- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷർജീൽ ഇമാം, ഉമർ ഖാലിദ്, ഗൗതം നവ്ലാഖ...; ആക്ടിവിസ്റ്റുകളെയും എഴുത്തുകാരെയും വിട്ടയക്കണമെന്ന് ഒരു വിഭാഗം കർഷകർ പ്രതിഷേധം നടത്തിയത് ഉയർത്തിക്കാട്ടി ബിജെപി; കർഷക സമരത്തിന് പിന്നിൽ മറ്റ് അജണ്ടകൾ ഉണ്ടെന്നത് വ്യക്തമാവുന്നതായുള്ള പ്രചാരണവുമായി സംഘപരിവാർ സൈബർ ഗ്രൂപ്പുകൾ
ന്യൂഡൽഹി: ഡൽഹിയിൽ കാർഷിക പ്രതിഷേധത്തിനിടെ വിവിധ കേസുകളിൽ ജയിലിൽ കിടക്കുന്ന ആക്ടിവിസ്റ്റുകളുടെയും മോചനം ആവശ്യപ്പെട്ട് ഒരു വിഭാഗം കർഷകർ ഉയർത്തിയ പോസ്റ്ററുകൾ പ്രചാരണ ആയുധമാക്കി ബിജെപി. കാർഷിക സംഘടനയായ ഭാരതീയ കിസാൻ യൂണിയനാണ് (എക്താ ഉഗ്രഹൺ) പ്രധാനമായും എൽഗാർ പരിഷദ് കേസിലും ഡൽഹി കലാപത്തിലും അറസ്റ്റ് ചെയ്യപ്പെട്ട എഴുത്തുകാരെയും ബുദ്ധി ജീവികളെയും വിട്ടയക്കണമെന്നാവശ്യവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. തിക്രി അതിർത്തിയിൽ പ്രതിഷേധിക്കുന്ന ബി.കെ.യു സംഘടനയിലെ കർഷകരാണ് മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി പ്രതിഷേധിച്ചത്. ഗൗതം നവ്ലാഖ, സുധ ഭരദ്വാജ്, വരവര റാവു, ആനന്ദ് തെൽതുംദെ, ഉമർ ഖാലിദ്, ഷർജീൽ ഇമാം തുടങ്ങി നിരവധി പേരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു.
'മോദി സർക്കാർ ഒരു ഫാസിസ്റ്റ് അജണ്ടയാണ് നടപ്പാക്കി കൊണ്ടിരിക്കുന്നത്. ഒരു ഭാഗത്ത് അംബാനിയെയും അദാനിയെയും സഹായിച്ചിട്ട് മറുഭാഗത്ത് സാമൂഹ്യ പ്രവർത്തകരെയും എഴുത്തുകാരെയുമൊക്കെ ജയിലിലാക്കും. ഡൽഹി കലാപക്കേസിലും ഭീമ കോറെഗാവ് കേസിലുമായി നിരവധി പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് മനുഷ്യാവകാശ ദിവനത്തിൽ ഇങ്ങനെയൊരു പ്രതിഷേധവുമായി രംഗത്തെത്തിയത്,' ബി.കെ.യുവിന്റെ വൈസ് പ്രസിഡന്റ് ഝന്ദ സിങ് ജെതുകെ പറഞ്ഞു.
ഇതാണ് ബിജെപി വൻ തോതിൽ നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. കർഷക സമരത്തിനു പിന്നിൽ യഥാർഥത്തിലുള്ള അജണ്ടകൾ അല്ലെന്നും പല ഇസ്ലാമിക തീവ്രവാദ ഗ്രുപ്പുകളും ഉണ്ടെന്നാണ് ഇവർ വാദിക്കുന്നത്.
അതേസമയം ഡൽഹിയിൽ കാർഷിക നിയമം പിൻവലിക്കണമെന്ന ആവശ്യം അംഗീകരിക്കാത്ത കേന്ദ്രസർക്കാരിനെതിരെ സമരം കടുപ്പിച്ചിരിക്കുകയാണ് കർഷകർ. നിയമം പിൻവലിച്ചില്ലെങ്കിൽ റെയിൽ വേ ട്രാക്കുകൾ ഉപരോധിക്കുമെന്നാണ് കർഷകർ അറിയിച്ചിരിക്കുന്നത്.രണ്ടാഴ്ച പിന്നിടുന്ന കർഷക സമരം കോർപ്പറേറ്റ് വിരുദ്ധ സമരമായി മാറുകയാണ്. ജിയോയുടെ ഫോണുകളും സിം കാർഡുകളുമടക്കം എല്ലാ ഉത്പന്നങ്ങളും ഉപേക്ഷിക്കുമെന്നും ഇനിമേൽ ഉപയോഗിക്കുകയില്ലെന്നുമാണ് കർഷകർ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.നേരത്തെ കേന്ദ്രസർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ റിലയൻസ് ജിയോ സിം പൊട്ടിച്ചെറിഞ്ഞും കത്തിച്ചും നേരത്തെയും കർഷകർ പ്രതിഷേധിച്ചിരുന്നു. പഞ്ചാബിലെ കർഷകരാണ് സിം വലിച്ചെറിഞ്ഞും കത്തിച്ചും പ്രതിഷേധിച്ചത്. കോർപ്പറേറ്റുകൾക്കെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായാണ് റിലയൻസിന്റെ ജിയോ സിം കാർഡുകൾ പൊട്ടിച്ചുകളഞ്ഞ് പ്രതിഷേധിച്ചത്.
സോഷ്യൽ മീഡിയയിൽ ജിയോ സിമ്മിനെതിരായ ക്യാംപയിനിൽ, ചില പഞ്ചാബ് ഗായകരും ജിയോ സിമ്മുകൾ നശിപ്പിച്ചിരുന്നു. റിലയൻസ് പമ്പുകളിൽ നിന്ന് പെട്രോളുംഡീസലും അടിക്കരുതെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു.കാർഷിക നിയമങ്ങളിലൂടെ നരേന്ദ്രമോദി സർക്കാർ അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകളെ ശക്തിപ്പെടുത്തുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞിരുന്നു.
നേരത്തെ അദാനിക്കെതിരെ കർഷകർ ശക്തമായ നിലപാട് എടുത്തിട്ടില്ലായിരുന്നു. എന്നാൽ അദാനിയുടെ അഗ്രി കമ്പനി വരുന്നുണ്ടെന്നും ഇതിനുവേണ്ടി കൂടിയാണ് പുതിയ കാർഷിക നിയമ ഭേദഗതി എന്ന വാർത്തകൾ പുറത്തുവന്നതോടെയാണ്, കർഷക രോഷം മോദിയുടെ ഏറ്റവും പ്രിയപ്പെട്ട വ്യവസായി എന്നറിയപ്പെടുന്ന ഗൗതം അദാനിക്കെതിരെയും നീളുന്നത്. കാർഷിക ബിൽ രാജ്യസഭ പാസാക്കുന്നതിന് മുമ്പ് 2019ൽ അദാനി ഗ്രൂപ്പ് പത്തിലേറെ അഗ്രി കമ്പനികൾക്ക് രൂപം നൽകുകയുണ്ടായി. കാർഷിക വിളകൾ ശേഖരിക്കുന്ന കമ്പനികളാണ് ഇതെന്നാണ് കർഷക സമരത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.
മറുനാടന് ഡെസ്ക്