ത്തർ പ്രദേശിലെ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കവെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിഛായ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലത്തെ ഗണ്യമായി ബാധിക്കുമെന്ന് വിലയിരുത്തൽ. രാജ്യത്തെ സുരക്ഷിതമായി മുന്നോട്ടുനയിക്കാൻ മോദിക്കാവുന്നുണ്ടെന്ന് കാഴ്ചപ്പാടാണ് വോട്ടർമാരിലധികംപേർക്കും. ഉയർന്ന ജാതിക്കാർക്കിടയിൽ ബിജെപിക്ക് ലഭിച്ചിട്ടുള്ള സ്വീകാര്യത കൂടി കണക്കിലെടുക്കുമ്പോൾ യുപിയിൽ ബിജെപി മുന്നേറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

നോട്ട് അസാധുവാക്കൽ ഉൾപ്പെടെ പ്രതിപക്ഷം ഉയർത്തുന്ന പ്രശ്‌നങ്ങളൊന്നും സാധാരണ വോട്ടർമാരെ ബാധിച്ചിട്ടേയില്ല. മോദി രാജ്യത്തിനാകെ നേട്ടമുണ്ടാക്കിയെന്ന് വോട്ടർമാർ കരുതുന്നു. ഗ്രാമങ്ങളിലേക്ക് ഭക്ഷണവും ഗ്യാസ് സിലിൻഡറുകളുമെത്തി. ലോകത്തെ മറ്റു രാജ്യങ്ങളും മോദിയെ ആദരിക്കുന്നു. മോദിയെ വ്യക്തിപരമായി അധിേേക്ഷപിക്കാൻ മറ്റു നേതാക്കൾക്ക് അർഹതയില്ല...ഇങ്ങനെ പോകുന്നു മോദി സ്തുതികൾ.

ആദ്യഘട്ടത്തിൽ മറ്റു മുന്നണികൾക്കും പാർട്ടികൾക്കും ശക്തമായ സാന്നിധ്യമറിയിക്കാനായെങ്കിലും, തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് എത്തുന്നതോടെ, മോദിയിലേക്ക് അത് കേന്ദ്രീകരിക്കുകയാണെന്ന് നിരീക്ഷിക്കപ്പെടുന്നു. അഖിലേഷ് യാദവിന്റെ എസ്‌പിയും കോൺഗ്രസ്സുമൊന്നിച്ചിട്ടും ബിജെപിക്ക് ശക്തമായ വെല്ലുവിളി തീർക്കാനായിട്ടില്ല.

എന്നാൽ, എസ്‌പി.-കോൺഗ്രസ് സഖ്യത്തിൽനിന്നാകും ബിജെപി ശക്തമായ വെല്ലുവിളി നേരിടേണ്ടിവരികയെന്നുറപ്പാണ്. മൂന്നുഘട്ടം തിരഞ്ഞെടുപ്പ് കൂടി ഇനിയും ശേഷിക്കുന്നുണ്ട്. ജാതിരാഷ്ട്രീയം നിർണായകമായ യുപിയിൽ ഓരോ വിഭാഗവും എങ്ങനെ ചിന്തിക്കുന്നു എന്നതാവും അന്തിമ ഫലത്തിൽ പ്രകടമാവുക. ഉന്നത ജാതിക്കാരായ ബ്രാഹ്മണന്മാരുടെ പിന്തുണ പൂർണമായും ബിജെപിക്കുള്ളത് അവരെ വലിയ തോതിൽ സഹായിച്ചേക്കും.

ഗ്രാമങ്ങളിൽ അഭിപ്രായ രൂപീകരണത്തിലും മറ്റും ഉന്നതജാതിക്കാരുടെ നിലപാടുകൾ നിർണായകമാകും. ഉന്നത ജാതിക്കാരിൽ 83 ശതമാനത്തോളം ബിജെപിയെ സഹായിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതിന് പുറമെ, യാദവ് വിഭാഗമല്ലാതെയുള്ള ഒബിസിക്കാർക്കിടയിലും ബിജെപിക്ക് ഗണ്യമായ വോട്ട് നേടാനാകും. ഈ രീതിയിലൊരു വർഗീയ ധ്രുവീകരണമുണ്ടായാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിലെന്നപോലെ കാറ്റ ്ബിജെപി പാളയത്തിലേക്ക് തന്നെ വീശുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.