തിരുവനനന്തപുരം: കണ്ണൂർ രാമന്തളിയിൽ ആർഎസ്എസ് പ്രവർത്തകൻ ബിജു കൊല്ലപ്പെട്ട സംഭവത്തോടെ സിപിഎമ്മിനെതിരെ ദേശീയതലത്തിൽ ബിജെപി പ്രക്ഷോഭം ആരംഭിച്ചു കഴിഞ്ഞു. ആർഎസ്്എസ് പ്രവർത്തകനു നേർക്കുണ്ടായ ആക്രമണത്തിന് ദേശീയ തലത്തിൽ സിപിഎമ്മിനോട് പകരം ചോദിക്കുന്നതിന് ഒപ്പം തന്നെ പിണറായി സർക്കാറിനെ പ്രതിരോധത്തിലാക്കാനുമാണ് ശ്രമം നടക്കുന്നത്. ബിജെപി സംസ്ഥാന നേതാക്കൾ ഈ വിഷയത്തിൽ ഗവർണറുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധനവുമായി രംഗത്തെത്തിയിരുന്നു.

പ്രധാനമന്ത്രി മോദി നിയമിച്ച ഗവർണർ സംസ്ഥാനത്തെ ബിജെപിക്ക് അനുകൂല നിലപാട് സ്വീകരിക്കുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. ഈ പ്രതീക്ഷ അസ്ഥാനത്തായപ്പോഴാണ് ബിജെപി നേതാക്കൾ ഗവർണർ സദാശിവത്തിനെതിരെ രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കിൽ സദാശിവം ഗവർണർസ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് പറഞ്ഞ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനാണ് ആദ്യം ഗവർണർക്കെതിരെ രംഗത്തെത്തിയത്.

കഴിഞ്ഞദിവസം ഒ. രാജഗോപാൽ എംഎ‍ൽഎ. ഉൾപ്പെടെയുള്ള ബിജെപി. നേതാക്കൾ ഗവർണറെ സന്ദർശിച്ച് പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. അടിയന്തരമായി ഇടപെടണമെന്ന് നിർദ്ദേശിച്ച് നിവേദനം ഗവർണർ മുഖ്യമന്ത്രിക്കു കൈമാറി. ഗവർണറുടെ ഈ നടപടിയെ രൂക്ഷമായി വിമർശിച്ച് ബിജെപി. നേതാവ് എം ടി. രമേശ് രംഗത്തെത്തുകയുണ്ടായി. ഇതിനു പിന്നാലെയാണ് ഞായറാഴ്ച ഡൽഹിയിൽ ശോഭാ സുരേന്ദ്രൻ ഗവർണർക്കെതിരേ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. എല്ലാ പൗരന്മാരുടെയും ജീവന്റെയും സ്വത്തിന്റെയും ഉത്തരവാദിത്വം സംസ്ഥാനസർക്കാരിനുണ്ടെന്ന് ഗവർണറും മനസ്സിലാക്കണമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.

ഇതിലൂടെ കേന്ദ്രനേതൃത്വത്തിന്റെയും കേന്ദ്രസർക്കാരിന്റെയും പിന്തുണയോടെ ഗവർണർക്കുമേൽ നടപടിക്ക് സമ്മർദം ചെലുത്താനാണ് ശ്രമം. നേരത്തേ കേരളത്തിൽ സി.പി.എം. അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി ബിജെപി. കോഴിക്കോട്ടു ചേർന്ന ദേശീയ നിർവാഹകസമിതി യോഗത്തിനിടെ ഫോട്ടോ പ്രദർശനം ഉൾപ്പെടെ സംഘടിപ്പിച്ചിരുന്നു. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനെ തടയാനുള്ള ശ്രമങ്ങളും നടന്നു. ഭോപ്പാലിലും മംഗളൂരുവിലും ഉൾപ്പെടെ പിണറായിയെ തടയാനുള്ള ശ്രമമുണ്ടായെങ്കിലും പിന്നീട് ഇത്തരം പ്രതിഷേധങ്ങൾ അവസാനിപ്പിച്ചിരുന്നു.

അതേസമയം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂടിയായ ഗവർണർ ബിജെപിയുടെ ഇംഗിതത്തിന് വഴങ്ങാൻ സാധ്യതയില്ല. ഇതോടെ ആർഎസ്എസ് നേതാക്കളിൽ ആരെയെങ്കിലും ഗവർണർ സ്ഥാനത്ത് നിയമിക്കണമെന്നാണ് ബിജെപി സംസ്ഥാന നേതാക്കൾ ആവശ്യപ്പെടുന്നത്. എന്നാൽ, അതിന് മോദി വഴങ്ങുമോ എന്നാണ് കണ്ടറിയേണ്ടത്.

കേരളത്തിലെ ബിജെപി. പ്രവർത്തകരെ കൊലപ്പെടുത്തുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഡൽഹിയിൽ കാലുകുത്താൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് യുവമോർച്ച ഡൽഹി സംസ്ഥാന അധ്യക്ഷൻ സുനിൽ യാദവ് രംഗത്തെത്തിയിട്ടുണ്ട്. ഇടത് ഭരണത്തിന്റെ സൗകര്യമുപയോഗിച്ച് ബിജെപി.-ആർഎസ്എസ്. നേതാക്കളെ കൊന്നൊടുക്കുന്നത് ൈകയുംകെട്ടി നോക്കിനിൽക്കില്ല. ഡൽഹിയിൽ യോഗങ്ങൾക്ക് എത്തുന്ന നേതാക്കൾ ബിജെപി.യുടെ ശക്തി തിരിച്ചറിയേണ്ടിവരുമെന്നും യാദവ് പറഞ്ഞു.

അതേസമയം രാമന്തളിയിലെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ആവശ്യങ്ങളടങ്ങിയ ബിജെപി.യുടെ നിവേദനം മുഖ്യമന്ത്രിക്കു കൈമാറുകയും പ്രശ്നം കർക്കശമായി കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെടുകയുംചെയ്ത ഗവർണറുടെ നടപടിയെ ആരും പഴിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ പറയുന്നു. അതിനപ്പുറം നീങ്ങാൻ ഗവർണറെ ഭരണഘടന അനുവദിക്കുന്നുമില്ല. ക്രമസമാധാനം സംസ്ഥാന വിഷയമായിരിക്കെ എൽ.ഡി.എഫ്. സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബിജെപി.-ആർഎസ്എസ്. ദേശീയ ഗൂഢപദ്ധതിയുടെ ഭാഗമാണ് ബിജെപി. ഗവർണർക്കു നൽകിയ നിവേദനം.

കണ്ണൂരിൽ സമാധാനം പുലരുന്നതിനാണ് സി.പി.എം. നിലകൊള്ളുന്നത്. മുഖ്യമന്ത്രി മുൻകൈയെടുത്തു നടത്തിയ സമാധാനയോഗത്തിലും സി.പി.എം.-ആർഎസ്എസ്.-ബിജെപി. നേതാക്കൾ നടത്തിയ ഉഭയകക്ഷിചർച്ചയിലും സമാധാനം സംരക്ഷിക്കാനുള്ള തീരുമാനമാെണടുത്തത്. ഏതു സാഹചര്യത്തിലും അതിൽ ഉറച്ചുനിന്നു പ്രവർത്തിക്കുകയാണു വേണ്ടത്. അതുലംഘിക്കാൻ പാടില്ല. സി.പി.എം. പ്രവർത്തകർ ആ തീരുമാനം നടപ്പിൽവരുത്താൻ പ്രതിബദ്ധതയോടെ പ്രവർത്തിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടിട്ടുണ്ട്.