കൽപ്പറ്റ: യുവമോർച്ച വയനാട് ജില്ലാ പ്രസിഡന്റ് ദീപു പുത്തൻപുരയിലിനെ പുറത്താക്കിയതിനെ തുടർന്ന് യുവമോർച്ചയിൽ കൂട്ടരാജി. ബത്തേരി, കൽപ്പറ്റ മണ്ഡലം കമ്മിറ്റികൾ രാജിവെച്ചു. ഏഴ് പഞ്ചായത്ത് കമ്മിറ്റികളും രാജിവെച്ചു. തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപിച്ചാണ് ദീപുവിനേയും ലലിത് കുമാറിനേയും പുറത്താക്കിയത്. സികെ ജാനുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സുരേന്ദ്രൻ കോഴ നൽകിയെന്ന വിവാദത്തിന് പിന്നാലെയാണ് നടപടി.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നിർദ്ദേശത്തെ തുടർന്നാണ് യുവമോർച്ച ജില്ലാ അധ്യക്ഷൻ ദീപുവിനെയും ബത്തേരി മണ്ഡലം പ്രസിഡണ്ട് ലലിത് കുമാറിനെയും പുറത്താക്കിയത്. ഇതിൽ പ്രതിഷേധിച്ചാണ് കൂട്ടരാജി സി കെ ജാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുമതലയിലുണ്ടായിരുന്ന ആളാണ് ആണ് ദീപു പുത്തൻപുര. പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിന്റെ സാമ്പത്തിക ഇടപാടുകളെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ദീപു ചോദ്യം ചെയ്തിരുന്നു.

ആർത്തിമൂത്ത് അധികാര കേന്ദ്രങ്ങൾക്ക് മുന്നിൽ സാഷ്ടാംഗ പ്രണാമം ചെയ്തവരോട് ഞങ്ങൾ ഇന്ന് തോറ്റിരിക്കുന്നുവെന്ന് ദീപു പുത്തൻപുര ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചു. താൻ അടക്കമുള്ള യുവമോർച്ച നേതാക്കളെ പുറത്താക്കിയത് ഏകപക്ഷീയമായ രീതിയിൽ എന്ന് ലളിത് കുമാർ പ്രതികരിച്ചു. സി കെ ജാനുവിന്റെ പ്രചരണത്തിന് ഗുണം കിട്ടുന്ന രീതിയിൽ നേതാക്കൾ പ്രവർത്തിച്ചില്ല.

പ്രകടന പത്രിക പോലും തയ്യാറാക്കാൻ നേതാക്കൾ തുനിഞ്ഞില്ല. സാമ്പത്തിക ഇടപാടുകളെ കുറിച്ച് ചോദ്യം ചെയ്തിരുന്നു എന്നും ലളിത് കുമാർ പറഞ്ഞു.