ന്യൂഡൽഹി: അമിത് ഷായുടെയും മോദിയുടെയും ബുദ്ധിയിൽ വിരിഞ്ഞ ആശയം ഭാരതീയ ജനതാ പാർട്ടിക്ക് ഒരു അപൂർവ്വ ബഹുമതി സമ്മാനിച്ചു. എസ്എംഎസ് വഴി അംഗത്വ പ്രചരണം നടത്തിയത് വിജയം കണ്ടതോടെ ഇന്ത്യ ഭരിക്കുന്ന ബിജെപി ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയപാർട്ടിയെന്ന ബഹുമതിയാണ് സ്വന്തമാക്കിയത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ പിന്തള്ളിയാണ് ബിജെപി ഈ നേട്ടം കൈവരിച്ചത്. പാർട്ടിയിൽ അംഗങ്ങളായത് 8.8 കോടി പേരാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിരലെ അംഗങ്ങൾ 8.6 കോടിയായിരുന്നു.

ഇന്നലെയാണ് ബിജെപിയിലെ അംഗസംഖ്യ 8.8 കോടിയായതായി അമിത് ഷാ അറിയിച്ചത്. എസ്എംഎസ് വഴിയുള്ള അംഗത്വ പ്രചരണ കാമ്പയിൻ അവസാനിപ്പിക്കാൻ ബിജെപി തയ്യാറായിട്ടില്ല. അതുകൊണ്ട് ഈമാസം തീരുന്നതിന് മുമ്പ് പാർട്ടിയുടെ അംഗസംഖ്യ 10 കോടിയാകുമെന്നാണ് ബിജെപി നേതാക്കൾ അവകാശപ്പെടുന്നത്. അടുത്ത മാസം 3,4 തീയ്യതികളിൽ ബംഗളൂരിൽ നടക്കുന്ന ദേശീയ നിർവ്വാഹക സമിതി യോഗത്തിൽ അമിത്ഷാ പാർട്ടി ഔദ്യോഗികമായി പാർട്ടിയുടെ അംഗങ്ങളുടെ എണ്ണം നേതാക്കൾക്ക് മുന്നിൽ വെക്കും.

തെരഞ്ഞെടുപ്പ് കാലത്ത് സാങ്കേതിക വിദ്യയിൽ ഊന്നിയ പ്രചരണം നയിച്ചിരുന്നു ബിജെപി. ഇതിന്റെ തുടർച്ചയായാണ് പാർട്ടി അംഗത്വ പ്രചരണത്തിനായി മിസ്ഡ്‌കോളും എസ്എംഎസ് പദ്ധതിയും ആവിഷ്‌ക്കരിച്ചത്. കൂടാതെ ഓൺലൈൻ അംഗത്വപരിപാടിയും പാർട്ടി ആസൂത്രണം ചെയ്തിരുന്നു. പാർട്ടിയുടെ പ്രചരണത്തിന്റെ ഭാഗമായി മാർച്ച് 31 വരെ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. കഴിഞ്ഞ നവംബറിലാണ് മോദി ഓൺലൈൻ അംഗത്വ പരിപാടിക്ക് തുടക്കമിട്ടത്.

അതേസമയം ഇപ്പോഴുള്ള അംഗങ്ങളുടെ എണ്ണം പാർട്ടിയുടെ യഥാർത്ഥ ശക്തിയായി വിലയിരുത്താൻ കഴിയില്ലെന്നാണ് രാഷട്രീയ നിരീക്ഷകരുടെ അഭിപ്രായം. മോദി തരംഗവും ബിജെപിയുടെ സ്വാധീനവും കൊണ്ട് അംഗങ്ങളുടെ എണ്ണത്തിൽ ദ്രുതഗതിയിലുള്ള വർധന ഉണ്ടായെങ്കിലും ഇവർ എപ്പോഴും ബിജെപിക്കൊപ്പം നിൽക്കണമെന്നില്ലെന്നാണ് ഇവരുടെ അഭിപ്രായം.

ഉത്തർപ്രദേശിലാണ് ബിജെപിക്ക് ഏറ്റവും കൂടുതൽ അംഗങ്ങളുള്ളതെന്ന് നേതാക്കൾ അറിയിച്ചു. 2017ലെ തെരഞ്ഞെടുപ്പോടെ ഉത്തർപ്രദേശിൽ ബിജെപിക്ക് അധികാരത്തിലെത്താൻ കഴിയുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. എന്നാൽ, ഡൽഹി തെരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടതാണ് പാർട്ടിക്ക് ഏറ്റവും വലിയ തിരിച്ചടിയായത്.