തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ പദ്ധതി റിപ്പോർട്ടിനെ വിമർശിച്ച് ബിജെപി. അശാസ്ത്രീയമായ ഡിപിആർ പുറത്തുവിട്ട് സർക്കാർ ജനങ്ങളുടെ കണ്ണിൽപ്പൊടിയിടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. സാമൂഹിക ആഘാത പഠനമോ പാരിസ്ഥിതിക ആഘാത പഠനമോ നടത്താതെ ഡിപിആർ പുറത്തുവിടുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന ചോദ്യമാണ് ബിജെപി ഉയർത്തുന്നത്.

കേരളത്തിലെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യാനുള്ള സിപിഎമ്മിന്റെ തന്ത്രമാണ് സിൽവർ ലൈൻ പദ്ധതിയെന്ന് ഡിപിആറിലൂടെ വ്യക്തമായെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.ക്വാറി മാഫിയയെ സഹായിക്കലാണ് സർക്കാരിന്റെ ലക്ഷ്യം. മറ്റു സംസ്ഥാനങ്ങളിൽ നിന്നും മണലും കല്ലും കൊണ്ടുവരുമെന്ന് പറയുന്നത് വലിയ അഴിമതി ലക്ഷ്യമിട്ടാണ്. എത്ര കല്ലും മണ്ണും വേണം എന്ന് കൃത്യമായി പറയാൻ കഴിയാത്ത തട്ടിക്കൂട്ട് ഡിപിആറാണ് ഇതെന്ന് പുറത്തുവിട്ടവർ തന്നെ സമ്മതിച്ചിരിക്കുകയാണ്.

കെ-റെയിൽ കേരളത്തെ വിഭജിക്കുമെന്ന ഇ.ശ്രീധരന്റെ മുന്നറിയിപ്പ് ശരിയാവുകയാണ്. രാജ്യത്തെ മഹാനഗരങ്ങളായ മുംബൈയേയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിനിൽ വരെ 36,000 യാത്രക്കാരെ പ്രതീക്ഷിക്കുമ്പോൾ കെ-റെയിലിൽ 80,000 യാത്രക്കാരെ പ്രതീക്ഷിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും സുരേന്ദ്രൻ ചോദിച്ചു.

ദ്രുത പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടുൾപ്പെടെയാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ഗ്രാഫിക് സ്റ്റഡി റിപ്പോർട്ടും ഉൾപ്പെടെയാണ് ഡിപിആർ. പൊളിക്കേണ്ട കെട്ടിടങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ, പദ്ധതി പ്രദേശത്തെ സസ്യജാലങ്ങളുടെ വിശദാംശങ്ങളും ഡിപിആറിൽ പങ്കുവയ്ക്കുന്നു. ആറ് വാല്യങ്ങളായി 3776 പേജുകളിലായാണ് വിശദമായ ഡിപിആർ.