- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഹാരാഷ്ട്രയിൽ 6 സീറ്റിൽ നാലിലും ബിജെപി വിജയിച്ചത് ശിവസേന-എൻസിപി-കോൺഗ്രസ് സർക്കാരിനു കനത്ത തിരിച്ചടി; കർണ്ണാടകയിലും കരുത്ത് കാട്ടി വിജയം; കർഷക ബില്ലുകൾ പിൻവലിച്ചത് മോദിയുടെ ഇമേജ് കൂട്ടിയോ? മഹാവികാസ് അഘാഡിയുടെ തോൽവി അപ്രതീക്ഷിതം

മുബൈ: കർഷക സമരം പിൻവലിച്ചു. വിവാദ നിയമങ്ങൾ റദ്ദാക്കിയ മോദി സർക്കാർ ഇടപെടലാണ് സമരം പിൻവലിക്കാൻ കാരണം. ഇതിനെ ബിജെപിയുടെ കേന്ദ്ര സർക്കാരിന്റെ പിന്നോട്ട് വലിയലായി ചിത്രീകരിക്കപ്പെട്ടു. എന്നാൽ രാഷ്ട്രീയമായി ആ തീരുമാനം ബിജെപിക്ക് ഗുണകരമായോ എന്ന ചർച്ച സജീവമാകുന്നു. മഹാരാഷ്ട്രയിലും കർണാടകയിലും നിയമസഭാ കൗൺസിൽ (എംഎൽസി) തിരഞ്ഞെടുപ്പിൽ ബിജെപി നേട്ടം കൊയ്തതാണ് ഇതിന് കാരണം.
മഹാരാഷ്ട്രയിൽ 6 സീറ്റിൽ നാലിലും ബിജെപി വിജയിച്ചത് ശിവസേന-എൻസിപി-കോൺഗ്രസ് (മഹാവികാസ് അഘാഡി) സർക്കാരിനു കനത്ത തിരിച്ചടിയായി. കൗൺസിലിലെ ചീഫ് വിപ്പായ മുതിർന്ന നേതാവ് ഗോപികിഷൻ ബജോരിയയുടെ അകോള-ബുൾഡാന-വാഷിം സീറ്റ് ബിജെപി പിടിച്ചെടുത്തതു ശിവസേനയ്ക്കു പ്രഹരമായി. നാഗ്പുരിൽ ബിജെപി മുൻ മന്ത്രിയാണു ജയിച്ചത്. ശക്തികേന്ദ്രങ്ങളിൽ ബിജെപി ജയം നിലനിർത്തുകയും ബാക്കിയുള്ളിടം പിടിച്ചെടുക്കുകയുമായിരുന്നു.
നാലിടത്ത് ഒത്തുതീർപ്പിനെത്തുർന്ന് ബിജെപി 2 സീറ്റിലും ശിവസേനയും കോൺഗ്രസും ഓരോന്നിലും എതിരില്ലാതെ ജയിച്ചു. ശേഷിച്ച 2 ഇടത്തായിരുന്നു വോട്ടെടുപ്പ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ക്വോട്ടയിലുള്ള സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ കോർപറേറ്റർമാരാണ് വോട്ടർമാർ. 78 അംഗ കൗൺസിലിൽ എംഎൽഎമാർ, അദ്ധ്യാപകർ, ഗ്രാജ്വേറ്റ്‌സ്, നാമനിർദ്ദേശ അംഗങ്ങൾ എന്നിങ്ങനെയാണു മറ്റു ക്വോട്ടകൾ.
കർണാടകയിൽ 25 സീറ്റിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി 11 ഇടത്തു വിജയിച്ചെങ്കിലും 75 അംഗ കൗൺസിലിൽ കേവലഭൂരിപക്ഷം ഉറപ്പിക്കാൻ ഒരു സീറ്റ് കുറവുണ്ട്. കോൺഗ്രസ്-11, ദൾ-2, സ്വതന്ത്രൻ-1 എന്നിങ്ങനെയാണ് മറ്റു വിജയങ്ങൾ. ആകെ ബിജെപി അംഗബലം 32ൽ നിന്ന് 37 ആയി. കോൺഗ്രസ് 29ൽ നിന്ന് 26ആയും ദൾ 12ൽ നിന്ന് 10 ആയും കുറഞ്ഞു.
തദ്ദേശഭരണ ക്വോട്ടയിൽ ബിജെപി-6, കോൺഗ്രസ്-14, ദൾ-4, സ്വതന്ത്രൻ1 എന്നിങ്ങനെ എംഎൽസിമാർ വിരമിച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്. മുൻപ്രധാനമന്ത്രി ദേവെഗൗഡയുടെ ചെറുമകനും എച്ച്.ഡി രേവണ്ണ എംഎൽഎയുടെ മകനുമായ ഡോ.സൂരജ് രേവണ്ണ ഹാസനിൽ ദൾ സീറ്റിൽ വിജയിച്ചു. ഇത് ദള്ളിനും ആശ്വാസമായി. ദേവഗൗഡയെ കൈപിടിച്ച് നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഇങ്ങ് കർണാടകയിലും വലിയ രാഷ്ട്രീയ ചർച്ചകളാണ് നടന്നത്.
ഒരിടവേളക്ക് ശേഷം കർണാടകയിൽ വീണ്ടും ജെ ഡി എസും ബിജെപിയും സഖ്യത്തിലേക്ക് എത്തുമെന്ന സൂചനകളും ശക്തമാണ്. ഇതിനുള്ള സാധ്യത കൂട്ടുകയാണ് കൗൺസിൽ തെരഞ്ഞെടുപ്പ്. ഉപരിസഭയുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ബിജെപി ദീർഘനാളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ബില്ലുകൾ പാസാക്കുന്നതിന് ജെ ഡി എസിനെ ആശ്രയിക്കേണ്ട ഒരു സാഹചര്യമാണ് നിലവിലുള്ളത്. ജെ ഡി എസ് സഖ്യം ഫലത്തിൽ വന്നാൽ കോൺഗ്രസുമായുള്ള അന്തരം വലിയ തോതിൽ വർധിപ്പിക്കാനും ബിജെപിക്ക് സാധിക്കും.


