തിരുവനന്തപുരം: ബിജെപിയിൽ നേതൃമാറ്റത്തിന്റെ സാധ്യതകൾ ചർച്ചയാക്കി നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ കുറിച്ച് പഠിച്ച സംഘത്തിന്റെ റിപ്പോർട്ട്. 14 ജില്ലകളിൽ യാത്ര ചെയ്തു 4 ദിവസം വീതം താമസിച്ചാണ് 5 സംഘങ്ങൾ റിപ്പോർട്ട് തയാറാക്കിയത്. വലിയ വീഴ്ചകൾ തെരഞ്ഞെടുപ്പ് കാലത്ത് സംഭവിച്ചുവെന്നാണ് നിഗമനം.

സംസ്ഥാന നേതാക്കളുടെ പ്രകടനം, പ്രവർത്തന രീതി എന്നിവ സംബന്ധിച്ചു പ്രവർത്തകരിലും താഴെത്തട്ടിലെ നേതാക്കളിലും കടുത്ത അതൃപ്തിയുണ്ടെന്നാണ് സംഘത്തിന്റെ റിപ്പോർട്ട്. സംഘടനാ കാര്യക്ഷമതയിൽ വലിയ ഇടിവുണ്ടായെന്നും കണ്ടെത്തി. ആർ എസ് എസ് പ്രചാരകൻ കൂടിയായ ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ഗണേശിന് തിരിച്ചടിയാണ് കണ്ടെത്തുലകൾ. ജനറൽ സെക്രട്ടറി തീർത്തും പരാജയമായിരുന്നുവെന്നാണ് വിലയിരുത്തൽ.

ഈ റിപ്പോർട്ടുകൾ അടുത്തയാഴ്ച ബിജെപി കോർ കമ്മിറ്റിയോഗം ചർച്ച ചെയ്യും. കോർ കമ്മിറ്റി ഈ റിപ്പോർട്ട് ചർച്ച ചെയ്യുന്നത് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സിപി.രാധാകൃഷ്ണന്റെ സാന്നിധ്യത്തിലാകും. പികെ കൃഷ്ണദാസ് പക്ഷവും ഒ രാജഗോപാലും ഈ ചർച്ചയിൽ എടുക്കുന്ന നിലപാട് നിർണ്ണായകമാകും. അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുരേന്ദ്രൻ മാറണമെന്ന് ഇവർ ആവശ്യപ്പെട്ടേക്കും. എന്നാൽ ആർ എസ് എസ് നോമിനിയായ ഗണേശിനെതിരെ പരസ്യ നിലപാട് എടുക്കുകയും ഇല്ല.

പ്രവർത്തകർക്ക് തിരഞ്ഞെടുപ്പു തോൽവി മറികടക്കാവുന്നതേയുള്ളൂ. എന്നാൽ തോൽവിക്കുശേഷമുണ്ടായ കൊടകര കുഴൽപണക്കേസ് പാർട്ടിയെ നാണം കെടുത്തിയെന്നും എല്ലാ ജില്ലയിലെയും പ്രവർത്തകർ അറിയിച്ചു. ഏത് മണ്ടനാണ് പൊലീസിന് കേസു കൊടുക്കാനുള്ള തീരുമാനം എടുത്തതെന്ന ചോദ്യവും ഉയർന്നു. ഇതാണ് കൊടകര കേസിനെ വലിയ പ്രതിസന്ധിയാക്കി മാറ്റിയതെന്നും ചിലർ അഭിപ്രായപ്പെട്ടു.

നേതൃത്വത്തിന്റെ പിടിപ്പുകേടും ചില നേതാക്കളുടെ മൗനവും പ്രവർത്തകരുടെ അന്തസ്സ് ചോദ്യം ചെയ്യപ്പെടുന്നതിനു തുല്യമാണമെന്ന വികാരവും പ്രവർത്തകർ ഉയർത്തിയിട്ടുണ്ട്. എല്ലാം തുറന്നുപറയാൻ അവസരമൊരുക്കി പഞ്ചായത്തു തലത്തിലും മണ്ഡലം തലത്തിലും നേതാക്കൾ ഓരോരുത്തരായി അഭിപ്രായം പറയാനായിരുന്നു നിർദ്ദേശം.

അതിനുശേഷം ജില്ലാ തലത്തിലും, ജില്ലാ കോർ കമ്മിറ്റിയംഗങ്ങളുടെയും അഭിപ്രായവും കേട്ട ശേഷമാണ് കേന്ദ്ര നേതൃത്വം നിയോഗിച്ച സംഘം വിലയിരുത്തലിലേക്ക് എത്തുന്നത്. കാര്യക്ഷമത കുറഞ്ഞത് മുകൾത്തട്ടു മുതൽ താഴെത്തട്ടു വരെ സംഘടനയെ ബാധിച്ചു. പൊതു പ്രശ്‌നങ്ങളിൽ താഴെത്തട്ടിലെ നേതാക്കൾ ഇടപെടുന്നില്ല. അതിന് പ്രവർത്തകരെ പ്രേരിപ്പിക്കുന്നുമില്ലെന്നും കുറ്റപ്പെടുത്തിലുണ്ട്.

ആർഎസ്എസ് ഇടപെട്ടതുകൊണ്ടാണ് ഇത്രയെങ്കിലും വോട്ട് ലഭിക്കാനായത്. ദേശീയ നേതാവായ ബാലശങ്കർ, ബിജെപിയും സിപിഎമ്മുമായി രഹസ്യ ധാരണയുണ്ടെന്നുവരെ പരസ്യമായി നടത്തിയ പരാമർശങ്ങൾ ബിജെപിയെ തുടക്കത്തിലേ പ്രതിരോധത്തിലാക്കി. ഇത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.