തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ബിജെപി വീണ്ടും പ്രതിഷേധത്തിലേക്ക് നീങ്ങുന്നു. തിങ്കളാഴ്ച മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. എ.എൻ.രാധാകൃഷ്ണനാണ് നിരാഹാരമിരിക്കുന്നത്. കെ.സുരേന്ദ്രന്റെ അറസ്റ്റ് റദ്ദാക്കുന്നതടക്കമുള്ള നാല് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

ഓരോ ദിവസത്തെയും സമരത്തിന്റെ ചുമതല ഓരോ ജില്ലകൾക്കാണ്. ശബരിമല കേന്ദ്രീകരിച്ചുള്ള പ്രതിഷേധങ്ങൾ പാർട്ടി അവസാനിപ്പിക്കുന്നുവെന്ന സൂചനയാണ് സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള നൽകിയത്. തലസ്ഥാനം കേന്ദ്രീകരിച്ചാവും പുതിയ പ്രതിഷേധങ്ങൾ അരങ്ങേറുക. ബിജെപി, ആർഎസ്എസ് പ്രവർത്തകരെ രണ്ടാംതരം പൗരന്മാരായാണ് പിണറായി വിജയൻ കാണുന്നത്. അദ്ദേഹത്തിന്റെ പ്രവൃത്തി അതാണ് സൂചിപ്പിക്കുന്നത്. നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കുക, ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ബിജെപി രണ്ടാംഘട്ട പ്രതിഷേധങ്ങൾ തുടങ്ങുന്നത്. 15 ദിവസത്തേക്കാണ് സമരമെന്ന് ശ്രീധരൻ പിള്ള തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സന്നിധാനത്തും ശബരിമലയിലും ബിജെപി സമരം നടത്തിയിട്ടില്ല. ശബരിമല കർമസമിതിയാണ് സന്നിധാനത്തും മറ്റും പ്രതിഷേധം നടത്തിയത്. ഇതി്‌ന് ബിജെപി പിന്തുണ നൽകുകയായിരുന്നു. ബിജെപിയുടെ പ്രവർത്തകരാരും സംഘർഷമുണ്ടാക്കിയിട്ടില്ല. പി.സി.ജോർജുമായി നിയമസഭയിൽ സഹകരിച്ച് പോകാനാണ് നിലവിൽ ബിജെപി തീരുമാനിച്ചിരിക്കുന്നത്. അദ്ദേഹം എൻഡിഎയുടെ ഭാഗമാകുമോ എന്ന കാര്യമൊക്കെ കൂടുതൽ ചർച്ചകൾക്ക് ശേഷം തീരുമാനിക്കേണ്ട വിഷയമാണ്. നിലവിൽ അദ്ദേഹം നിയമസഭയിൽ സഹകരിച്ചു പോകാം എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തിലെ ഇടതു-വലതു മുന്നണികളിൽ നിന്നും കൂടുതൽ കക്ഷികൾ ബിജെപിയിലേക്ക് വരുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.

കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തപ്പോൾ ബിജെപി സംസ്ഥാന നേതൃത്വം ഇടപെട്ടില്ല എന്ന വിമർശനം അദ്ദേഹം തള്ളിക്കളഞ്ഞു. ബിജെപിയിൽ ആരും അത്തരമൊരു ആരോപണം ഉന്നയിക്കില്ല. മനുഷ്യസാധ്യമായി ചെയ്യാൻ പറ്റുന്ന എല്ലാ നടപടികളും പാർട്ടി സ്വീകരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ശബരിമലയിലേക്ക് പോയ സുരേന്ദ്രനിൽ നിന്ന് എന്തെങ്കിലും തെറ്റുണ്ടായോ എന്ന് തനിക്കറിയില്ല. സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസുകളാണ്. മനുഷ്യാവകാശങ്ങൾ പോലും ലംഘിച്ചാണ് സുരേന്ദ്രനെ ജയിലിൽ അടച്ചിരിക്കുന്നത്. നേരത്തെ സർക്കാരിനെതിരെയാണ് സമരമെങ്കിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യണമെന്ന് പിണറായി വിജയൻ പറഞ്ഞിരുന്നു. എന്നാൽ, അതുമായി ചേർത്ത് ഇപ്പോൾ സമരകേന്ദ്രം മാറ്റിയതിനെ ചേർത്തുവായിക്കേണ്ടതില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.