കണ്ണൂർ: സി.കെ.ജാനുവിന് കോഴ നൽകിയെന്ന ആരോപണത്തിൽ ഫോൺ സംഭാഷണത്തിന്റെ അടുത്ത ശബ്ദരേഖ പുറത്തുവിട്ട് ജെ.ആർ.പി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്. ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേശുമായി സംസാരിച്ചതിന്റെ ഫോൺ റെക്കോർഡാണ് പ്രസീത പുറത്തുവിട്ടത്.

സുരേന്ദ്രൻ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും ജാനുവിന്റെ കാര്യത്തിന് വേണ്ടിയാണെന്നും പ്രസീത പറയുന്നുണ്ട്. വേണ്ട വിധത്തിൽ അക്കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടെന്നും സുരേഷ് എന്നായാളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഗണേശ് ഫോൺ സംഭാഷണത്തിൽ പറയുന്നു. ജാനു തന്നെ വിളിച്ചിരുന്നു. സുരേഷുമായി അവർ സംസാരിച്ച് പരസ്പരം ധാരണയിലെത്തിയിട്ടുണ്ടെന്നടക്കം ഗണേശ് സംഭാഷണത്തിൽ പറയുന്നതായി കേൾക്കാം.

സി.കെ.ജാനുവിന് കോഴ നൽകിയതുമായി ബന്ധപ്പെട്ട് നേരത്തെ പ്രസീത ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനുമായുള്ള ഫോൺ സംഭാഷണവും പുറത്തുവിട്ടിരുന്നു. ജാനുവിന് 25 ലക്ഷം രൂപ നൽകാൻ ഗണേശിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു ഈ സംഭാഷണത്തിൽ സുരേന്ദ്രൻ പറഞ്ഞിരുന്നത്.