പാക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങളിലേക്ക് നടത്തിയ സർജിക്കൽ സ്‌ട്രൈക്കും കള്ളപ്പണത്തിനെതിരായ പോരാട്ടമെന്ന നിലയ്ക്ക് നടത്തിയ നോട്ട് പിൻവലിക്കലും ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കില്ലേ? ജാതി രാഷ്ട്രീയത്തിന് മറ്റെന്തിനെക്കാളും പരിഗണന ലഭിക്കുന്ന യുപിയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ നേട്ടം നിയമസഭാ തിരഞ്ഞെടുപ്പിൽ ആവർത്തിക്കാനാവില്ലെന്ന ആശങ്കയിലാണ് പാർട്ടി നേതൃത്വം. അഖിലേഷ് യാദവിന്റെയും മായാവതിയുടെയും മുന്നിൽ നരേന്ദ്ര മോദിയും അമിത് ഷായും നാണംകെടുമോ എനും അവർ ഭയക്കുന്നു.

ഭീകരതയ്ക്കെതിരെയും അഴിമതിക്കെതിരെയും നടത്തിയ പോരാട്ടങ്ങളുടെ പേരിൽ വോട്ട് നേടാമെന്നായിരുന്നു ബിജെപി കണക്കുകൂട്ടിയിരുന്നത്. എന്നാൽ, താഴേത്തട്ടിലേക്ക് ഇവ വേണ്ടത്ര എത്തിക്കാൻ പാർട്ടിക്കായിട്ടില്ല. സൈന്യത്തിന്റെ വീര്യമുയർത്താൻ ചെയ്ത നടപടിയാണ് സർജിക്കൽ സ്‌ട്രൈക്കെന്ന പ്രധാനമന്ത്രി മോദിയുടെ വാക്കുകളും യുപിയിലെ പട്ടിണിപ്പാവങ്ങളെ ആവേശം കൊള്ളിച്ചിട്ടില്ല.

മോദിയും അമിത്ഷായും ഉൾപ്പെടെ ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം യുപിയിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനത്തിലാണ്. ശനിയാഴ്ച മീററ്റിലും ഞായറാഴ്ച അലിഗഢിലുമായിരുന്നു മോദിയുടെ പാർട്ടി റാലികൾ. അമിത് ഷാ മധുരയിലും അംറോഹയിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ആഗ്രഹിയിലും സജീവമായി.

സർജിക്കൽ സ്്‌ട്രൈക്കിന്റെയും നോട്ട് അസാധുവാക്കലിന്റെയും പിന്നിലെ ദേശ സ്‌നേഹത്തിലാണ് ബിജെപി ഊന്നൽ നൽകുന്നത്. വേണ്ടിവന്നാൽ കൂടുതൽ സർജിക്കൽ സ്‌ട്രൈക്ക് നടത്തുമെന്ന മോദിയുടെ പ്രഖ്യാപനവും ഇന്ത്യൻ സേനയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ് സർജിക്കൽ സ്‌ട്രൈക്കന്നെ പ്രതിരോധ മന്ത്രി മനോഹർ പരിക്കാറുടെ പ്രസ്താവനയും അതിന്റെ ഭാഗമാണ്. എന്നാൽ, നോട്ട് അസാധുവാക്കലിലൂടെ സാധാരണക്കാരന്റെ ജീവിതം വഴിമുട്ടിച്ചുവെന്ന എതിരാളികളുടെ പ്രചാരണത്തെ മറികടക്കാനാവുന്നില്ല എന്നതാണ് ബിജെപി നേരിടുന്ന വലിയ വെല്ലുവിളികളിലൊന്ന്.