ന്യൂഡൽഹി:കേന്ദ്ര സർക്കാരിൽ ബിഡിജെഎസിനു വാഗ്ദാനം നൽകിയിരുന്ന പദവികൾ ഇനി ആവശ്യമില്ലെന്നു പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബിജെപി അധ്യക്ഷൻ അമിത് ഷായെ അറിയിച്ചതായി സൂചന. അവഗണന തുടർന്നാൽ എൻഡിഎയുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് തുഷാറിന്റെ തീരുമാനം. അതിനിടെ ഏങ്ങനേയും ചെങ്ങന്നൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിഡിജെഎസിന്റെ പിന്തുണ ഉറപ്പാക്കാൻ ബിജെപി കേന്ദ്ര നേതൃത്വം നീക്കം തുടങ്ങി. ഹിന്ദു ഹെൽപ് ലൈൻ നേതാവ് പ്രതീഷ് വിശ്വനാഥനെ ഇതിന് നിയോഗിച്ചതയാണ് സൂചന.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന മുന്നണിയോഗത്തിൽ ബിഡിജെഎസ് പങ്കെടുത്തിരുന്നു. പ്രതീഷിന്റെ ഇടപെടലിനെ തുടർന്നാണ് ഇത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിഡിജെഎസിന് ആറു സീറ്റുകൾ നൽകാമെന്ന വാഗ്ദാനമാണ് ബിജെപി നൽകുന്നത്. ആറ്റിങ്ങൽ, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, ചാലക്കുടി, ആലത്തൂർ സീറ്റുകളാണിത്. ആറ്റിങ്ങലിൽ ടിപി സെൻകുമാർ മത്സരിച്ചാൽ ജയം ഉറപ്പാണെന്നും ബിജെപി നേതൃത്വം ബിഡിജെഎസിനെ അറിയിച്ചിട്ടുണ്ട്. കേരളാ കോൺഗ്രസ് മാണിയെ എൻഡിഎയിലെത്തിക്കാൻ ബിജെപി ശ്രമിച്ചിരുന്നു. എന്നാൽ നടന്നില്ല. ഈ സാഹചര്യത്തിലാണ് ബിഡിജെഎസിനെ ഒപ്പം നിർത്താൻ ബിജെപി കേന്ദ്ര നേതൃത്വം ശ്രമം ശക്തമാക്കുന്നത്.

എന്നാൽ കേരളാ നേതാക്കൾ ഇതിന് അനുകൂലമല്ല. ചെങ്ങന്നൂരിൽ ബിഡിജെഎസിൽനിന്ന് ആത്മാർഥമായ പിന്തുണ ലഭിക്കില്ലെന്നും തിരഞ്ഞെടുപ്പിനു ശേഷം വീണ്ടും ബന്ധം വഷളാകുമെന്നും ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തിനു മുന്നറിയിപ്പു നൽകി. ആറു സീറ്റുകൾ നൽകുന്നതിനെ അവർ അംഗീകരിക്കുന്നുമില്ല. ഇതിനുള്ള ശക്തി ബിഡിജെഎസിനില്ലെന്നാണ് ബിജെപി നേതാക്കളുടെ വാദം. എന്നാൽ ചെങ്ങന്നൂരിൽ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ടു കുറഞ്ഞാൽ പഴി കേൾക്കേണ്ടി വരുമെന്ന ആശങ്ക ബിഡിജെഎസിനുമുണ്ട്. വോട്ട് കുറഞ്ഞാൽ ബിജെപി സംസ്ഥാന നേതൃത്വം തള്ളി പറയുമെന്നും ബിഡിജെഎസിൽ അഭിപ്രായമുണ്ട്.

ബിജെപി കേരള ഘടകത്തിന്റെ ഏകപക്ഷീയമായ നിലപാടുമൂലം കടുത്ത തീരുമാനത്തിനു ബിഡിജെഎസ് നേതൃത്വം ഒരുങ്ങിയിരുന്നു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ തനിച്ചു മത്സരിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടെയാണ് അമിത് ഷായുടെ ഇടപെടൽ ഉണ്ടായത്. ഇതോടെ തീരുമാനങ്ങൾ മാറിമറിഞ്ഞു. ബിജെപി സംസ്ഥാന കമ്മിറ്റിയെ നിയന്ത്രിക്കുമെന്നും വാഗ്ദാനങ്ങൾ പാലിക്കുമെന്നും തുഷാർ വെള്ളാപ്പള്ളിക്ക് അമിത്ഷാ ഉറപ്പുനൽകിയെന്നാണു സൂചന. കോർപറേഷനുകളിലുൾപ്പടെ പ്രതിനിധികളെ ഉൾപ്പെടുത്താമെന്നും ഉറപ്പ് നൽകി. ഇതൊന്നും തൽകാലം വേണ്ടെന്ന് തുഷാർ പറഞ്ഞെങ്കിലും അവ നൽകുമെന്ന് തന്നെയാണ് ബിജെപി ദേശീയ നേതൃത്വം കൊടുക്കുന്ന ഉറപ്പ്.

ബിഡിജിഎസ് സഖ്യത്തിലൂടെ നേട്ടമുണ്ടാക്കിയ എൻഡിഎ മുന്നണി പിന്നീടു പാർട്ടിയോടു നീതി പുലർത്തിയില്ലെന്നാണ് ആക്ഷേപം. 2011ലെ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽനിന്ന് ആറായിരത്തിലധികം വോട്ടുകൾ നേടിയ ബിജെപി സ്ഥാനാർത്ഥിക്കു കഴിഞ്ഞതവണ 42,000ൽ കൂടുതൽ വോട്ടുകളാണു ലഭിച്ചത്. ഇതു തങ്ങളുടെ സഹായം കൊണ്ടാണെന്നാണു ബിഡിജെഎസ് പ്രാദേശിക നേതൃത്വത്തിന്റെ വാദം. പക്ഷേ അതിന്റെ പരിഗണന പിന്നീടു കിട്ടിയില്ലെന്നാണ് പരാതി. ബിജെപിയുമായുള്ള രാഷ്ട്രീയസഖ്യം ഗുണംചെയ്യില്ലെന്നും ഇടതുമുന്നണിയുടെ ഭാഗമാകണമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിലപാടെടുത്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കൃത്യമായ രാഷ്ട്രീയ നിലപാടിലേക്ക് ബിഡിജെഎസ് എത്തിയിട്ടില്ല.

ബിഡിജെഎസ് എൻഡിഎ മുന്നണിയുടെ ഭാഗം തന്നെയാണെന്നും എൻഡിഎ വിട്ടു പോകുമെന്നു പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട ആരും പറഞ്ഞിട്ടില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാനങ്ങൾ കിട്ടുന്നതു സംബന്ധിച്ച ചെറിയ പരാതികളുണ്ട്. അതു പരിഹരിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.