തിരുവനന്തപുരം: മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ച ചർച്ചകൾ ബിജെപിയെ പൊട്ടിത്തെറിയിലേക്ക് കൊണ്ടു ചെന്നെത്തിക്കുന്നു. മുസ്ലിം ലീഗുമായി ഒത്തുകളിച്ച് ദുർബ്ബലനായ സ്ഥാനാർത്ഥിയെ നിർത്താൻ സംസ്ഥാന നേതൃത്വം ശ്രമിക്കുന്നതായാണ് ബിജെപിയിലെ ഒരു വിഭാഗം ആരോപിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും എംഎൽഎയായ ഒ രാജഗോപാലും തമ്മിൽ കോർ കമ്മറ്റിയോഗത്തിലുണ്ടായ തർക്കം പുതിയ തലത്തിലേക്ക് എത്തുകയാണ്.

മലപ്പുറത്തെ മത്സരം പാർട്ടി ഗൗരവത്തിലെടുക്കേണ്ടെന്നും ജില്ലാ നേതാവു മത്സരിച്ചാൽ മതിയെന്നുമുള്ള കുമ്മനത്തിന്റെ നിലപാടിനെ കോർ കമ്മറ്റിയിൽ രാജഗോപാൽ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. സ്ഥാനാർത്ഥിയെ നിർത്താതിരിക്കാൻ കുമ്മനം പറഞ്ഞ ന്യായങ്ങളാണ് ഇതിന് കാരണം. മലപ്പുറത്ത് മികച്ച സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാൽ ചെലവാക്കാൻ കാശില്ലെന്നായിരുന്നു കുമ്മനത്തിന്റെ ഒരു നിലപാട്. ഒരു സാധ്യതയുമില്ലാത്ത സീറ്റാണ് മലപ്പുറം. ഇവിടെ കടുത്ത മത്സരം നടത്തണമെങ്കിൽ മറ്റിടങ്ങളിലെ പ്രവർത്തകരെ മുഴുവൻ എത്തിക്കണം. ഇത്തരമൊരു സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ നിലവിൽ കഴിയില്ല. അതുകൊണ്ട് തന്നെ പ്രമുഖർ ആരും മത്സരിക്കേണ്ട. മലപ്പുറം ജില്ലാ കമ്മറ്റി സ്ഥാനാർത്ഥിയേയും മറ്റും നിശ്ചയിക്കട്ടേ എന്നായിരുന്നു കുമ്മനത്തിന്റെ നിലപാട്. ഇതു കേട്ട് കോർ കമ്മറ്റിയിലെ ബഹുഭൂരിഭാഗവും ഞെട്ടി. എന്നാൽ ജനറൽ സെക്രട്ടറിയായ എം ടി രമേശ് അതിശക്തമായി കുമ്മനത്തെ പിന്തുച്ചു. അതാണ് ശരിയെന്ന് ആവർത്തിച്ചു.

ഇതിനെയാണ് രാജഗോപാൽ ചോദ്യം ചെയ്തത്. അഞ്ചു വർഷത്തിനിടെ നെയ്യാറ്റിൻകരയിലും അരുവിക്കരയിലും നിയമസഭാ ഉപതെരഞ്ഞെടുപ്പ് വന്നിരുന്നു. അതിന് മുമ്പ് രണ്ടിടത്തും അയ്യായിരം വോട്ടായിരുന്നു ബിജെപിക്കുണ്ടായിരുന്നത്. എന്നാൽ സംസ്ഥാന അധ്യക്ഷനായിരുന്ന വി മുരളീധരന്റെ ഇടപെടലിലൂടെ രജാഗോപാലിനെ സ്ഥാനാർത്ഥിയാക്കി. നെയ്യാറ്റിൻകരയിൽ 30,000വും അരുവിക്കരയിൽ 35,000വും വോട്ട് നേടി. ഇവിടെ മത്സരിക്കുന്നതിനെ കുറിച്ച് രാജഗോപാൽ ചിന്തിക്കുക പോലും ചെയ്തിരുന്നില്ല. എന്നാൽ കടുത്ത മത്സരം ഉറപ്പാക്കാനായി രാജഗോപാലിനെ നിർബന്ധിക്കുകയായിരുന്നു. ഇത് നിയമസഭയിലേക്ക് അക്കൗണ്ടു തുറക്കുന്ന അവസ്ഥയിലേക്ക് പോലും കാര്യങ്ങളെത്തിച്ചു. ബിജെപിയുടെ വളർച്ച എവിടേയും ചർച്ചയായി. ഇത്തവണ മലപ്പുറത്തും സമാന തന്ത്രമായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് പണമില്ലെന്ന ന്യായവുമായി അതു വേണ്ടെന്ന് കുമ്മനം പറയുമ്പോൾ അതിനെ സംശയത്തോടെയാണ് ബിജെപിയിലെ ഒരു വിഭാഗം കാണുന്നത്.

