- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സംഘടനയിൽ പൊളിച്ചെഴുത്ത് ആവശ്യമെന്ന് മുതിർന്ന നേതാക്കൾ; രാജഗോപാലിന്റെ നേതൃത്വത്തിൽ പുതിയ കൂട്ടായ്മ; സികെ പത്മനാഭനും രാമൻപിള്ളയും പിപി മുകുന്ദനും ഇനി ഒറ്റക്കെട്ട്; ബിജെപിയിൽ തിരുത്തലിന് രാജഗോപാലും ഗ്രൂപ്പും

തിരുവനന്തപുരം : ബിജെപി.യിൽ വീണ്ടും രാജഗോപാൽ ഗ്രൂപ്പ്. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരേ മുതിർന്ന നേതാക്കളുടെ കൂട്ടായ്മ രൂപപ്പെടുമ്പോൾ അതിന് മുന്നിൽ നിൽക്കുന്നത് മുൻ എംഎൽഎയും മുൻ കേന്ദ്ര മന്ത്രിയുമായ കൂടിയായ ഒ രാജഗോപാൽ ആണെന്നാണ് സൂചന. തിരുത്തൽ ശക്തിയായി മാറാനാണ് ഇവരുടെ നീക്കം. സംസ്ഥാനത്തെ പാർട്ടി പ്രവർത്തകരുടെ വികാരം കേന്ദ്രനേതൃത്വത്തെ അറിയിക്കാൻ പലതട്ടിൽനിന്ന് പരാതികളയയ്ക്കാനാണ് ഈ കൂട്ടായ്മയുടെ തീരുമാനം.
സംഘടനയിൽ പൊളിച്ചെഴുത്തി ആവശ്യമാണെന്നാണ് ഇവരുടെ നിലപാട്. രാജഗോപാൽ, മുൻ സംസ്ഥാന പ്രസിഡന്റുമാരായ സി.കെ.പത്മനാഭൻ, കെ.രാമൻ പിള്ള, പി.പി.മുകുന്ദൻ തുടങ്ങിയ നേതാക്കളാണ് സംഘടനാതല അഴിച്ചുപണി ആവശ്യപ്പെടുന്നത്. മുമ്പ് മുകുന്ദനും ഈ കൂട്ടായ്മയിലെ മറ്റുള്ളവരും എതിർ ചേരിയിലായിരുന്നു. എന്നാൽ മാറിയ സാഹചര്യത്തിൽ ഈ മുതിർന്ന നേതാക്കൾ ഒരുമിക്കുകയാണ്. ശോഭാ സുരേന്ദ്രനും ഈ ഗ്രൂപ്പിനൊപ്പമാണ്.
കെ സുരേന്ദ്രനും വി മുരളീധരനും അടങ്ങിയ മുരളീ പക്ഷവും പികെ കൃഷ്ണദാസ് പക്ഷവുമാണ് നിലവിൽ ബിജെപിയിൽ സ്വാധീന ശക്തിയായി നിൽക്കുന്നത്. ഇതിൽ പിപി മുകന്ദനൊപ്പം നിന്നവരാണ് ഇപ്പോഴത്തെ കൃഷ്ണദാസ് പക്ഷം. ഇതിന് രണ്ടിനും ബദലായാണ് പുതിയ കൂട്ടായ്മ. സുരേന്ദ്രനെതിരായി ഇവർ നിലയുറപ്പിക്കുന്നതിനാൽ തൽകാലം കൃഷ്ണദാസ് പക്ഷത്തിന്റെ സഹകരണവും ഉറപ്പാക്കും.
സമാനമനസ്‌കരെയും അസംതൃപ്തരെയും നേരിട്ടുകാണാനായി ഒരു മുതിർന്ന നേതാവ് യാത്ര തുടങ്ങുകയും ചെയ്തു. പി.കെ.കൃഷ്ണദാസ് പക്ഷം നേരിട്ട് കൂട്ടായ്മയിൽ സഹകരിക്കുന്നില്ലെന്നാണ് സൂചന. എന്നാൽ സുരേന്ദ്രനെ മാറ്റാനുള്ള നീക്കത്തിന് പരോക്ഷ പിന്തുണ നൽകുകയും ചെയ്യും.
നേരത്തേ എതിർചേരികളിൽനിന്നവരടക്കം കൂട്ടായ്മയ്‌ക്കൊപ്പമുണ്ട്. വിവിധ ജില്ലകളിലെ മുതിർന്ന നേതാക്കളും രാജഗോപാൽ ഗ്രൂപ്പിനൊപ്പമാണ്. സംസ്ഥാനതലത്തിൽ യോഗംചേരാൻ തീരുമാനിച്ചെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ മാറ്റുകയായിരുന്നു. വിവിധ ജില്ലകളിൽ ഉടൻ കൂട്ടായ്മകൾ വിളിച്ചുചേർക്കാനാണ് പരിപാടി. സുരേന്ദ്രനും കേന്ദ്രമന്ത്രി വി.മുരളീധരനുമെതിരേ അഭിപ്രായ ഐക്യമുണ്ടാക്കുകയാണ് ലക്ഷ്യം.
നേതൃനിരയിൽ അഴിച്ചുപണിയുണ്ടായില്ലെങ്കിൽ കേരളത്തിൽ പാർട്ടി വലിയ പ്രതിസന്ധിയിലേക്ക് പോകുമെന്ന് ഈ കൂട്ടായ്മ പറയുന്നു. താഴേത്തട്ടിൽ സംഘടനാപ്രവർത്തനം നടക്കുന്നില്ല. സാധാരണ പ്രവർത്തകരെല്ലാം നിരാശരാണ്. പ്രവർത്തകർ കൊഴിഞ്ഞുപോകുന്നതായും മുതിർന്ന നേതാക്കൾ പറയുന്നു.
തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണംതേടി നിയോജകമണ്ഡലങ്ങളിലെത്തിയ നേതാക്കൾക്കുമുന്നിൽ സംസ്ഥാന നേതൃത്വത്തിനെതിരേ പികെ കൃഷ്ണദാസ് പക്ഷവും കടുത്ത നിലപാടെടുത്തു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നേതൃത്വത്തിനെതിരേ രൂക്ഷവിമർശനമാണുണ്ടായത്.
കൊടകര പണമിടപാട് പാർട്ടിയുടെ മുഖം നഷ്ടമാക്കിയെന്നും പരാതിയുയർന്നു. കെ.സുരേന്ദ്രൻ മത്സരിച്ച കോന്നി മണ്ഡലത്തിൽനിന്നുപോലും അദ്ദേഹത്തിനെതിരേ വിമർശനമുണ്ടായി എന്നാണ് റിപ്പോർട്ട്.


