- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഹുൽ ഇക്കൊല്ലം അധ്യക്ഷനാകും; ബിജെപിക്ക് പ്രധാന ആയുധം അയോധ്യ; രാഷ്ട്രപതി തെരഞ്ഞെടുപ്പും നിർണായകം; 2024 ലക്ഷ്യംവച്ച് ഇരുപാർട്ടികളും; കോൺഗ്രസിന് പ്രശാന്ത് കിഷോർ കരുത്ത് പകരുമോ?

ന്യൂഡൽഹി: 2024 ൽ വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആയുധങ്ങൾക്ക് മൂർച്ച കൂട്ടാൻ കോൺഗ്രസും ബിജെപിയും. സാധാരണയായി തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് മൂൻകൂട്ടി മുന്നൊരുക്കങ്ങൾ നടത്തുന്നത് കോൺഗ്രസിൽ പതിവുള്ളതല്ല. എന്നാൽ മുൻപത്തെ പോലെയല്ല ഇപ്പോഴത്തെ സ്ഥിതിയെന്ന് തിരിച്ചറിഞ്ഞാണ് കോൺഗ്രസിൽ മാറ്റങ്ങൾക്ക് വഴി തുറക്കുന്നത്.
കോൺഗ്രസ് നേതൃത്വം പ്രശാന്ത് കിഷോറുമായി നടത്തിയ ചർച്ചകൾ ഇതിന്റെ പശ്ചാത്തലത്തിലാണ്. വരാൻ പോകുന്ന ഉത്തർപ്രദേശ്, പഞ്ചാബ് അടക്കമുള്ള സംസ്ഥാന ഇലക്ഷനുകൾക്ക് മുമ്പ് പാർട്ടിയെ ശക്തമാക്കുക എന്നതായിരിക്കും പ്രശാന്ത് കിഷോറിന് മുമ്പുള്ള ഏറ്റവും വലിയ കടമ്പ. എഐസിസി പ്രസിഡന്റിനെ എത്രയും പെട്ടെന്ന് തന്നെ തെരഞ്ഞെടുക്കേണ്ടതുണ്ട്. കഴിഞ്ഞ മെയിൽ സംഘടനാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതായിരുന്നു. എന്നോൽ കോവിഡ് പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. ജൂലൈയിൽ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും മാറ്റുകയായിരുന്നു.
പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ രാഹുൽഗാന്ധിയുടെമേൽ സമ്മർദ്ദമുണ്ടെങ്കിലും അദ്ദേഹം വഴങ്ങാത്തത് മൂലമാണ് തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീളുന്നത്. എന്നാൽ പ്രശാന്ത് കിഷോറിന്റെ കൂടി ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ രാഹുൽ ഉടൻതന്നെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്നാണ് കരുതുന്നത്. വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും അതിന് ശേഷമുള്ള ലോകസഭാ തെരഞ്ഞെടുപ്പിലും രാഹുൽ - പ്രിയങ്ക ദ്വയം കോൺഗ്രസിനെ മുന്നിൽ നിന്ന് നയിക്കും. എന്നാൽ അതിന് മുമ്പ് പാർട്ടി ഘടനയിൽ തന്നെ കാര്യമായ അഴിച്ചുപണിക്ക് സാധ്യതയുണ്ട്. മൺസൂൺ കാല പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി കോൺഗ്രസ് പാർലമെന്ററികാര്യ സമിതികൾ പുനഃസംഘടിപ്പിച്ചത് അതിന്റെ ഭാഗമായി കാണുന്നവരുണ്ട്.
ഏഴ് അംഗങ്ങൾ വീതമുള്ള സമിതിയാണ് ഇരു സഭകളിലും രൂപീകരിച്ചിരിക്കുന്നത്. ലോക്സഭാ സമിതിയിൽ ശശി തരൂരും കൊടിക്കുന്നിൽ സുരേഷും കേരളത്തിൽ നിന്ന് ഉൾപ്പെട്ടിട്ടുണ്ട്. രാജ്യസഭാ സമിതിയിൽ കെസി വേണുഗോപാലും ഉൾപ്പെട്ടിട്ടുണ്ട്. ലോകസഭാ പ്രതിപക്ഷ നേതാവ് അധീർ ചൗധരി മൺസൂൺ കാല സെഷന് ശേഷം ഒഴിയാൻ സാധ്യതയുണ്ട്. ഒരാൾക്ക് ഒരു സ്ഥാനം എന്ന നയത്തിന്റെ പേരിൽ നിരവധിപേരെ പാർട്ടി സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കിയേക്കും. എന്നാൽ പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങളും കോൺഗ്രസിനെ അലട്ടുന്നുണ്ട്.
