- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുരേന്ദ്രൻ അടിമുടി പരാജയമായി; ആർ എസ് എസിന് നൽകിയ വാക്കുൾ പാലിക്കാനുമായില്ല; ഉള്ള അക്കൗണ്ടും ക്ലോസായതോടെ ഇനി എല്ലാം ഒറ്റയ്ക്ക് തീരുമാനിക്കാൻ അമിത് ഷാ; സംസ്ഥാന നേതൃത്വത്തെ അപ്പാടെ മാറ്റും; സുരേഷ് ഗോപിയും ജേക്കബ് തോമസും ചുമതലകളിൽ എത്താൻ സാധ്യത; കേരളത്തിലെ ബിജെപിയിൽ മുഖം മാറ്റം ഉടൻ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് കെ സുരേന്ദ്രൻ മാറ്റും. തെരഞ്ഞെടുപ്പു തോൽവിയുമായി ബന്ധപ്പെട്ട പാർട്ടി അന്വേഷണ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ഇത്. ബിജെപിയുടെ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയായ എം ഗണേശിനും മാറ്റം ഉണ്ടാകും. അടിമുടി പൊളിച്ചെഴുത്ത് ബിജെപിയിൽ ഉണ്ടാകുമെന്ന സൂചനയാണ് പുറത്തു വരുന്നത്. നിലവിലെ നേതാക്കൾക്ക് അപ്പുറത്ത് നിന്ന് ഒരാൾ ബിജെപിയെ നയിക്കാൻ എത്തുമെന്നാണ് സൂചന. കേരളത്തിലെ ആർ എസ് എസിനേയും തീരുമാനം എടുക്കുന്നതിൽ നിന്ന് അകറ്റി നിർത്താനാണ് അമിത് ഷായുടെ തീരുമാനം.
നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിൽ ജയം ഉറപ്പെന്നാണ് ആർഎസ്എസ് പറഞ്ഞിരുന്നത്. നേമത്തും പാലക്കാട്ടും മഞ്ചേശ്വരത്തും താമര വിരിയുമെന്ന് ഉറപ്പു നൽകി. എന്നാൽ ഇത് നടന്നില്ലെന്ന് മാത്രമല്ല അക്കൗണ്ട് പൂട്ടുകയും ചെയ്തു. ഫണ്ട് വിവാദത്തിലേയും മറ്റും പ്രശ്‌നങ്ങളും അമിത് ഷായെയ പ്രകോപിതനാക്കി. ഈ സാഹചര്യത്തിൽ കേരളത്തിലെ ആർ എസ് എസിനെ മുഖവിലയ്‌ക്കെടുക്കാതെയുള്ള തീരുമാനം ബിജെപി കേന്ദ്ര കമ്മറ്റി എടുത്തേക്കും. പുതിയ സംസ്ഥാന അധ്യക്ഷൻ ആരെന്നത് ഉടൻ നിശ്ചയിക്കും. കേന്ദ്ര മന്ത്രി വി മുരളീധരന് പോലും ഈ തീരുമാനങ്ങളെ സ്വാധീനിക്കാൻ കഴിയില്ലെന്നാണ് സൂചന. സുരേഷ് ഗോപിയും ജേക്കബ് തോമസും അടക്കമുള്ള പേരുകൾ പരിഗണനയിലുണ്ട്. എല്ലാ അർത്ഥത്തിലും പുതിയ ടീമിനെ നിയോഗിക്കും.
സുരേന്ദ്രനൊപ്പം എംടി രമേശും പികെ കൃഷ്ണദാസും ശോഭാ സുരേന്ദ്രനും നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റു. ഇതിൽ മഞ്ചേശ്വരത്ത് സുരേന്ദ്രൻ പോരാടി തോറ്റു. രമേശും കൃഷ്ണദാസും ദയനീയമായി. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും മികവ് കാട്ടിയില്ല. ഈ സാഹചര്യത്തിൽ ഇവരുടെ ജനപിന്തുണയിൽ അമിത് ഷായ്ക്ക് സംശയങ്ങളുണ്ട്. തൃശൂരിൽ സുരേഷ് ഗോപി പ്രചരണത്തിന് എത്തിയത് അവസാന ഘട്ടത്തിലാണ്. എന്നിട്ടും വോട്ട് നേടി. പാലക്കാട്ട് ഇ ശ്രീധരൻ ആവേശവും ഉയർത്തി. എന്നിട്ടും തോൽവിക്ക് കാരണം സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന വിലയിരുത്തലിലാണ് അമിത് ഷാ. ഈ സാഹചര്യത്തിൽ അടിമുടി മാറ്റം ഉണ്ടാകും.
സുരേഷ് ഗോപി സമ്മതിച്ചാൽ അധ്യക്ഷനായി നടൻ എത്താനുള്ള സാധ്യത ഏറെയാണ്. എന്നാൽ അഭിനയ തിരക്കും മറ്റും പറഞ്ഞ് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ സുരേഷ് ഗോപി വിസമ്മതം അറിയിക്കുകയാണ്. ഐപിഎസുകാരനായ ജേക്കബ് തോമസിനും സാധ്യത ഏറെയാണ്. തമിഴ്‌നാട്ടിൽ സിവിൽ സർവ്വീസുകാരനെയാണ് ചുമതല ബിജെപി ഏൽപ്പിച്ചിരിക്കുന്നത്. അധ്യക്ഷനെ നിശ്ചയിക്കുന്നതിൽ ഇ ശ്രീധരന്റെ നിലപാടും ഏറെ നിർണ്ണായകമാകും. പികെ കൃഷ്ണദാസിനെ റെയിൽവേയിലെ ഒരു കമ്മറ്റിയുടെ അധ്യക്ഷനാക്കി ഡൽഹിയിലേക്ക് മാറ്റിയതും കേരളത്തിലെ സംഘടനാ സംവിധാനത്തിൽ നിന്ന് മാറ്റി നിർത്താനാണ്.
പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെയും മുതിർന്ന നേതാക്കളുടേയും വീഴ്ചകൾ തുറന്നു കാട്ടി ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് കേന്ദ്ര നേതൃത്വത്തിന് കിട്ടിക്കഴിഞ്ഞു. 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവന ദോഷം ചെയ്തു. നേമത്ത് ഒ. രാജഗോപാലിന് ജനകീയനാകാൻ സാധിച്ചില്ലെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. കെ സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചത് രണ്ടിടത്തും ദോഷം ചെയ്തു. കഴക്കൂട്ടത്ത് ശബരിമല മാത്രം വിഷയമാക്കിയത് ശോഭാ സുരേന്ദ്രന് തിരിച്ചടിയായെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് തിരഞ്ഞെടുപ്പ് അവലോകന സമിതി റിപ്പോർട്ട് സമർപ്പിച്ചത്.
അഞ്ചംഗ സമിതിയാണ് നിയമസഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് തയ്യാറാക്കിയത്. 4 ജനറൽ സെക്രട്ടറിമാരും ഒരു വൈസ് പ്രസിഡന്റും അടങ്ങിയ സമിതിയാണ് സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലും പര്യടനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്. ഈ റിപ്പോർട്ട് പരിഗണിച്ചാണ് നേതൃമാറ്റങ്ങൾക്കുള്ള തീരുമാനം.


