ന്യൂഡൽഹി: ദുബായിൽ 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബിനോയ് കോടിയേരിക്കെതിരെ ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ബിജെപി കേന്ദ്ര നേതൃത്വം. കോടിയേരി സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സംഭവത്തിൽ സിപിഐഎം അധികാരദുർവിനിയോഗം നടത്തിയെന്നാണ് ബിജെപി കേന്ദ്രനേതൃത്വം ആരോപിക്കുന്നത്.

നേരത്തെ തന്റെ മകനെതിരെ യാതൊരു വിധ പരാതിയുമില്ലെന്ന് കോടിയേരി വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണത്തിൽ മകൻ ബിനോയ് കോടിയേരി മറുപടി പറയുമെന്നും അദേഹം പറഞ്ഞു. എകെജി സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തേക്ക് വരുമ്പോഴാണ് കോടിയേരി മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഇതിനിടെ കോടിയേരിയുടെ മകനെതിരെ ഉയർന്ന പരാതി ഒതുക്കി തീർക്കാൻ തലസ്ഥാനത്ത് തിരക്കിട്ട ശ്രമം തുടങ്ങിയിട്ടുണ്ട്. ദുബൈയിലെ ജാസ് ടൂറിസം പ്രതിനിധി രാഹുൽ കൃഷ്ണ തിരുവനന്തപുരത്തെത്തി. ബിനോയ് കോടിയേരിക്കെതിരെയുള്ള പരാതി പിൻവലിപ്പിക്കാൻ ഇദേഹവുമായി സിപിഎം പ്രതിനിധികൾ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലിൽ ചർച്ച നടത്തിയിരുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരിയും തമ്മിൽ എകെജി സെന്ററിൽ കൂടിക്കാഴ്ച നടത്തി. മാധ്യമ വാർത്തകൾ പുറത്തുവന്നതോടെനിയമസഭയിൽ നിന്ന് പിണറായി നേരിട്ട് എകെജി സെന്ററിൽ എത്തുകയായിരുന്നു.

ദുബായിൽ 13 കോടി രൂപയുടെ പണം തട്ടിപ്പു കേസിലെ മുഖ്യ പ്രതി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മകനാണെന്ന് വ്യക്തമായ രേഖകൾ പുറത്തുവന്നിരുന്നു. ദുബായിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനി കോടിയേരിയുടെ മൂത്തമകനായ ബിനോയ് കോടിയേരിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. കോടിയേരിയുടെ മകൻ നൽകിയ ചെക്കുകൾ മടങ്ങുകയും ആൾ ദുബായ് വിടുകയും ചെയ്ത സാഹചര്യത്തിൽ ഇന്റർപോളിന്റെ സഹായം തേടാൻ ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ നിർദ്ദേശം നൽകിയെന്നാണു കമ്പനി വൃത്തങ്ങൾ പറയുന്നത്.