ന്യൂഡൽഹി: മാനുഷിക പരിഗണന കണക്കിലെടുത്ത് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ലളിത് മോദിക്കു ചെയ്ത സഹായത്തിനു പിന്തുണ അറിയിച്ച ബിജെപി നേതൃത്വം രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ കൈവിട്ടു. അതിനിടെ, വസുന്ധര രാജെ സിന്ധ്യ രാജിവയ്ക്കണമെന്ന് രാജസ്ഥാനിലെ ബിജെപി നേതാക്കൾ തന്നെ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

വിവാദത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രിക്ക് തൽക്കാലം പിന്തുണ നൽകേണ്ടതില്ലെന്നാണ് ബിജെപി തീരുമാനം. സ്ഥിതിഗതികൾ വിശദമായി വിലയിരുത്തിയശേഷം രാജെയെ പിന്തുണച്ച് സംസാരിച്ചാൽ മതിയെന്നാണ് നേതാക്കൾക്ക് ബിജെപി നിർദ്ദേശം നൽകിയത്.

ലളിത് മോദിയെ വസുന്ധര സഹായിച്ചതായുള്ള വിവരങ്ങൾ പുറത്തുവന്നതിനു പിന്നാലെ പാർട്ടി അധ്യക്ഷൻ അമിത് ഷാ രാജസ്ഥാൻ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചിരുന്നു. വസുന്ധരാ രാജെയുടെ മകൻ ദുഷ്യന്ത് സിങ്ങിന്റെ കമ്പനിക്ക് മോദി 11.6 കോടിരൂപ നൽകിയെന്ന ആരോപണവും പുറത്തുവന്നിരുന്നു. ഇതേക്കുറിച്ചും രാജെ അമിത് ഷായോട് വിശദീകരിച്ചുവെന്നാണ് സൂചന. വിശദീകരണങ്ങൾ നൽകിയെങ്കിലും ഇതെക്കുറിച്ച് കാര്യമായി പഠിക്കാതെ വസുന്ധരയ്ക്ക് പിന്തുണ വേണ്ടെന്ന നിലപാടിലാണ് ബിജെപി.

2011ൽ ബ്രിട്ടനിലേക്കു കുടിയേറാനുള്ള ലളിത് മോദിയുടെ അപേക്ഷയിൽ സാക്ഷിയായതു വസുന്ധര രാജെയാണെന്നു തെളിയിക്കുന്ന രേഖകൾ ലളിത് മോദിയുടെ സഹായികൾ പരസ്യമാക്കിയിരുന്നു. തന്റെ ഇടപെടൽ അതീവ രഹസ്യമായി സൂക്ഷിക്കണമെന്ന വ്യവസ്ഥയിലാണ് അന്ന് രാജസ്ഥാൻ നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന വസുന്ധര പിന്തുണ നൽകിയത്.

വിവാദത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് വസുന്ധരാ രാജെയ്ക്ക് അറിയാമെന്ന് ബിജെപി രാജ്യസഭാംഗം ഛന്ദൻ മിശ്ര പറഞ്ഞു. വസ്തുതകൾ അവർ വ്യക്തമാക്കട്ടെ. പാർട്ടിക്ക് വിവരങ്ങൾ ലഭ്യമായശേഷം ഔദ്യോഗിക പ്രതികരണമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടെയാണ് പ്രശ്‌നത്തിൽ വസുന്ധരയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയിലെ എംഎൽഎമാർ അടക്കമുള്ളവർ രംഗത്തെത്തിയത്. നേരത്തെ സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെടാൻ ആലോചിച്ച ബിജെപി നേതൃത്വം ആർഎസ്എസിന്റെ ഇടപെടലിനെ തുടർന്ന് സുഷമയ്ക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വസുന്ധരയുടെ കാര്യത്തിൽ ഇതുവരെ അത്തരത്തിലൊരു നീക്കം ബിജെപിയോ ആർഎസ്എസോ നടത്തിയിട്ടില്ല.

പാർട്ടിക്കുള്ളിലെ അലോസരങ്ങൾ രാജസ്ഥാൻ ബിജെപിക്കു വിനയായതോടെ സന്ദർഭം മുതലെടുക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. ബിജെപി കൂടി കൈയൊഴിഞ്ഞതോടെ കോൺഗ്രസ് നേതൃത്വം വസുന്ധരയുടെ രാജിക്കായി മുറവിളി കൂട്ടിത്തുടങ്ങിയിട്ടുണ്ട്.