പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളി ഇത്തവണ മത്സരിക്കില്ല. എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രചരണത്തിനും ഇറങ്ങില്ല. ഈ സാഹചര്യത്തിലും എൻഡിഎയിൽ ബിഡിജെഎസിന് സീറ്റ് കുറയില്ല. എന്നാൽ വിജയസാധ്യതയുള്ള സീറ്റുകൾ ബിജെപി ഏറ്റെടുക്കും. അതിനിടെ തുഷാർ വെള്ളാപ്പള്ളി കായംകുളത്ത് മത്സരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാൽ മത്സരത്തിനില്ലെന്ന നിലപാടിലാണ് തുഷാർ.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ തുഷാർ മത്സരിച്ചിരുന്നു. എന്നാൽ വലിയ മുന്നേറ്റം ഉണ്ടാക്കാനായില്ല. ഈ സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം. എൻ.ഡി.എ. മത്സരിക്കുന്ന സീറ്റുകളും തന്ത്രങ്ങളും ആസൂത്രണംചെയ്യാൻ ഫെബ്രുവരി ആദ്യം എൻ.ഡി.എ.യിൽ പ്രാഥമിക ചർച്ചകൾ തുടങ്ങും. ഇതിൽ സീറ്റ് വിഭജനം പൂർത്തിയാകും. തിരുവനന്തപുരത്ത് കോവളവും വർക്കലയും പോലുള്ള സീറ്റുകൾ ബിജെപി ഏറ്റെടുക്കും.

ഇത്തരം പ്രധാന സീറ്റുകൾ ഒന്നും ബിഡിജെഎസിന് നൽകാൻ ഇടയില്ല. തിരുവനന്തപുരത്തും കൊല്ലത്തും ബിജെപി തന്നെയാകും പ്രധാന സീറ്റിൽ മത്സരിക്കുക. വെള്ളാപ്പള്ളി ഇത്തവണ പ്രചരണത്തിന് ഉണ്ടാകില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹെലികോപ്ടറിൽ പറന്നു നടന്നായിരുന്നു വെള്ളാപ്പള്ളിയുടെ വോട്ട് പിടിത്തം. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ചെറിയ നേട്ടം ഉണ്ടാക്കി. എന്നാൽ ബിഡിജെഎസ് വമ്പൻ പരാജയമായിരുന്നു. ഈ സാഹചര്യത്തിലാണ് എൻഡിഎയിലെ സീ്റ്റ് വിഭജനത്തിൽ ബിജെപി പിടിമുറുക്കുന്നത്.

മുന്നണിയിലെ പ്രധാന നേതാക്കൾ നേരത്തേ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെ ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് കോവിഡ് ബാധിച്ചതിനാൽ ചർച്ചകൾ മുന്നോട്ടുപോയില്ല. അധ്യക്ഷൻ തിരിച്ചുവന്നതിനുശേഷം മുന്നണിയോഗം വിളിക്കും. സുരേന്ദ്രൻ മത്സരിക്കാൻ ഇടയില്ല. അതുകൊണ്ട് തന്നെ എൻഡിഎയുടെ നേതൃത്വം സുരേന്ദ്രൻ തന്നെ നിർവ്വഹിക്കും. എൻഡിഎയ്ക്ക് ചെയർമാനെ നിയോഗിക്കാൻ സാധ്യത കുറവാണ്.

തദ്ദേശതിരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായെന്നാണ് മുന്നണിയുടെ വിലയിരുത്തൽ. മെച്ചപ്പെട്ട പ്രകടനത്തിലൂടെ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുറപ്പിക്കുകയാണ് ലക്ഷ്യം. ബി.ഡി.ജെ.എസും ബിജെപി.യും കഴിഞ്ഞതവണ മത്സരിച്ച സീറ്റുകളിൽതന്നെ വീണ്ടും മത്സരിക്കാനാണ് സാധ്യത. എന്നാൽ, ജയസാധ്യത അടിസ്ഥാനമാക്കി സീറ്റുകൾ വെച്ചുമാറിയേക്കും. തിരുവനന്തപുരത്തും കൊല്ലത്തും ഇത് വേണ്ടി വരുമെന്ന് ബിജെപി പറയുന്നു.

മുന്നണിയിൽനിന്ന് പുറത്തുപോയ സി.കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ജെ.ആർ.പി. ഉൾപ്പെടെയുള്ള പാർട്ടികൾ മത്സരിച്ച മണ്ഡലങ്ങൾ ബിജെപി. ഏറ്റെടുത്തേക്കും. തിരഞ്ഞെടുപ്പിനു തയ്യാറെടുത്ത് ബിജെപി. സംസ്ഥാന ജനറൽസെക്രട്ടറിമാരുടെ യോഗം ചേർന്നിരുന്നു. ജില്ലകളിൽ ബിജെപി.യുടെ മണ്ഡലം ശിബിരങ്ങളും തുടങ്ങി. ബൂത്തുതല കമ്മിറ്റികളും ഉടൻ വിളിക്കും.

നേതാക്കൾ സ്വന്തംജില്ലകളിൽതന്നെ മത്സരിക്കാനാണ് പാർട്ടി നിർദ്ദേശം നൽകിയിരിക്കുന്നത്. മുതിർന്ന നേതാക്കൾക്ക് വിട്ടുവീഴ്ചയുണ്ടാകും. പ്രമുഖരെല്ലാം മത്സരത്തിനുണ്ടാകും. തിരുവനന്തപുരം, കൊല്ലം, അലപ്പുഴ, തൃശൂർ, പത്തനംതിട്ട, പാലക്കാട്, കാസർഗോഡ് ജില്ലകളിലാകും കൂടുതൽ ശ്രദ്ധ നൽകുക. എൻ എസ് എസിനെ ചേർത്ത് നിർത്തി മുമ്പോട്ട് പോകാനാണ് ബിജെപിയുടെ ശ്രമം.