- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'പ്രവചനങ്ങൾ' തെറ്റിച്ച് 2014ൽ അധികാരത്തിലേറി; 'വികാസ് പുരുഷ്' യാഥാർത്ഥ്യമാക്കിയ നേതൃപാടവം; മോദി ഭരണത്തിന്റെ എട്ടാം വാർഷികത്തിൽ ലക്ഷ്യമിടുന്നത് 2019-ൽ കൈവിട്ട 144 സീറ്റുകൾ കൂടി ഒപ്പം നിർത്താൻ; 2024ലേക്ക് 'വൻ പദ്ധതി'യുടെ ബ്ലൂ പ്രിന്റ് തയാറാക്കി ബിജെപി
ന്യൂഡൽഹി: ഗുജറാത്ത് ഭരിച്ച മുഖ്യമന്ത്രിയിൽനിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നതിനൊപ്പം ബിജെപിയെ കേന്ദ്രത്തിൽ അധികാരത്തിൽ എത്തിച്ച 'മോദി പ്രഭാവം' ഒളിമങ്ങാതെ ഇന്നും തുടരുന്നു എന്നതിന്റെ തെളിവാണ് ഭരണത്തിലേറിയതിന്റെ എട്ടാം വാർഷികം ആഘോഷിക്കുന്ന അതേ വേളയിൽ അടുത്ത ലക്ഷ്യത്തിലേക്കുള്ള പാർട്ടിയുടെ മുന്നൊരുക്കം.
നരേന്ദ്ര ദാമോദർദാസ് മോദി എന്ന ഇന്ത്യയുടെ പ്രധാനമന്ത്രി പിന്നിട്ട എട്ട് വർഷങ്ങൾക്കിടെ 'വികാസ്പുരുഷ്' എന്ന ബിജെപിയുടെ പ്രചാരണവാക്യത്തിനൊത്ത പ്രവർത്തനം കാഴ്ചവച്ചു എന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഇന്ത്യ കണ്ട മികച്ച ദേശീയ നേതാക്കളിൽ ഒരാൾ എന്നതിലുപരി രാജ്യാന്തര രംഗത്ത് രാജ്യത്തിന്റെ യശ്ശസ് ഉയർത്തിയ നേതാവെന്ന പ്രതിച്ഛായയും ഒപ്പം ചേർക്കുന്ന മികവാണ് മോദിയെ വ്യത്യസ്തനാക്കുന്നത്.
നരേന്ദ്ര മോദി സർക്കാരിന്റെ എട്ടാംവാർഷികം വിപുലമായി ആഘോഷിക്കുന്നതിനൊപ്പം 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കങ്ങളിലാണ് ബിജെപി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട 144 മണ്ഡലങ്ങൾ ഏത് വിധേനയും പിടിച്ചെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി വൻപദ്ധതികൾക്കാണ് ബിജെപി. തുടക്കമിടുന്നത്.
2024ലെ തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷം നേടി അധികാരം നിലനിർത്താനാണ് ലക്ഷ്യമിടുന്നത്. ബുധനാഴ്ച പാർട്ടി കേന്ദ്ര ആസ്ഥാനത്ത് നടന്ന യോഗത്തിൽ ഇതു സംബന്ധിച്ച് വിശദമായ ബ്ലൂപ്രിന്റും തയാറാക്കിയെന്നാണു വിവരം.2019ലെ തിരഞ്ഞെടുപ്പിൽ ബിജെപി രണ്ടാമതോ മൂന്നാമതോ എത്തിയ മണ്ഡലങ്ങളാണ് ഈ 144 എണ്ണവും.
ഇതിന്റെ ഭാഗമായി ഈ മണ്ഡലങ്ങളിലേക്ക് കേന്ദ്രമന്ത്രിമാരെ നേരിട്ട് അയക്കാനും സർക്കാർ പദ്ധതികളിൽ ജനങ്ങളുടെ പ്രതികരണമറിയാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമെ പ്രമുഖ ബിജെപി. നേതാക്കളും മണ്ഡലങ്ങളിലെത്തും. ബിജെപി. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തോ മൂന്നാം സ്ഥാനത്തോ എത്തിയ മണ്ഡലങ്ങളിലാവും മന്ത്രിമാർ നേരിട്ടെത്തുക. ഈ 144 മണ്ഡലങ്ങളെ തിരഞ്ഞെടുത്തത് പാർട്ടിയുടെ സംഘടനാശക്തിയും തിരഞ്ഞെടുപ്പ് പ്രകടനവും നോക്കിയാണ്. നിലവിൽ പ്രതിപക്ഷ കക്ഷികളാണ് ഈ മണ്ഡലങ്ങൾ പ്രതിനിധീകരിക്കുന്നത്.
കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന, പാർട്ടിയുടെ പ്രമുഖ നേതാക്കളുടെ ഏകദിനയോഗത്തിലാണ് മോദി സർക്കാരിന്റെ എട്ടാം വാർഷികാഘോഷത്തിനൊപ്പം തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലേക്കും ചുവട് വെക്കാൻ തീരുമാനിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷാ,കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, സ്മൃതി ഇറാനി എന്നിവരെല്ലാം യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചിരുന്നു. സേവനം, മികച്ച ഭരണ നിർവഹണം, പാവങ്ങളുടെ ക്ഷേമം എന്നിവ മുൻനിർത്തി മെയ് 30 മുതൽ ജൂൺ 15-വരെയാണ് എട്ടാം വാർഷികാഘോഷം. ഇതിനിടെയായിരിക്കും 144 മണ്ഡലത്തിലെ പര്യടനം സംബന്ധിച്ച് അവസാന തീരുമാനമാവുക
കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, സ്മൃതി ഇറാനി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ ബംഗാളിലേക്കായിരിക്കും സന്ദർശനത്തിനെത്തുക. ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും മറ്റ് മന്ത്രിമാരും പഞ്ചാബിലും സന്ദർശനം നടത്തുമെന്ന് പാർട്ടിവൃത്തങ്ങൾ പറയുന്നു. മന്ത്രിമാർ,രണ്ടോ മൂന്നോ ദിവസം അവർക്ക് നൽകിയ മണ്ഡലത്തിൽ താമസിച്ച് പാർട്ടി നേതാക്കളുമായും പ്രവർത്തകരുമായും, സർക്കാർ ആനുകൂല്യങ്ങൾ ലഭിച്ച ഗുണഭോക്താക്കളുമായും ചർച്ച നടത്തും.
543 അംഗ ലോക്‌സഭയിൽ നിലവിൽ ബിജെപിക്ക് 300 അംഗങ്ങളാണ് ഉള്ളത്. എൻഡിഎ സഖ്യത്തിന് 333 അംഗങ്ങളുടെ പിന്തുണയുണ്ട്. രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായ കോൺഗ്രസിന് 53 പേരാണ് ലോക്‌സഭയിൽ ഉള്ളത്.




