ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൽനിന്നും ഇനിയും മുക്തരാകാതെ ഉഴറുകയാണ് രാജ്യത്തെ കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇനിയും പ്രവർത്തകരുമായി ഇടപഴകാൻ തയ്യാറായില്ലെങ്കിൽ, പാർട്ടിയെ പ്രവർത്തകർ കൈവിടുമെന്ന് മുൻ കേന്ദ്രമന്ത്രി പി.ചിദംബരം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയത് വെറുതെയായിരുന്നില്ല. അത്രത്തോളം അനാഥത്വമാണ് പല സംസ്ഥാനങ്ങളിലെയും കോൺഗ്രസ് നേരിടുന്നത്.

എന്നാൽ, മറുഭാഗത്ത് ബിജെപിയാകട്ടെ, ഇന്ത്യ മുഴുവൻ കാവി വൽക്കരിക്കുകയെന്ന ലക്ഷ്യത്തോടെ ചിട്ടയായി നീങ്ങുന്നു. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്ക് വിജയിച്ചതോടെ, മോദിയുടെ ബുദ്ധിയും അമിത് ഷായുടെ തന്ത്രങ്ങളും ഉപയോഗിച്ച് ഇന്ത്യയിൽ മുഴുവൻ താമര വിരിയിക്കുകയെന്ന ലക്ഷ്യത്തിലാണ് ബിജെപി. പാർട്ടിയുടെ അംഗത്വവിതരണം മൂന്നുമാസങ്ങൾക്കുമുമ്പെ തുടക്കം കുറിച്ചതുപോലും, ഇപ്പോഴത്തെ തരംഗത്തിലൂടെ കൂടുതൽ പേരെ പാർട്ടിയിലേക്ക് ആകർഷിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമാണ്.

പാർട്ടിക്ക് തീരെ വളക്കൂറില്ലാത്ത സംസ്ഥാനങ്ങളിലും പ്രവർത്തനം ഊർജിതമാക്കുകയെന്നതാണ് ബിജെപിയുടെ പുതിയ തന്ത്രം. ഇതിനായി കേരളം, പശ്ചിമ ബംഗാൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങിയവക്കായി പ്രത്യേക തന്ത്രങ്ങൾ പാർട്ടി രൂപം നൽകിയിട്ടുണ്ട്. നരേന്ദ്ര മോദിയുടെ ശബരിമല സന്ദർശനം പോലും അത്തരത്തിലൊരു തന്ത്രത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു. അടുത്തുതന്നെ തിരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിലും ഝാർഖണ്ഡിലും അധികാരം പിടിക്കുകയെന്നതാണ് ബിജെപിയുടെ അടുത്ത തന്ത്രം.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിൽ മൂന്ന് സീറ്റുകൾ നേടിയ ബിജെപി അവിടെ നിയമസഭ പിടിക്കുന്നതിനായി മിഷൻ 45 എന്ന പരിപാടിക്ക് രൂപം നൽകിക്കഴിഞ്ഞു. ദീപാവലിക്ക് പ്രധാനമന്ത്രി മോദി കശ്മീരിലെത്തിയതും അമിത് ഷാ തന്റെ പ്രവർത്തനം കശ്മീരിലേക്കുകൂടി വ്യാപിപ്പിച്ചതും അതിന്റെ ഭാഗമാണ്. ഝാർഖണ്ഡിൽ 2009ലെ തിരഞ്ഞെടുപ്പിൽ ജാർഖണ്ഡ് മുക്തി മോർച്ചയ്‌ക്കൊപ്പം 18 സീറ്റുകൾ നേടാനായെങ്കിലും ബിജെപിക്ക് ഭരണം നേടാൻ സാധിച്ചിരുന്നില്ല. മോർച്ചയും കോൺഗ്രസും രാഷ്ട്രീയ ജനതാദളുമാണ് ഇവിടെ ഭരണം കൈയാളുന്നത്.