മലപ്പുറം ജില്ലാ കമ്മറ്റി സാധ്യതാ സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറാക്കിയിരുന്നു. കെ സുരേന്ദ്രനേയോ ശോഭാ സുരേന്ദ്രനേയോ മത്സരിപ്പിക്കണമെന്നായിരുന്നു ആവശ്യം. ഇതിനിടെ താനും മത്സരിക്കാൻ തയ്യാറാണെന്ന് എ എൻ രാധാകൃഷ്ണനും കുമ്മനത്തെ വ്യക്തിപരമായി അറിയിച്ചു. കടുത്ത മത്സരം കാഴ്ച വയ്ക്കാനായിരുന്നു ഇത്. എന്നാൽ ശോഭയും സുരേന്ദ്രനും മത്സരിക്കേണ്ടതില്ലെന്ന തീരുമാനം എംടി രമേശിന്റെ നേതൃത്വത്തിൽ എടുത്തുവെന്നാണ് ആക്ഷേപം. ശോഭയ്‌ക്കോ സുരേന്ദ്രനോ മലപ്പുറത്ത് വലിയ വോട്ട് കിട്ടിയാൽ ദേശീയ നേതൃത്വം ഇരുവരുടേയും മികവ് തിരിച്ചറിയും. ഇത് അടുത്ത സംസ്ഥാന അധ്യക്ഷനാകാനുള്ള എംടി രമേശിന്റെ മോഹം തകർക്കും. സുരേന്ദ്രനെതിരെ അഞ്ചു ലക്ഷത്തിന്റെ അഴിമതി ആരോപണം ബിജെപി കേന്ദ്രങ്ങൾ ഉയർത്തിയതും പ്രസിഡന്റ് പദം ലക്ഷ്യമിട്ടാണ്. ഈ ഗൂഢാലോചനയുടെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്നതെന്നും മുതിർന്ന ബിജെപി നേതാവ് മറുനാടനോട് പറഞ്ഞു.

സാധാരണ ജില്ലാ കമ്മറ്റി തയ്യാറാക്കുന്ന പട്ടികയിൽ കോർ കമ്മറ്റി ചർച്ച നടത്തി തീരുമാനമെടുക്കും. എന്നാൽ ഇവിടെ തീരുമാനം എടുക്കാനുള്ള അവകാശം ജില്ലാ കമ്മറ്റിക്ക് നൽകുന്നു. ഇത് പതിവില്ലാത്തതാണ്. മുസ്ലിം ലീഗ് നേതാക്കളുമായി ബിജെപിയിലെ ചിലർക്ക് അടുത്ത ബന്ധമുണ്ട്. ലീഗ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം കൂട്ടാനായി മലപ്പുറത്തെ ചില നേതാക്കൾ കോഴ വാങ്ങിയെന്ന ആരോപണം പോലും ചില കേന്ദ്രങ്ങൾ ഉന്നയിക്കുന്നുണ്ട്. മലപ്പുറത്ത് ശക്തനായ ബിജെപി സ്ഥാനാർത്ഥി എത്തിയാൽ ത്രികോണ മത്സര പ്രതീതി വരും. ഇത് ലീഗിന്റെ ഭൂരിപക്ഷത്തിലുള്ള പ്രതീക്ഷകൾ തകർക്കും. ഇതുണ്ടാകാതിരിക്കാൻ നടക്കുന്ന അവിശുദ്ധ കൂട്ടുകെട്ടാണ് ഇന്നലെ കോർ കമ്മറ്റിയിലെ സംഭവ വികാസങ്ങൾക്ക് കാരണമെന്നും ആരോപണം ഉയരുന്നു. കുമ്മനവും എംടി രമേശും ഇതിന് കൂട്ടു നിൽക്കുന്നത് വേദനിപ്പിക്കുന്നതായും മുതിർന്ന നേതാവ് കൂട്ടിച്ചേർത്തു.

