- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിക്കെതിരെ തെളിവുണ്ടെങ്കിൽ പാർലമെന്റിന് പുറത്ത് രാഹുൽ വെളിപ്പെടുത്താത്തത് പേടികൊണ്ടാണോയെന്ന് ചോദിച്ച് കെജ്രിവാൾ; രാഹുലിന്റെ ആരോപണം സെൽഫ് ഗോളിനു ശേഷം ഈവർഷത്തെ മികച്ച തമാശയെന്ന് ബിജെപി; 'ഭൂകമ്പമുണ്ടാക്കുന്ന രഹസ്യം' തുറന്നു പറയാത്തതിന് സോഷ്യൽ മീഡിയയിലും കോൺഗ്രസ് ഉപാധ്യക്ഷന് വിമർശനം
ന്യൂഡൽഹി: കറൻസി നിരോധനം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വൻ നേട്ടമുണ്ടാക്കിയെന്നും മോദി അഴിമതി നടത്തിയതിന് തന്റെ പക്കൽ തെളിവുണ്ടെന്നും പ്രഖ്യാപിച്ച കോൺഗ്രസ് ഉപാധ്യക്ഷനെതിരെ വൻ വിമർശനവുമായി ബിജെപി നേതൃത്വം. രാഹുലിന്റെ ആരോപണം തമാശയാണെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ കിരൺ റിജ്ജു പരിഹസിച്ചു. 'സെൽഫ് ഗോളിനു ശേഷം ഈ വർഷത്തെ ഏറ്റവും മികച്ച തമാശയുമായി കോൺഗ്രസ് രംഗത്ത്. രാഹുൽ ഗാന്ധിയുടെ പ്രാസംഗിക മിടുക്കിൽ മോദി കിടുങ്ങിപ്പോയത്രേ' റിജ്ജു ട്വിറ്ററിൽ കുറിച്ചു. അതേസമയം, മോദി അഴിമതി നടത്തിയതിനു തെളിവുണ്ടെങ്കിൽ രാഹുൽ ഗാന്ധി എന്തുകൊണ്ടാണ് പാർലമെന്റിനു പുറത്ത് വെളിപ്പെടുത്താത്തതെന്ന ചോദ്യവുമായാണ് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്!രിവാൾ രംഗത്തെത്തിയത്. മോദിക്കെതിരെ ശക്തമായ തെളിവുകൾ കയ്യിലുണ്ടെങ്കിൽ അത് പാർലമെന്റിന് പുറത്ത് വെളിപ്പെടുത്തുന്നതിന് രാഹുൽ എന്തിനാണ് ഭയക്കുന്നതെന്ന ചോദ്യമുയർത്തി നിരവധി പേർ സോഷ്യൽ മീഡിയയിലും രംഗത്തെത്തി. പാർലമെന്റിൽ ഉന്നയിച്ചാൽ കേസ് ഭയക്കേണ്ടതില
ന്യൂഡൽഹി: കറൻസി നിരോധനം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വൻ നേട്ടമുണ്ടാക്കിയെന്നും മോദി അഴിമതി നടത്തിയതിന് തന്റെ പക്കൽ തെളിവുണ്ടെന്നും പ്രഖ്യാപിച്ച കോൺഗ്രസ് ഉപാധ്യക്ഷനെതിരെ വൻ വിമർശനവുമായി ബിജെപി നേതൃത്വം. രാഹുലിന്റെ ആരോപണം തമാശയാണെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ കിരൺ റിജ്ജു പരിഹസിച്ചു. 'സെൽഫ് ഗോളിനു ശേഷം ഈ വർഷത്തെ ഏറ്റവും മികച്ച തമാശയുമായി കോൺഗ്രസ് രംഗത്ത്. രാഹുൽ ഗാന്ധിയുടെ പ്രാസംഗിക മിടുക്കിൽ മോദി കിടുങ്ങിപ്പോയത്രേ' റിജ്ജു ട്വിറ്ററിൽ കുറിച്ചു.
അതേസമയം, മോദി അഴിമതി നടത്തിയതിനു തെളിവുണ്ടെങ്കിൽ രാഹുൽ ഗാന്ധി എന്തുകൊണ്ടാണ് പാർലമെന്റിനു പുറത്ത് വെളിപ്പെടുത്താത്തതെന്ന ചോദ്യവുമായാണ് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്!രിവാൾ രംഗത്തെത്തിയത്. മോദിക്കെതിരെ ശക്തമായ തെളിവുകൾ കയ്യിലുണ്ടെങ്കിൽ അത് പാർലമെന്റിന് പുറത്ത് വെളിപ്പെടുത്തുന്നതിന് രാഹുൽ എന്തിനാണ് ഭയക്കുന്നതെന്ന ചോദ്യമുയർത്തി നിരവധി പേർ സോഷ്യൽ മീഡിയയിലും രംഗത്തെത്തി.
