തിരുവനന്തപുരം: പൊതു സമൂഹത്തിൽ ബിജെപിക്ക് എന്തെങ്കിലും ചർച്ച ചെയ്യാനാകുമ്പോൾ അത് എങ്ങനേയും അട്ടിമറിക്കുന്ന ചിലരുടണ്ട്. അതിലൊരു പേരുകാരനാണ് ബിജെപിയുടെ സംസ്ഥാന നേതാവ് ഗോപാലകൃഷ്ണൻ. അബദ്ധങ്ങൾ എഴുന്നള്ളിച്ച് ബിജെപി മുന്നോട്ട് വയ്ക്കുന്ന ചർച്ചകളെ പോലും അട്ടിമറിക്കുന്നവരിൽ പ്രധാനി. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിന്റെ ചർച്ചയിലും ഗോപാലകൃഷ്ണൻ അബദ്ധം പറഞ്ഞു. ഒരിക്കലും പറയാൻ പാടില്ലാത്ത കളവ്. ഇത് ഏഷ്യാനെറ്റ് ന്യൂസ് പൊളിക്കുകയും ചെയ്തു.

എവിടെ വേണമെങ്കിലും പ്രശ്‌നമുണ്ടാക്കി പിണറായി വിജയന്റെ ഗുഡ് സർട്ടിഫിക്കറ്റ് നേടാൻ നടക്കുന്ന പൊലീസ് ഉദ്യോഗസ്ഥനുണ്ടല്ലോ... മനോജ് എബ്രഹാം. മനോജ് എബ്രഹാമാണ് ഇതിന് പിന്നിൽ. വിടൂല്ല ഞങ്ങൾ എന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ഇതോട് അവിടെ വേറേയും ഐജിമാരുണ്ടല്ലോ എന്ന് അവതാരകനായ വിനു വി ജോൺ ചോദിച്ചു. ഇതോടെ ഗോപാലകൃഷ്ണന് നിയന്ത്രണം വിട്ടു. നിങ്ങളുടെ മനസിൽ വിനു വി ജോൺ ആയതു കൊണ്ട് പറയുന്നത്. സെൻകുമാർ അയാളുടെ കോളറിൽ പടിച്ചത് അറിയാമല്ലോ... സെൻകുമാർ വേറൊന്നും ഉദ്ദേശിച്ച് ചെയ്തതെന്ന് വിനുവിന് അറിയാമല്ലോ?-എന്ന് വിനു വി ജോണിനോട് ഗോപാലകൃഷ്ണൻ പറഞ്ഞു. ഇതോടെ വിനു വി ജോൺ എംജി കോളേജിൽ എന്താണ് സംഭവിച്ചതെന്ന് പറഞ്ഞു കൊടുക്കുകയും ചെയ്തു. വാദങ്ങൾ വിജയിപ്പിക്കാൻ വേണ്ടി തെറ്റിധാരണ നടത്താൻ ശ്രമിക്കുന്ന ഗോപാലകൃഷ്ണനെ പൊളിച്ചു കൊടുക്കുകയും ചെയ്തു.

2005 നവംബർ 23നായിരുന്നു എംജി കോളേജിലെ വിവാദ സംഭവം. തിരുവനന്തപുരത്ത് കേശവദാസപുരത്ത് പൊലീസിനെ ആക്രമിച്ച ആർഎസ്എസ്- എബിവിപി സംഘം കോളേജിനകത്തേക്ക് ഓടിക്കയറി. മെയിൻ ഗേറ്റ് അടച്ച അക്രമികൾ അവിടെയെത്തിയ പൊലീസിനുനേരെ ബോംബും കല്ലും എറിഞ്ഞു. കല്ലേറിൽ മെഡിക്കൽ കോളേജ് സിഐയായിരുന്ന അജിത്, പേരൂർക്കട സിഐയായിരുന്ന സുരേഷ് എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇതോടെ കമീഷണർ മനോജ് എബ്രഹാം കൂടുതൽ പൊലീസുമായെത്തി ഗേറ്റ് ചവിട്ടിത്തുറന്ന് അകത്തുകയറി. ക്ലാസിനകത്തേക്ക് വലിഞ്ഞ അക്രമികൾ കമീഷണർക്കുനേരെ ബോംബെറിയുകയായിരുന്നു. ഈ ബോംബാണ് മ്യൂസിയം സിഐയായിരുന്ന മോഹനൻനായരുടെമേൽ പതിച്ചത്. അദ്ദേഹത്തിന്റെ കാലിലെ മാംസം ചിന്നിച്ചിതറി.

