കോഴിക്കോട്: 'പാക്കിസ്ഥാനിലേക്കു പോടാ' എന്ന ബിജെപി പ്രവർത്തകരുടെ ആക്രോശം കൊച്ചു കേരളത്തിലും. സിപിഐ(എം) നേതാവ് മുഹമ്മദ് റിയാസിനെതിരെയാണു ബിജെപിക്കാരുടെ പരാമർശം.

കോഴിക്കോട്ടു നടന്ന ചാനൽ ചർച്ചയ്ക്കിടെയാണ് അസഹിഷ്ണുത തിളച്ചു മറിഞ്ഞു പാക്കിസ്ഥാനിലേക്കുള്ള വഴി റിയാസിനു കാട്ടിക്കൊടുക്കാൻ സംഘപരിവാർ പ്രവർത്തകർ തുനിഞ്ഞത്.

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിന്റെ 'കേരള കുരുക്ഷേത്ര' എന്ന പരിപാടിക്കിടെ കോഴിക്കോട് ബീച്ചിൽ ഇന്ന് രാവിലെ ഒമ്പതോടെയാണു സംഭവം.

കോ-ലീ-ബി സഖ്യത്തെക്കുറിച്ച് തെളിവ് സഹിതം പരാമർശിച്ചപ്പോഴായിരുന്നു സംഭവം. ഇക്കാര്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ , ബിജെപിയുടെ പ്രവർത്തകർ ചാടിയെഴുന്നേറ്റു 'പാക്കിസ്ഥാനിലേക്ക് പോടാ ' എന്നാക്രോശിക്കുകയായിരുന്നുവെന്നു റിയാസ് പറഞ്ഞു. മുസ്ലിം പേരുള്ളതിന്റെ പേരിൽ പാക്കിസ്ഥാനിൽ പോകാൻ പറ്റില്ലെന്നു റിയാസ് മറുപടി പറയുകയും ചെയ്തു. ഇതിനു പിന്നാലെ റിയാസിനെ തല്ലാൻ ബിജെപി പ്രവർത്തകർ വട്ടം കൂടിയതിനെ തുടർന്നു പരിപാടി മുടങ്ങുകയും ചെയ്തു. അസഹിഷ്ണുത കേരളത്തിലേക്കും പടരുന്നതിന്റെ തെളിവാണിതെന്നും റിയാസ് ചൂണ്ടിക്കാട്ടി.

ഗുജറാത്ത് മോഡലിനെ വിമർശിച്ചപ്പോഴായിരുന്നു ബിജെപി പ്രവർത്തകർക്കു ഹാലിളകി പാക്കിസ്ഥാനിലേക്കു പോകാനുള്ള ആക്രോശം നടത്തിയത്. അഞ്ചുമിനിറ്റിലേറെ സ്ഥലത്തു സംഘർഷാവസ്ഥ തുടർന്നു. എൽഡിഎഫിനായി മുഹമ്മദ് റിയാസും യുഡിഎഫിനായി കെ സി അബുവും എൻഡിഎയ്ക്കായി ജയചന്ദ്രനുമാണു ചർച്ചയിൽ പങ്കെടുത്തിരുന്നത്. നിഷാദ് റാവുത്തറായിരുന്നു പരിപാടിയുടെ മോഡറേറ്റർ. 

ഇതാണ് യഥാർത്ഥ അസഹിഷ്ണുതയെന്നും ഇന്ത്യയിൽ എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യം ഉണ്ടെന്നും നിങ്ങൾക്ക് വേണമെങ്കിൽ ഗുജറാത്തിലേക്ക് പോകാമെന്നും റിയാസും മറുപടി പറഞ്ഞു. ഇതൊരു പൊതു ചർച്ചയാണെന്നും മുസ്ലിം ആയതിന്റെ പേരിൽ ഒരാളോട് പാക്കിസ്ഥാനിലേക്ക് പോകാമെന്നും പറയുന്ന രീതി ഈ ചർച്ചയിൽ അനുവദിക്കില്ലെന്ന് പരിപാടിയുടെ അവതാരകൻ നിഷാദും വ്യക്തമാക്കി. ഇതിൽ രോഷം പൂണ്ട പത്തോളം വരുന്ന ബിജെപി പ്രവർത്തകർ റിയാസിനെതിരെയും ചാനൽ അവതാരകൻ നിഷാദിന് നേരെയും തിരിയുകയായിരുന്നു. ഇനി ഈ പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു സ്ഥലത്തെ പ്രാദേശിക ബിജെപി പ്രവർത്തകർ ഇവരെ കയ്യേറ്റം ചെയ്യാനായി എത്തിയത്. ഇത് പിന്നീട് വലിയ സംഘർഷത്തിനിടയാക്കി. നിരവധി പേർ എത്തിയാണ് ഒടുവിൽ ബിജെപി പ്രവർത്തകരെ പറഞ്ഞുവിട്ടത്.