ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ സാകൂതം നിരീക്ഷിക്കുകയാണ് ബിജെപി കേന്ദ്ര നേതൃത്വം. ശശികലയ്ക്കായി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് രണ്ടുദിവസത്തിനകം, തുറന്നടിച്ച് രംഗത്തുവന്ന പനീർശെൽവത്തിന് പിന്നിൽ ബിജെപിയാണെന്ന അഭ്യൂഹം ശക്തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അധ്യക്ഷൻ അമിത് ഷായുടെയും പിന്തുണ പനീർശെൽവത്തിനുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ജയലളിതയുടെ ശവകുടീരത്തിലെത്തി അരമണിക്കൂറോളം ധ്യാനനിരതനായിരുന്ന പനീർശെൽവം, വെളിപാടുണ്ടായതുപോലെയാണ് ശശികലയെ തള്ളിപ്പറഞ്ഞത്. എന്നാൽ, ഇത് മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച നടപടിയാണെന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. മുതിർന്ന നേതാവും മുൻ സ്പീക്കറുമായ പി.എച്ച്. പാണ്ഡ്യൻ നേരത്തെ ശശികലയ്‌ക്കെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പനീർശെൽവത്തിന്റെ വെളിപ്പെടുത്തൽ.

40 എംഎൽഎമാരെങ്കിലും പനീർശെൽവത്തിന്റെ കൂടെയുണ്ടെന്നാണ് കണക്കുകൂട്ടുന്നത്. പുതിയ സർക്കാർ രൂപവൽക്കരണ ഘട്ടത്തിലേക്ക് കടക്കുകയാണെങ്കിൽ, ഡിംഎംകെ താത്കാലികമായി പനീർശെൽവത്തെ സഹായിച്ചേക്കുമെന്നും സൂചനയുണ്ട്. ബിജെപിയുടെ പിന്തുണയോടെ അധികാരത്തിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ഒ.പി.എസ്. നാടകീയ പ്രഖ്യാപനം നടത്തിയതെന്നാണ് വിലയിരുത്തൽ.

ജയലളിതയുടെ മരണത്തിന് തൊട്ടുപിന്നാലെ എ.ഐ.എ.ഡി.എം.കെ നേതൃസ്ഥാനത്തേയ്ക്ക് ശശികലയുടെ വരവ് പനീർശെൽവത്തെ ചൊടിപ്പിച്ചിരുന്നു. എന്നാൽ, മാന്യനും മിതഭാഷിയുമായ ഒ.പി.എസ്. തന്റെ അവസരത്തിനായി കാത്തുനിൽക്കുകയായിരുന്നു. സമ്മർദത്തിന് വഴങ്ങി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചെങ്കിലും, രണ്ടുദിവസത്തിനിടെ അതിശക്തമായി പ്രതികരിച്ചുകൊണ്ട് ശശികലയുടെ സ്ഥാനാരോഹണം താൽക്കാലികമായെങ്കിലും തടയാൻ അദ്ദേഹത്തിനായി.

ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പനീർശെൽവം കൂടിക്കാഴ്ച നടത്തിയിരുന്നതായും സൂചനകളുണ്ട്. തമിഴ്‌നാട്ടിൽ കാര്യമായ നേട്ടമൊന്നുമില്ലാത്ത ബിജെപി, പനീർശെൽവത്തെ കരുവാക്കി അവിടെ കളംപിടിക്കാനുള്ള ശ്രമത്തിലാണ്. എ.ഐ.എ.ഡി.എം.കെയിലെ പിളർപ്പ് അതിനുള്ള ചവിട്ടുപടിയായി മാറ്റാമെന്നും അമിത്ഷായെപ്പോലുള്ളവർ കരുതുന്നു.