തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ ബിജെപി സ്ഥാനാർത്ഥിയാകും. ബിജെപി കോർ കമ്മിറ്റി യോഗത്തിലെ തീരുമാനം ഉച്ചയോടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കരുത്തുറ്റ സ്ഥാനാർത്ഥി എത്തിയതോടെ അരുവിക്കരയിൽ ശക്തമായ ത്രികോണ മത്സരത്തിനാണ കളമൊരുങ്ങിയിരിക്കുന്നത്.

എല്ലാവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ഒ രാജഗോപാലിന്റെ പേര് ഉയർന്നു വന്നത്. ജില്ല കമ്മിറ്റി നിർദ്ദേശിച്ച സി ശിവൻകുട്ടിയുടെ പേരു തള്ളിയാണ് രാജഗോപാലിനെ നേതൃത്വം തീരുമാനിച്ചത്.

സ്ഥാനാർത്ഥി നിർണയത്തിന്റെ ആദ്യഘട്ടത്തിലൊന്നും ഒ രാജഗോപാലിന്റെ പേര് ഉയർന്നു കേട്ടിരുന്നില്ല. ശക്തനായ സ്ഥാനാർത്ഥിയെ നിർത്തി അരുവിക്കര ഇടതുപക്ഷത്തിനൊപ്പം ചേർക്കാനുള്ള എൽഡിഎഫിന്റെ തീരുമാനവും സഹതാപതരംഗത്തിൽ തങ്ങളുടെ കോട്ട നിലനിർത്താനുള്ള യുഡിഎഫ് ശ്രമവും കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് എല്ലാവരെയും ഞെട്ടിച്ച് ബിജെപി സ്ഥാനാർത്ഥിയായി ഒ രാജഗോപാലിനെ നിർദ്ദേശിച്ചത്.

ഇതോടെ, ശക്തമായ ത്രികോണ മത്സരം തന്നെ അരുവിക്കരയിൽ നടക്കുമെന്നുറപ്പായി. ഇന്ത്യ മുഴുവൻ ശ്രദ്ധിക്കുന്ന മത്സരമെന്ന നിലയിൽ ശക്തനായ സ്ഥാനാർത്ഥിയെ തന്നെ രംഗത്തിറക്കണമെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് ഒ രാജഗോപാലിനെ തീരുമാനിച്ചത്.

മുൻ സ്പീക്കർ എം വിജയകുമാറിനെയാണ് അരുവിക്കര മണ്ഡലം പിടിച്ചെടുക്കാൻ എൽഡിഎഫ് നിയോഗിച്ചിരിക്കുന്നത്. അന്തരിച്ച മുൻ സ്പീക്കർ ജി കാർത്തികേയന്റെ മകൻ കെ എസ് ശബരീനാഥനാണ് അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി. കാർത്തികേയന്റെ ഭാര്യ ഡോ. എം ടി. സുലേഖ മൽസരിക്കാൻ തയാറാകാത്തതിനെത്തുടർന്നാണ് മകനെ സ്ഥാനാർത്ഥിയാക്കിയത്. ശോഭ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ പേരാണ് ബിജെപി അരുവിക്കരയിലേക്കു പരിഗണിച്ചിരുന്നത്. എന്നാൽ രാജേട്ടനെന്ന പേരിനു തുല്യമായി വയ്ക്കാൻ പറ്റുന്ന പേര് കണ്ടെത്താൻ കഴിയാത്തതിനാലാണ് കേന്ദ്രത്തിന്റെ തന്നെ സമ്മതത്തോടെ അദ്ദേഹത്തെ പരിഗണിക്കുന്നത്.

മത്സരിക്കുന്നില്ലെന്നും പിന്മാറാനാണ് താൽപ്പര്യം എന്നും പറഞ്ഞെങ്കിലും. രാജഗോപാൽ മത്സരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ വർഷം അരുവിക്കര ഉൾപ്പെടുന്ന ആറ്റിങ്ങൽ മണ്ഡലത്തിൽ 15,000 വോട്ടാണ് ബിജെപി നേടിയത്.

രാജഗോപാൽ സ്ഥാനാർത്ഥിയായെത്തുന്നതോടെ ശക്തമായ പോരാട്ടം നടത്താനാവുമെന്നാണ് ബിജെപി കരുതുന്നത്. രാജഗോപാലിന്റെ വ്യക്തിപ്രഭാവവും തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമാക്കാൻ കഴിയുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. പി കെ കൃഷ്ണദാസാണ് രാജഗോപാലിന്റെ പേരു നിർദ്ദേശിച്ചത്. മത്സരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിക്കുവേണ്ടി ശക്തമായ പോരാട്ടം കാഴ്ചവച്ച വ്യക്തിയാണ് രാജഗോപാൽ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ കടുത്ത മത്സരത്തിനൊടുവിലാണ് രാജഗോപാൽ ശശി തരൂരിനോടു പരാജയപ്പെട്ടത്.

1992 മുതൽ 2004 വരെ മദ്ധ്യപ്രദേശിൽ നിന്നും രാജ്യസഭയെ പ്രതിനിധീകരിച്ചിട്ടുള്ള രാജഗോപാൽ 1998ലെ വാജ്‌പേയി മന്ത്രിസഭയിൽ റയിൽവേ സഹമന്ത്രിയായിരുന്നു.

അഭിഭാഷക ജോലി ഉപേക്ഷിച്ചാണ് മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനായത്. ദീൻദയാൽ ഉപാധ്യായയിൽ പ്രചോദിതനായ അദ്ദേഹം പഠനശേഷം ജനസംഘത്തിന്റെ പ്രവർത്തനങ്ങളിൽ ആകർഷിക്കപ്പെടുകയും ജനസംഘപ്രവർത്തകനായി മാറുകയുമായിരുന്നു. 1929 സെപ്റ്റംബർ 15ന് പാലക്കാട് ജില്ലയിലെ പുതുക്കോട് പഞ്ചായത്തിൽ ഓലഞ്ചേരി വീട്ടിൽ മാധവൻ നായരുടെയും കുഞ്ഞിക്കാവ് അമ്മയുടെയും മകനായിട്ടാണ് ജനനം. 2004 ലും 2014 ലും തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിൽ നിന്ന് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. ചലച്ചിത്രസംവിധായകൻ ശ്യാമപ്രസാദ് മകനാണ്.