കണ്ണൂർ: പാർട്ടി കോൺഗ്രസ്സിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച വാഹനം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തിയുടെതാണെന്നും സിപിഎം-എസ്ഡിപിഐ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള കൊടുക്കൽ വാങ്ങൽ നടന്നതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് പ്രസ്താവനയിൽ ആരോപിച്ചു.

യച്ചൂരി യാത്ര ചെയ്ത കെഎൽ 18 എ ബി-5000 ഫോർച്ച്യൂണർ വണ്ടി ഇരിങ്ങണ്ണൂർ കുഞ്ഞിപ്പുര മുക്കിൽ മൊടവന്തേരിയിലെ ചുണ്ടയിൽ സിദ്ദിഖിന്റെതാണ്. ഇദ്ദേഹം നിരവധി കേസിൽ പ്രതിയാണ്. 2010 ഒക്ടോബർ മാസം 21 ന് നാദാപുരം പൊലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 582/2010 രജിസ്റ്റർ ചെയ്ത, ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനായ സജിൻ ചന്ദ്രൻ എന്നയാളെ അകാരണമായി തടഞ്ഞ് വെച്ച് മർദ്ദിച്ചവശനാക്കിയ സംഘത്തിന്റെ നേതാവാണ് ചുണ്ടയിൽ സിദ്ദിഖ്. ഇതിന് പുറമേ നാദാപുരം മേഖലയിൽ നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്.

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററുടെ നിർദ്ദേശ പ്രകാരമാണ് വാഹനമെത്തിച്ചത്. സിപിഎമ്മുമായി പുലബന്ധമില്ലാത്ത ഇയാൾ പകൽ ലീഗും രാത്രികാലങ്ങളിൽ എസ്ഡിപിഐയുടെയും പ്രവർത്തകനാണ്. അതോടൊപ്പം തന്നെ ഇയാൾ സിപിഎമ്മുമായും സജീവ ബന്ധം നിലനിർത്തുന്നു. സിദ്ദിഖിന്റെ വാഹനം അഖിലേന്ത്യാ സെക്രട്ടറി ഉപയോഗിച്ചതിലൂടെ സിപിഎമ്മും എസ്ഡിപിഐയും തമ്മിലുള്ള ബന്ധമാണ് വ്യക്തമാകുന്നത്. അഖിലേന്ത്യാ സെക്രട്ടറിക്ക് ഉപയോഗിക്കാനുള്ള വാഹനം പോലും എസ്ഡിപിഐക്കാൻ നൽകേണ്ട സാഹചര്യം വ്യക്തമാക്കുന്നത് സിപിഎം നേതൃത്വവും എസ്ഡിപിഐയും തമ്മിലുള്ള ബന്ധമാണ്.

സജിൻ ചന്ദ്രനെ അക്രമിച്ചതിലും ദുരൂഹതയുണ്ട്. സജിൻ ചന്ദ്രനെ കൊല്ലാനുള്ള നീക്കമാണ് നടന്നത്. ഈ കേസ് ഒതുക്കിത്തീർക്കാൻ നിരവധി തവണ മധ്യസ്ഥതവഹിച്ചത് സിപിഎം നേതാക്കളാണ്. ഈ കേസുമായി ബന്ധപ്പെട്ട് ചുണ്ടയിൽ സിദ്ദിഖിനെ സഹായിക്കാനുള്ള ഒത്തുകളിയുടെ ഭാഗമാണോ ഇത്തരം കൊടുക്കൽ വാങ്ങലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണം. ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണം. എസ്ഡിപിഐയെ സഹായിക്കാനുള്ള സിപിഎം വ്യഗ്രത കേരളത്തിലങ്ങോളമിങ്ങോളം നമുക്ക് കാണാൻ സാധിക്കുമെന്നും എൻ.ഹരിദാസ് പ്രസ്താവനയിൽ ആരോപിച്ചു.