ബോംബും വലിയ കല്ലുകളും എറിഞ്ഞായിരുന്നു ആർഎസ്എസ് ജില്ലാ കാര്യവാഹുകളുടെ നേതൃത്വത്തിൽ അക്രമം. അതോടെ പൊലീസ് ക്ലാസ്‌റൂമിലേക്ക് കയറി അക്രമികളെ പിടിക്കാൻ തുടങ്ങി. ഈ സമയത്താണ് സെൻകുമാർ എത്തിയത്. വന്നപാടെ കോളേജിൽ അക്രമം കാട്ടിയ ഒരു പൊലീസുകാരന്റെ യൂണിഫോമിൽ കടന്നുപിടിക്കുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. വൻ ആയുധശേഖരം അന്ന് ക്യാമ്പസിൽനിന്ന് പിടികൂടിയിരുന്നു. എത്ര കടുത്ത സാഹചര്യത്തിലും പൊലീസ് ക്രിമിനലാവാൻ പാടില്ലെന്നും, സ്വയം നിയന്ത്രണം വേണം എന്ന നിലപാടുകാരനായിരുന്നു ടിപി സെൻകുമാർ. സെൻകുമാർ തിരുവനന്തപുരം റേഞ്ച് ഐജിയായിരുന്ന കാലത്താണ് തിരുവനന്തപുരം എംജി കോളേജിൽ എബിവിപി-ആർഎസ്.എസ് പ്രവർത്തകർ പൊലീസിനെ ആക്രമിച്ച സംഭവമുണ്ടായത്.

സംഭവസ്ഥലത്തെത്തിയ മ്യൂസിയം സിഐക്ക് നേരെ ബോംബേറുണ്ടായതോടെയാണ് സെൻകുമാറടക്കമുള്ള ഉന്നതഉദ്യോഗസ്ഥർ കോളേജിലെത്തിയത്. മുഴുവൻ വിദ്യാർത്ഥികളേയും ഒഴിപ്പിച്ച് കോളേജ് അടയ്ക്കാൻ സെൻകുമാർ പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാൽ വിദ്യാർത്ഥികളെ മർദ്ദിക്കരുതെന്നും നിർദ്ദേശിച്ചു. എന്നാൽ ഇതിന് വിരുദ്ധമായി ഒരു പൊലീസുകാരൻ വിദ്യാർത്ഥിയെ മർദ്ദിക്കാൻ ശ്രമിച്ചതോടെ സെൻകുമാർ കുപിതനായി. നിർദ്ദേശം ലംഘിച്ച ഉദ്യോഗസ്ഥന്റെ കുത്തിന് പിടിച്ച് അദ്ദേഹം അന്നത്തെ സിറ്റി പൊലീസ് കമ്മീഷണർ മനോജ് എബ്രാഹാമിനോട് പൊലീസുകാരനെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടു.

പൊലീസ് കോൺസ്റ്റബിളിനെ തൂക്കിയെടുത്ത് ഗർജ്ജിക്കുന്ന ഐജിയുടെ ചിത്രം പിറ്റേദിവസം എല്ലാം പത്രങ്ങളിലും അച്ചടിച്ചു വന്നു. പല കോണുകളിൽ നിന്നും സെൻകുമാറിനെതിരെ വിമർശനം ഉയർന്നെങ്കിലും താൻ ചെയ്തതിൽ തെറ്റൊന്നുമില്ലെന്ന നിലപാടിലായിരുന്നു സെൻകുമാർ. അക്രമം ചെയ്തവർ അതിനോടകം കോളേജ് വിട്ടിരുന്നുവെന്നും പൊലീസിനെ കണ്ട പരിഭ്രാന്തരായ വിദ്യാർത്ഥികൾ മാത്രമായിരുന്നു അവിടെ അവശേഷിച്ചിരുന്നതെന്നും സെൻകുമാർ ചൂണ്ടിക്കാട്ടി. തങ്ങളെ ആരെങ്കിലും ആക്രമിച്ചാൽ അവരെ കണ്ടെത്താനാണ് പൊലീസ് ശ്രമിക്കേണ്ടതെന്നും അല്ലാതെ കൈയിൽ കിട്ടുന്നവരോട് രോഷം തീർക്കുകയല്ല ചെയ്യേണ്ടതെന്നുമായിരുന്നു സെൻകുമാറിന്റെ നിലപാട്. ഇതിന് കൈയടിയും കിട്ടി.

എംജി കോളേജിലെ പ്രശ്‌നം വഷളാകാതെ നോക്കിയതിൽ ഐജി മനോജ് എബ്രഹാമിനും വലിയ പങ്കുണ്ട്. ഇതും ഏറെ അംഗീകരിക്കപ്പെട്ട സംഭവാണ്. ഈ വിഷയത്തിൽ സെൻകുമാർ പൊലീസുകാരന്റെ കോളറിലാണ് പിടിച്ചത്. ഇത് വളച്ചൊടിച്ച് മനോജ് എബ്രഹാമിന്റെ തലയിലേക്ക് ചാരാനായിരുന്നു ഗോപാലകൃഷ്ണന്റെ ശ്രമം. ഇതാണ് സോഷ്യൽ മീഡിയ പൊളിക്കുന്നതും.