കണ്ണൂർ: സ്വർണ്ണ കള്ളക്കടത്ത് ക്വട്ടേഷൻ സംഘം സിപിഎമ്മിന്റെ പോഷക സംഘടനയായി മാറിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. സ്വർണ കള്ളക്കടത്ത് സംഘത്തിനെതിരെ യുവമോർച്ച കണ്ണുർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കലക്ടറേറ്റിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിമാനതാവളങ്ങൾ കേന്ദ്രീകരിച്ചാണ് ഈ ക്വട്ടേഷൻ സം ഘം പ്രവർത്തിക്കുന്നത് ഇതിന് സിപിഎം നേതാക്കളാണ് ഒത്താശ ചെയ്യുന്നത്.

ഇവർ സ്വർണ കള്ളക്കടത്ത് നടത്തുന്നതിലെ ഒരു വിഹിതം പാർട്ടിക്കുള്ളതാണെന്ന് വ്യക്തമായിരിക്കുകയാണ്. കൊള്ള മുതൽ പങ്കുവയ്ക്കുന്ന തർക്കമാണ് ഇപ്പോൾ സിപിഎമ്മിൽ നടക്കുന്നത്. പി. ജയരാജൻ നേതൃത്വം നൽകുന്ന പാർട്ടിയെ വെല്ലുവിളിക്കുന്ന ഗുണ്ടാസംഘവും എം.വി ജയരാജൻ നേതൃത്വം നൽകുന്ന സിപിഎം ഔദ്യോഗിക വിഭാഗവുമായാണ് ഇപ്പോൾ തർക്കം നടക്കുന്നത്. ഇതിന്റെ ഭാഗമായുള്ള തർക്കങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

സ്വർണക്കടത്ത് - ക്വട്ടേഷൻ സംഘങ്ങളുടെ പ്രവർത്തനം സിപിഎമ്മിന് നേരത്തെ അറിയാമെന്നത് വ്യക്തമാണ്. രണ്ടു മാസം മുൻപ് പണം നഷ്ടപ്പെട്ട കൊടുവള്ളിയിലെ സംഘം സിപിഎം ഓഫിസിൽ വെച്ചു എം.വി ജയരാജനെ വന്നു കണ്ടു പരാതി പറഞ്ഞതിന്റെ തെളിവുകൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. സി. പി.എമ്മിന്റെ ഉന്നത നേതാവായിട്ടും എന്തുകൊണ്ട് ജയരാജൻ ഈക്കാര്യം പൊലിസിൽ അറിയിച്ചില്ലെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.

ഇപ്പോൾ സ്വർണക്കടത്ത് കേസിൽ പിടിയിലായ അർജുൻ ആയങ്കിയും കൂട്ടരും പി.ജയരാജൻ നേതൃത്വം നൽകുന്ന ഗുണ്ടാസംഘത്തിൽപ്പെടുന്നവരാണ്.ടി.പി വധ കേസിലെ പ്രതി കൊടി സുനിയുമായി ഇവർക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്.ടി.പി വധക്കേസിൽ പ്രതിയായ കൊടി സുനിയെ സംരക്ഷിക്കുന്നത് സിപിഎം നേതൃത്വമാണ്. കണ്ണൂർ -കാസർകോട് ജില്ലാ നേതൃത്വമറിഞ്ഞു കൊണ്ടാണ് ചന്ദ്രശേഖരനെ വധിച്ചത്. ഇതു നടക്കണമെങ്കിൽ സംസ്ഥാന നേതൃത്വത്തിന്റെ അറിവുണ്ടാകണം.

അന്വേഷണം സിപിഎം ഉന്നതരിലെക്കെത്തിയപ്പോൾ കോൺഗ്രസ് സർക്കാർ കേസ് അട്ടിമറിക്കുകയായിരുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. സ്വർണക്കടത്ത് കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത് കേസ് അട്ടിമറിക്കാനാണ്. കസ്റ്റംസും ഇ ഡി യും അന്വേഷിക്കേണ്ട കേസുകൾ അന്വേഷിക്കാനുള്ള അവകാശം ക്രൈംബ്രാഞ്ചിനില്ല. സ്വർണക്കടത്ത് കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ച് കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

പരിപാടിയിൽ യുവമോർച്ച ജില്ലാ പ്രസിഡന്റ് അരുൺ കൈതപ്രം അധ്യക്ഷനായി.ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് ,സംസ്ഥാന ജനറൽ സെക്രട്ടറി കെ.രഞ്ചിത്ത്, നേതാക്കളായ ബിജു ഏളക്കുഴി, കെ.കെ വിനോദ് കുമാർ തുടങ്ങിയവർ പ്രാസംഗിച്ചു.