തിരുവനന്തപുരം: ശബരിമലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ നിയോഗിച്ച സംഘം കേരള ഗവർണർ പി.സദാശിവത്തിന് നിവേദനം നൽകി. ശബരിമലയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നാണ് ബിജെപി കേന്ദ്രസംഘം വിലയിരുത്തിയത്. സുരക്ഷയുടെ പേരിൽ തീർത്ഥാടകരെ പൊലീസ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു.

ശബരിമലയിലുണ്ടായ പ്രശ്‌നങ്ങൾക്കെല്ലാം പൂർണ ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് പരാതിയിൽ ആരോപിക്കുന്നു. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്ക് ദുരനുഭവങ്ങൾ നേരിടേണ്ടിവന്നു. കെ. സുരേന്ദ്രനെതിരെ തെറ്റായ കേസാണ് എടുത്തിട്ടുള്ളതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒന്നുംതന്നെ ഒരുക്കിയിട്ടില്ല. ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയിരുന്ന ശബരിമല ഇപ്പോൾ ദൈവത്തിന്റെ സ്വന്തം നാട്ടിലെ കറുത്ത ഇടമായിരിക്കകയാണ്.

വിഷയത്തിൽ സർക്കാരിനോടു റിപ്പോർട്ട് തേടുമെന്നു ഗവർണർ പി.സദാശിവം ഉറപ്പു നൽകിയതായി ബിജെപി നേതാക്കൾ അവകാശപ്പെട്ടു. ശബരിമലയിൽ രാഷ്ട്രീയം കളിക്കാൻ അനുവദിക്കില്ല. ഭക്തരുടെ ആശങ്ക അകറ്റാൻ നടപടി എടുക്കണമെന്നും സംഘം ഗവർണറോട് ആവശ്യപ്പെട്ടു.

ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡേ, പ്രഹ്ലാദ് ജോഷി എംപി, പട്ടിക ജാതി മോർച്ച ദേശീയ പ്രസിഡന്റ് വിനോദ് ശങ്കർ എംപി, നളിൻകുമാർ കാട്ടീൽ എംപി എന്നിവരാണു സംഘത്തിലുള്ളത്. പന്തളം കൊട്ടാരം പ്രതിനിധികളുമായും സംഘം കൂടിക്കാഴ്ച നടത്തും. കൊച്ചിയിൽ കാണാൻ സാധിക്കാതിരുന്ന കോർ കമ്മിറ്റിയംഗങ്ങളെ തിരുവനന്തപുരത്തു കാണുന്നുണ്ട്. ജയിലിലുള്ള ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ നേതാക്കൾ നാളെ സന്ദർശിക്കും. സംഘം നൽകുന്ന റിപ്പോർട്ട് പ്രകാരമായിരിക്കും ബിജെപി കേന്ദ്ര നേതൃത്വം തുടർ നടപടികൾ സ്വീകിക്കുക.

നേരത്തെ സന്നിധാനത്ത് തീർത്ഥാടകർ അനുവദിക്കുന്ന ശോച്യാവസ്ഥ വിവരിച്ച് അമിത്ഷാ ട്വീറ്റ് ചെയ്തിരുന്നു. തീർത്തും മലിനമായ അന്തരീക്ഷത്തിലാണ് ഭകതർ കിടന്നുറങ്ങുന്നതെന്നും അമിത നിയന്ത്രണത്തിൽ അവർ വീർപ്പുമുട്ടുകയാണെന്നും ബിജെപി ദേശീയ അദ്ധ്യക്ഷൻ കുറ്റപ്പെടുത്തിയിരുന്നു. ശബരിമലയിലെ സ്ഥിതിഗതികളെ കുറിച്ച് അമിത് ഷായെ ചില ഉപദേശകർ തെറ്റിദ്ധരിപ്പിച്ചതാണെന്നും വസ്തുതകൾ അതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകുകയും ചെയ്തു.