ഝാർഖണ്ഡിലും അധികാരം പിടിക്കാനാകുമെന്നുതന്നെയാണ് ബിജെപിയുടെ പ്രതീക്ഷ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 14 സീറ്റുകളിൽ 12ഉം ബിജെപി സ്വന്തമാക്കിയതും 40 ശതമാനത്തിലേറെ വോട്ട് നേടിയതും പാർട്ടിയുടെ വിജയം സുനിശ്ചിതമാക്കുന്നു. കോൺഗ്രസ്സിന് ഒരു സീറ്റുപോലും ഝാർഖണ്ഡിൽനിന്ന് ലഭിച്ചിരുന്നില്ല. ഇതൊക്കെയാണ് ബിജെപിയെ സംസ്ഥാന ഭരണത്തിലേക്ക് ഉയർത്തിക്കാട്ടുന്ന വസ്തുതകൾ.

കോൺഗ്രസ് മുക്ത് ഭാരതമെന്ന ലക്ഷ്യമാണ് അമിത് ഷാ ഉയർത്തിക്കാട്ടുന്നത്. നിലവിൽ, ആറ് സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിലുണ്ട്. അഞ്ച് സംസ്ഥാനങ്ങളിൽ സഖ്യകക്ഷി ഭരണത്തിലും. ഈ മേൽക്കോയ്മ തുടരാനാകുമെന്നുതന്നെയാണ് പാർട്ടിയുടെ വിലയിരുത്തൽ. അടുത്ത മൂന്നുവർഷത്തിനിടെ രാജ്യത്തെ മിക്കവാറും സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഡൽഹിയിലും ബിഹാറിലും അടുത്ത വർഷവും അസം, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ 2016ലും ഉത്തർ പ്രദേശ്, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ 2017ലും. ഇവയിൽ ഭൂരിഭാഗം സംസ്ഥാനങ്ങളും പിടിക്കാനാകും എന്നുതന്നെ ബിജെപി കരുതുന്നു.

11 സംസ്ഥാനങ്ങൾ ബിജെപി ഭരിക്കുമ്പോൾ, ഒമ്പതിടത്താണ് കോൺഗ്രസ്സിന് മുൻതൂക്കമുള്ളത്. ഹിമാചൽ പ്രദേശ്, അസം, കർണാടക, കേരളം, ഉത്തരാഖണ്ഡ്, മണിപ്പുർ, മേഘാലയ, മിസോറം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പാർട്ടിയുടെ വേരുറപ്പിക്കുന്നതിനുള്ള നടപടികൾ മോദി സർക്കാർ ആരംഭിച്ചുകഴിഞ്ഞു. കേരളത്തിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാനാകുമെന്ന് ബിജെപി ഉറപ്പിക്കുന്നു.

എന്നാൽ, കടുത്ത സംഘടനാ ദൗർബല്യത്തിലേക്ക് വീണ കോൺഗ്രസ്സാകട്ടെ, തിരഞ്ഞെടുപ്പുകൾക്ക് തീർത്തും സജ്ജമായിട്ടില്ല. മഹാരാഷ്ട്രയിലും ഹരിയാണയിലും കൈയിലിരുന്ന ഭരണം നഷ്ടമായത് അതിന് തെളിവാണ്. നേതൃപരമായ പങ്കുവഹിക്കുന്നതിൽ സോണിയയും രാഹുലും പരാജയപ്പെടുന്നത് പാർട്ടിയെ വല്ലാതെ ക്ഷീണിപ്പിച്ചിട്ടുമുണ്ട്. കോൺഗ്രസ് ക്ഷയിച്ചുകൊണ്ടിരിക്കുമ്പോൾ, ഇന്ത്യ മുഴുവൻ കാവിപുതപ്പിക്കാൻ പറന്നുനടക്കുകയാണ് ബിജെപിയും പ്രസിഡന്റ് അമിത് ഷായും.