തിരുവനന്തപുരം: മഹാത്മാ അയ്യങ്കാളിയുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുന്നതിൽ മാറി മാറി കേരളം ഭരിച്ചവർ പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

പട്ടികജാതി-പട്ടികവർഗ വിഭാഗക്കാരുടെ സാമൂഹിക ഉന്നതിക്ക് വേണ്ടിയായിരുന്നു അദ്ദേഹം പോരാടിയത്. കേരള സംസ്ഥാനം രൂപീകരിച്ച് ആറര പതിറ്റാണ്ട് കഴിഞ്ഞിട്ടും സാമൂഹ്യനീതി ഉറപ്പ് വരുത്താൻ ഇടതു-വലത് സർക്കാരുകൾക്ക് കഴിഞ്ഞില്ല. പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്ക് ലഭിക്കേണ്ട ആനുകൂല്ല്യങ്ങൾ അവരിലെത്തിക്കാൻ സാധിക്കാത്തത് പൊറുക്കാനാവാത്ത തെറ്റാണ്. ഇന്നും ഈ വിഭാഗക്കത്തിന്റെ പിന്നാക്ക അവസ്ഥയ്ക്ക് കാരണം സർക്കാർ സംവിധാനത്തിന്റെ പിഴവാണ്. കൊട്ടിഘോഷിച്ച സർക്കാരിന്റെ ഡിജിറ്റൽ വിദ്യാഭ്യാഭ്യാസ പ്രക്രിയയിൽ നിന്നും ലക്ഷക്കണക്കിന് പട്ടിക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളാണ് പുറത്ത് നിൽക്കുന്നത്. അവർക്ക് വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചിരിക്കുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

അയ്യങ്കാളി സമാധി ദിനത്തിൽ ബിജെപി സംസ്ഥാന കാര്യാലയത്തിൽ അയ്യങ്കാളിയുടെ ഛായാചിത്രത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പുഷ്പാർച്ച നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, സംസ്ഥാന സെക്രട്ടറി കരമന ജയൻ, പട്ടികജാതി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സ്വപ്നജിത്ത്, സംസ്ഥാന വൈസ്പ്രസിഡന്റ് സന്ദീപ്കുമാർ, ജില്ലാ പ്രസിഡന്റ് വിളപ്പിൽ സന്തോഷ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.