ഗുജറാത്തിലെ ശതകോടീശ്വരൻ അദാനിയുമായുള്ള നരേന്ദ്ര മോദിയുടെ സൗഹൃദം രഹസ്യമല്ല. അതുപോലെ തന്റെ വിദേശ യാത്രകളിലും മറ്റും സമ്പന്നന്മാരെ ഒപ്പം കൂട്ടുന്നതും അവർക്കുവേണ്ടി വ്യാവസായിക കരാറുകൾ ഒപ്പുവെയ്ക്കുന്നതും ഇതിനകം നാം കണ്ടുകഴിഞ്ഞു. മോദി ഭരിക്കുന്നത് കോർപറേറ്റുകൾക്ക് വേണ്ടിയാണെന്ന ആരോപണവും ശക്തമാണ്. അതിനിടെയാണ് അതുവെറും ആരോപണം മാത്രമല്ലെന്ന് തെളിയിക്കുന്ന മട്ടിൽ ബിജെപി കോർപറേറ്റുകൾക്ക് പരവതാനി വിരിച്ചുകൊടുത്തത്.

രാജ്യത്തെ പ്രമുഖ കമ്പനികളുടെ സിഇഒമാരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പാർട്ടി അംഗത്വം നൽകിക്കൊണ്ടാണ് ബിജെപി കോർപറേറ്റ് പ്രേമം തുറന്നുപ്രഖ്യാപിച്ചത്. ചരിത്രത്തിലാദ്യമായിട്ടാകും ഇത്തരമൊരു നടപടി എന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. പാർട്ടി പ്രസിഡന്റ് അമിത് ഷായുടെയും യുവമോർച്ച പ്രസിഡന്റ് അനുരാഗ് താക്കൂറിന്റെയും സാന്നിധ്യത്തിലാണ് കോർപറേറ്റ് പ്രമുഖർക്ക് അംഗത്വം നൽകിയത്.

ലുഫ്താൻസ സിഇഒ പർവെയ്‌സ് അലംഗിർ ഖാൻ, ഖത്തർ എയർവേസിന്റെ ഇന്ത്യ സിഇഒ ഹെന്റി മോസസ്, എടി ആൻഡ് ടിയുടെ നീത അഗർവാൾ, ഐക്കോൺ ഗ്രൂപ്പിന്റെ ജഗ്പ്രീത് ലാംബ തുടങ്ങിയ പ്രമുഖർ അമിത് ഷായിൽനിന്ന് അംഗത്വം സ്വീകരിച്ചു. നൂറോളം സിഇഒമാർക്കു പുറമെ, വേറെയും പ്രമുഖർ അംഗത്വം സ്വീകരിക്കാൻ എത്തിയിരുന്നു. ഫോർട്ടിസ് ആശുപത്രിയിലെ മുതിർന്ന കാർഡിയോളഡിസ്റ്റ് ഡോ.നവീൻ തൽവാർ, മുതിർന്ന അഭിഭാഷകനും ഇന്ത്യ എബ്രോഡ് പത്രത്തിന്റെ സിഇഒയുമായ രാജീവ് ത്യാഗി എന്നിവരും അംഗത്വം സ്വീകരിച്ചു.

ഹണിവെൽ, ബാങ്ക് ഓഫ് അമേരിക്ക, സ്‌പൈസ്‌ജെറ്റ്, ബൊംബാർഡീർ തുടങ്ങി ഒട്ടേറെ പ്രമുഖ കമ്പനികളുടെ പ്രമുഖ ഉദ്യോഗസ്ഥരും അംഗത്വം സ്വീകരിക്കാനെത്തിയിരുന്നു. രാജ്യത്തെ വ്യവസായ സൗഹൃദരാജ്യമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ചടങ്ങിൽ അമിത് ഷാ പറഞ്ഞു. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ ഇന്ത്യൻ വ്യവസായ ലോകത്തിന് വലിയ കുതിച്ചുചാട്ടമാണ് സർക്കാർ ഒരുക്കുന്നത്.