വരാൻ പോകുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പും ദേശീയ രാഷ്ട്രീയത്തിൽ നിർണായകമാണ്. എൻഡിഎ ഇതര കക്ഷികളെല്ലാം ഒന്നിച്ചു നിന്നാൽ അട്ടിമറി സൃഷ്ടിക്കാമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു.ഇത് സംബന്ധിച്ച് രാഹുലും പ്രിയങ്കയും പ്രശാന്ത് കിഷോറുമായി ചർച്ച നടത്തി. കോൺഗ്രസ് ഇതര സ്ഥാനാർത്ഥിയായാൽ മറ്റ് പാർട്ടികളുടെ പിന്തുണ ലഭിക്കുന്നതിന് പ്രയാസമുണ്ടാകില്ലെന്നാണ് പ്രശാന്ത് കിഷോർ കരുതുന്നത്. ശരത് പവാറിനെയാണ് പ്രശാന്ത് കിഷോർ ഉദ്ദേശിക്കുന്നതെന്ന് വ്യക്തം. പ്രത്യേകിച്ച് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് ഇതുവരെ ബിജെപി. ഇതര സഖ്യത്തിൽ ഭാഗമാകാൻ താൽപ്പര്യം പ്രകടിപ്പിക്കാത്തയാളാണ്.
ശരദ് പവാറിനെപ്പോലെ സർവ്വസമ്മതനായ ഒരാളെ നിർത്തി രണ്ടാം മോദി സർക്കാരിനെതിരെ ശക്തി തെളിയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. നവീൻ പട്‌നായിക്കിനേയും മമത ബാരനർജിയേയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനേയും പ്രശാന്ത് കിഷോർ ഉടൻ കാണുമെന്നും റിപ്പോർട്ടുണ്ട്.
ആദ്യം പ്രശ്‌നമുണ്ടെന്ന് കോൺഗ്രസ് മനസ്സിലാക്കണമെന്നും എന്നിട്ട് പരിഹാരത്തിനായി എന്തെങ്കിലും ചെയ്യണമെന്നുമായിരുന്നു മുമ്പ് പ്രശാന്ത് കിഷോർ പറഞ്ഞിരുന്നത്. ഇപ്പോൾ കോൺഗ്രസ് തങ്ങൾക്ക് പ്രശ്നമുണ്ടെന്ന് അംഗീകരിച്ചിരിക്കുന്നു. പരിഹാരത്തിനായി അവർ പ്രശാന്ത് കിഷോറിനെ തന്നെയാണ് സമീപിച്ചിരിക്കുന്നതും. പ്രശാന്ത് കിഷോറിലൂടെ ഒരു തിരിച്ചുവരവാണ് കോൺഗ്രസ് സ്വപ്നം കാണുന്നത്.
അതേസമയം അടുത്ത തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാണിക്കാൻ വിഷയങ്ങളുടെ ദൗർലഭ്യമാണ് ബിജെപിയുടെ തലവേദന. എന്നാൽ തെരഞ്ഞെടുപ്പിന് മുൻപെ അയോധ്യയിലെ രാമക്ഷേത്രം പണിതീരും. തെരഞ്ഞെടുപ്പ് സമയത്ത് അത് നേട്ടമാക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ബിജെപി. നരേന്ദ്ര മോദിയുടെ ജനകീയതയെ വെല്ലാൻ മറ്റാരെയും പ്രതിപക്ഷത്തിന് ഉയർത്തിക്കാട്ടാൻ കഴിയാത്തതും ബിജെപിക്ക് ആശ്വാസമാണ്.
എന്നാൽ കർണാടക, ത്രിപുര അടക്കമുള്ള സംസ്ഥാനങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങളാണ് ബിജെപിയെ അലട്ടുന്നത്. പ്രാദേശിക നേതൃത്വത്തിലെ തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകാനാണ് ബിജെപി ശ്രമം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് നിലനിർത്തി ലോകസഭയിലേയ്ക്കുള്ള മുന്നേറ്റത്തിന് തുടക്കം കുറിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്.