ദേശീയ രാഷ്ട്രീയ പശ്ചാത്തലത്തിൽ മലപ്പുറത്തെ മത്സരം ബിജെപി ഗൗരവത്തിലെടുക്കണമെന്നും പ്രമുഖരിൽ ആരെയെങ്കിലും സ്ഥാനാർത്ഥിയാക്കണമെന്നുമായിരുന്നു രാജഗോപാലിന്റെ വാദം. മലപ്പുറത്തു പാർട്ടി മൃദുസമീപനം കാട്ടിയാൽ വൻവില കൊടുക്കേണ്ടിവരുമെന്നും രാജഗോപാൽ മുന്നറിയിപ്പു നൽകി. ഇതിനെ എംടി രമേശും വി മുരളീധരനും അനുകൂലിച്ചില്ല. മറ്റാരും യോഗത്തിൽ സംസാരിച്ചതുമില്ല. കെ സുരേന്ദ്രനും എൻ എൻ രാധാകൃഷ്ണനും യോഗത്തിനെത്തിയില്ല. കള്ളക്കളി നേരത്തെ തിരിച്ചറിഞ്ഞാണ് ഇരുവരും വരാത്തതെന്നും സൂചനയുണ്ട്. മലപ്പുറത്തു ശോഭാ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ ശുപാർശ തിരിച്ചയയ്ക്കാനും സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ജില്ലാ കമ്മിറ്റിയെ ധരിപ്പിക്കാൻ പി.കെ.കൃഷ്ണദാസിനെ നിയോഗിക്കാനും തീരുമാനിച്ചു.

ബിജെപിയുടെ കീഴ്‌വഴക്കങ്ങൾക്കു വിരുദ്ധമായാണു ജില്ലാ കമ്മിറ്റി വീണ്ടും വിളിച്ചുചേർക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ജില്ലാ കമ്മിറ്റി ശുപാർശ സംസ്ഥാന കമ്മിറ്റി അംഗീകരിക്കണമെന്നു നിർബന്ധമില്ലാത്ത സാഹചര്യത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ശുപാർശ കേന്ദ്ര തിരഞ്ഞെടുപ്പു സമിതിക്കു സമർപ്പിക്കാവുന്നതാണ്. ജില്ലാ കമ്മിറ്റി വീണ്ടും വിളിച്ചുചേർക്കുന്നതു പ്രഹസനമാണെന്നും നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. ജില്ലാ കമ്മിറ്റിയുടെ തീരുമാനമെന്ന നിലയിൽ സ്ഥാനാർത്ഥിയെ കേന്ദ്രസമിതിക്കു ശുപാർശ ചെയ്യാനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണു നീക്കമെന്നു കരുതുന്നു. മലപ്പുറം ജില്ലാ നേതാവ് ശ്രീപ്രകാശിനെ മത്സരിപ്പിക്കാനാണു കുമ്മനത്തിന് താൽപ്പര്യമെന്നാണ് സൂചന.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് ബിജെപിക്ക് 64705 വോട്ടാണ് കിട്ടിയത്. നിയമസഭയിൽ അത് വീണ്ടും കൂടി. ഈ വോട്ട് ഇരട്ടിയാക്കാൻ ശോഭാ സുരേന്ദ്രനോ കെ സുരേന്ദ്രനോ കഴിയുമെന്നായിരുന്നു പൊതു വിലയിരുത്തൽ. അതിനിടെയാണ് കുമ്മനത്തിന്റെ അപ്രതീക്ഷ നീക്കം ബിജെപിയിലെ വിഭാഗിയതയെ പുതിയ തലത്തിലെത്തിക്കുന്നത്.