പാർലമെന്റിൽ ഉന്നയിച്ചാൽ കേസ് ഭയക്കേണ്ടതില്ലെന്ന സാധ്യതയാണ് രാഹുൽ പ്രയോജനപ്പെടുത്തുന്നതെന്നും വസ്തുനിഷ്ഠമായ തെളിവുകൾ കയ്യിലില്ലാതെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കാനാണ് കോൺഗ്രസ് ഉപാധ്യക്ഷൻ ഒരുങ്ങുന്നതെന്നും വിർമശകർ ചൂണ്ടിക്കാട്ടുന്നു. മോദി അഴിമതി നടത്തിയെന്ന പ്രത്യക്ഷമായ തെളിവുണ്ടെങ്കിൽ അത് മാദ്ധ്യമങ്ങൾക്കുമുന്നിൽ തുറന്നുപറയാമല്ലോ എന്നും ഒരു വിഭാഗം ചോദിക്കുന്നുണ്ട്.
താൻ പാർലമെന്റിൽ സംസാരിച്ചാൽ ഭൂമികുലുക്കമുണ്ടാകുമെന്നു പറഞ്ഞ രാഹുലിന്റെ പ്രസ്താവന അപഹാസ്യമാണെന്ന് ബിജെപി നേതാവ് പ്രകാശ് ജാവേദ്കർ അഭിപ്രായപ്പെട്ടു. ഇപ്പോൾ രാഹുലിന്റെ കാലിനടിയിലെ മണ്ണ് ഒലിച്ചു പോവുകയാണ്. അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം എന്തുകൊണ്ടാണ് പാർലമെന്റ് പ്രവർത്തിക്കാൻ അനുവദിക്കാത്തതെന്ന് ചോദിച്ചുകൊണ്ടാണ് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു രംഗത്തെത്തിയത്.
പ്രധാനമന്ത്രിയ്‌ക്കെതിരായ രാഹുലിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാറും പറഞ്ഞു. രാഹുലിന് ക്ഷമ നശിച്ചു. ഇത്തരത്തിൽ ഒരു വിവരം ലഭിച്ചിരുന്നെങ്കിൽ എന്തുകൊണ്ട് നേരത്തെ അതു വെളിപ്പെടുത്തിക്കൂട? രാഹുൽ ഭൂമി കുലുങ്ങുന്ന തരത്തിൽ യാതൊരു കാര്യവും ഇതുവരെ പറഞ്ഞിട്ടില്ല. തെറ്റായ ആരോപണം ഉന്നയിച്ച രാഹുൽ ഗാന്ധി മാപ്പു പറയണമെന്നും അനന്ത് കുമാർ ആവശ്യപ്പെട്ടു.
നോട്ടുനിരോധനത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് അഴിമതി നടത്തിയെന്നും ഇതിന്റെ വ്യക്തമായ തെളിവുകൾ തന്റെ പക്കലുണ്ടെന്നും വ്യക്തമാക്കിയായിരുന്നു രാഹുൽ ഗാന്ധി ഇന്ന് രംഗത്തെത്തിയത്. രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതിലൂടെ മോദി നേരിട്ട് അഴിമതി നടത്തി. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ കയ്യിലുണ്ട്. ഇക്കാര്യം സഭയിൽ വിശദീകരിക്കാൻ തയാറാണ്. പക്ഷേ, തന്നെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കേവലം ഒരു വ്യക്തി എന്ന നിലയിൽ അല്ല ആരോപണം ഉന്നയിക്കുന്നത്. തന്റെ സ്ഥാനം എന്താണെന്ന് കൃത്യമായ ബോധ്യത്തോടെയാണ് കാര്യങ്ങൾ പറയുന്നത് എന്ന ആമുഖത്തോടെയാണ് രാഹുൽ മാദ്ധ്യമപ്രവർത്തകരെ കണ്ട് ആരോപണം ഉന്നയിക്കുകയായിരുന്നു.
പ്രധാനമന്ത്രി തന്നെ സംസാരിക്കാൻ അനുവദിക്കുന്നില്ല. ഞാൻ സംസാരിച്ചാൽ ഊതി വീർപ്പിച്ചതുപോലെയുള്ള തന്റെ ഇമേജ് തകരുമെന്നാണ് മോദി കരുതുന്നതെന്നും രാഹുൽ ആരോപിച്ചു. അതേസമയം, കറൻസി നിരോധനത്തിന് ശേഷം ഇത്തരത്തിൽ ഗൗരവമായ ഒരു ആരോപണം ഉന്നയിക്കാൻ കോൺഗ്രസ് രംഗത്തെത്തുന്നത് ആദ്യമാണെന്നതിനാൽ എന്താണ് രാഹുൽ ഉദ്ദേശിക്കുന്ന അഴിമതി ആരോപണമെന്നത് ഇതിനകം ചർച്ചയായിക്കഴിഞ്ഞു.



