാനമന്ത്രി മോദി സമ്മതിക്കുന്നുമുണ്ട്. കേരളത്തിലെ പാർട്ടിക്കുള്ളിലെ ഗ്രൂപ്പുകളുമായി ബന്ധമില്ലാത്തതിനാൽകൂടിയാണ് നിഷ്പക്ഷ വിലയിരുത്തലിനായി ഇവരെ ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയതെന്നറിയുന്നു. അതിൽ നിന്നുള്ള കാര്യങ്ങൾ പഠിച്ച് നടപടികളെടുക്കാനാണ് സാധ്യത. അതിനിടെ കെ. സുരേന്ദ്രൻ വിരുദ്ധ വിഭാഗം പ്രധാനമന്ത്രിക്കു കത്തെഴുതിയതായും അറിയുന്നു. തിരഞ്ഞെടുപ്പു ഫണ്ട് വിവാദത്തിന്റെ കണക്കുകളും ഇതിലുള്ളതായി സൂചനയുണ്ട്.

നിലവിലെ സാഹചര്യത്തിൽ കേന്ദ്രനേതൃത്വം ഇടപെട്ടു സംസ്ഥാന നേതൃത്വത്തെ മാറ്റുന്നത് പാർട്ടിയുടെ പ്രതിഛായയെ ദോഷകരമായി ബാധിക്കുമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തൽ. നേതൃത്വം ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനമൊഴിയുന്നതിന്റെ സാധ്യതകളും പരിശോധിക്കുന്നുണ്ട്.