തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃയോഗം നവംബർ 2,3 തീയതികളിൽ തിരുവനന്തപുരത്ത് ചേരുമ്പോൾ ബഹിഷ്‌കരിക്കുന്ന നേതാക്കൾക്കെതിരെ കർശന നടപടികൾ വരും. പാർട്ടിയിൽ ഗ്രൂപ്പിസം അനുവദിക്കില്ലെന്ന് വ്യക്തമാക്കാൻ ദേശീയ സംഘടനാ ജനറൽ െസക്രട്ടറി ബി.എൽ. സന്തോഷ് യോഗത്തിന് എത്തും. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി. രാധാകൃഷ്ണനും പങ്കെടുക്കും. അതൃപ്തിയുണ്ടെങ്കിലും ദേശീയ സംഘടനാ ജനറൽ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചേരുന്ന യോഗത്തിൽ നേതാക്കൾ പരസ്യമായ പ്രതിഷേധത്തിന് തയ്യാറാകില്ല. ഇതുറപ്പാക്കാൻ വേണ്ടിയാണ് യോഗത്തിന് ബി.എൽ.സന്തോഷിനെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചത്.

കേന്ദ്രമന്ത്രി വി മുരളീധരനുമായി ഏറെ അടുപ്പമുള്ള നേതാവാണ് സന്തോഷ്. നേരത്തെ കേരളത്തിന്റെ ചുമതല നോക്കിയിരുന്ന കർണ്ണാടക നേതാവാണ് സന്തോഷ്. ഇന്ന് ബിജെപിയിലെ പ്രധാന ഭാരവാഹിയും. സന്തോഷിന്റെ പിന്തുണയിലാണ് സംസ്ഥ്‌ന നേതൃത്വത്തിൽ മുരളീധര വിഭാഗം കരുത്തരായി നിൽക്കുന്നത്. കെ സുരേന്ദ്രനെതിരെ നിരവധി പേർ പരാതികളുമായി രംഗത്തുണ്ട്. ഈ സാഹചര്യത്തിലാണ് സന്തോഷിനെ എത്തിച്ച് പാർട്ടിയിൽ കൂടുതൽ പിടിമുറുക്കാനുള്ള മുരളീധരന്റെ തീരുമാനം.

നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കും പാർട്ടി പുനഃസംഘടനയ്ക്കും ശേഷം സംസ്ഥാന ഭാരവാഹികളുടെ പൂർണ യോഗം ആദ്യമായാണ് ചേരുന്നത്. 2ന് കോർ കമ്മിറ്റി യോഗവും സംസ്ഥാനതലത്തിലെ മുഴുവൻ സമയ പ്രവർത്തകരുടെ യോഗവും നടക്കും. 3നാണ് നേതൃയോഗം. ജില്ലാ പ്രസിഡന്റുമാരും മേഖലാ പ്രസിഡന്റുമാരും പങ്കെടുക്കും. ഈ യോഗം ചിലർ ബഹിഷ്‌കരിക്കുമെന്ന സൂചനകളുണ്ടായിരുന്നു. അതൊഴിവാക്കാനാണ് സന്തോഷിനെ തന്നെ യോഗത്തിന് എത്തിക്കുന്നത്. സന്തോഷ് എത്തുമ്പോൾ എല്ലാവരും യോഗത്തിന് എത്തും. ഇതോടെ എല്ലാ നേതാക്കളും സുരേന്ദ്രനൊപ്പമാണെന്ന വിലയിരുത്തലുകളും സജീവമാകും.

5 ജില്ലാ പ്രസിഡന്റുമാരും സംസ്ഥാന ഭാരവാഹികളും മാറിയതിനു പിന്നാലെ പാർട്ടിയിൽ ഗ്രൂപ്പു പോര് രൂക്ഷമായ സാഹചര്യത്തിലാണ് നേതൃയോഗം ചേരുന്നത്. തങ്ങളെ അറിയിക്കാതെയാണ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ പുനഃസംഘടന നടത്തിയതെന്നാണ് കൃഷ്ണദാസ്, എം ടി. രമേശ് പക്ഷത്തെ നേതാക്കളുടെ ആക്ഷേപം. കോർ കമ്മിറ്റിയിലെ അംഗങ്ങളെപ്പോലും പുനഃസംഘടന അറിയിച്ചിരുന്നില്ലെന്നും വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിൽ സഹകരണം കുറയ്ക്കനായിരുന്നു നീക്കം. ഇത് അടുത്ത യോഗത്തിൽ പ്രതിഫലിപ്പിക്കാനും തീരുമാനിച്ചു. ഇത് മനസ്സിലാക്കിയാണ് സന്തോഷിനെ തന്നെ യോഗത്തിന് എത്തിക്കുന്നത്.

നേതാക്കളുടെ പ്രതിഷേധം സമൂഹ മാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. എം ടി. രമേശും ശോഭാ സുരേന്ദ്രനും സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധ സൂചനകൾ നൽകി. പിന്നാലെ ഔദ്യോഗിക വാട്‌സാപ് ഗ്രൂപ്പിൽ നിന്നും പി.കെ. കൃഷ്ണദാസ്, എ.എൻ. രാധാകൃഷ്ണൻ, എം ടി. രമേശ് തുടങ്ങിയവർ ബഹിഷ്‌കരണം നടത്തിയെങ്കിലും 2 മണിക്കൂർ കഴിഞ്ഞ് അവരെ ഗ്രൂപ്പിൽ തിരിച്ചു ചേർത്തിരുന്നു.

ഇതെല്ലാം കേന്ദ്ര നേതൃത്വത്തേയും സുരേന്ദ്രൻ അറിയിച്ചിരുന്നു. കേഡർ പാർട്ടിയാണ് ബിജെപിയെന്നും അച്ചടക്ക ലംഘനം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും നടപടി വേണമെന്നുമാണ് സുരേന്ദ്രന്റെ നിലപാട്.