ന്യൂഡൽഹി: ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഹിമാചൽപ്രദേശിൽ നേരിട്ടത് വമ്പൻ തിരിച്ചടി. രാജസ്ഥാനും നാണക്കേടായി. നോർത്ത് ഈ സ്റ്റിലെ വിജയങ്ങൾക്കിടയിലും ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്ക് കാലിടറുകയാണ്. നേട്ടമുണ്ടാക്കുന്നത് കോൺഗ്രസും. ഹിമാചലിൽ ബിജെപിക്ക് ഭരണം നഷ്ടമാകുമെന്ന വിലയിരുത്തലാണ് ഫല സൂചനകളിലുള്ളത്. എന്നാൽ രാജസ്ഥാനിൽ കോൺഗ്രസ് ഭരണം നിലനിർത്തുമെന്ന സൂചനയും. പെട്രോൾ വില വർദ്ധനവ് അടക്കം ഈ ഫലങ്ങളിൽ പ്രതിഫലിക്കുന്നുവെന്നാണ് വലയിരുത്തൽ. മോദി പ്രഭാവം മങ്ങുന്നതിന്റെ വ്യക്തമായ സൂചനയാണ് രാജസ്ഥാനിലേയും ഹിമാചലിലേയും ബിജെപി തോൽവികൾ എന്നാണ് വിലയിരുത്തൽ.

യാതൊരു മാനദണ്ഡവുമില്ലാതെ പെട്രോൾ വില കൂടുന്നതിനിടെയാണ് ഉപതെരഞ്ഞെടുപ്പുകളെത്തുന്നത്. ഇത് ബിജെപിയെ ദോഷമായി ബാധിച്ചുവെന്നാണ് വിലയിരുത്തൽ. രാജസ്ഥാനിൽ വിമതരും പ്രശ്‌നമാണ്. ലോക്‌സഭയിലേക്ക് ഉപതിരഞ്ഞെടുപ്പു നടന്ന 3 സീറ്റിൽ രണ്ടിടത്തു തോൽവി ബിജെപി പ്രതീക്ഷിച്ചിരുന്നില്ല, പാർട്ടി ദേശീയ അധ്യക്ഷന്റെ സംസ്ഥാനമായ ഹിമാചൽ പ്രദേശിൽ വലിയ തിരിച്ചടിയാണുണ്ടായിട്ടുള്ളത്. കർഷക നിയമങ്ങളോടുള്ള എതിർപ്പും ഇതിൽ പ്രതിഫലിക്കുന്നുണ്ട്. ഇതിനൊപ്പമാണ് പെട്രോൾ ഡീസൽ വിലയിലെ ഉയർച്ചയും. കൃഷി നിയമങ്ങളോടുള്ള എതിർപ്പ് സൂചിപ്പിക്കുന്ന ചില ഫലങ്ങൾ, ബംഗാളിലെ പരാജയത്തുടർച്ച, വിമതശല്യം തുടങ്ങിയവയും ബിജെപിയെ വെട്ടിലാക്കി.

പതിന്നാലു സംസ്ഥാനങ്ങളിൽനടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി.ക്ക് തിരിച്ചടി. കോൺഗ്രസിന് അപ്രതീക്ഷിതനേട്ടം. പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് വിജയയാത്ര തുടരുന്നു. ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ വിധിയെഴുത്ത്. മൂന്നു ലോക്സഭാ മണ്ഡലങ്ങളിലേക്കും 29 നിയമസഭാ സീറ്റുകളിലേക്കുംനടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം ചൊവ്വാഴ്ചയാണ് പുറത്തുവന്നത്. ലോക്സഭാ സീറ്റുകളിൽ ഓരോന്നുവീതം ബിജെപി.യും കോൺഗ്രസും ശിവസേനയും നേടി. കോൺഗ്രസ് 8, ബിജെപി. 7, തൃണമൂൽ കോൺഗ്രസ് 4, ജെ.ഡി.യു. 2, എൻ.പി.പി. 2, വൈ.എസ്.ആർ. കോൺഗ്രസ്, ഐ.എൻ.എൽ.ഡി., എം.എൻ.എഫ്., യു.ഡി.പി., എൻ.ഡി.പി.പി., ടി.ആർ.എസ്. എന്നിവയ്ക്ക് ഒന്നുവീതം എന്നിങ്ങനെയാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ കക്ഷിനില.

കോൺഗ്രസിനു വലിയ നഷ്ടങ്ങളില്ലെന്നതാണ് വസ്തുത. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പുള്ള ഹിമാചൽപ്രദേശിൽ വലിയ നേട്ടവുമുണ്ടായി. എന്നാൽ, പ്രതിപക്ഷ ഐക്യമില്ലായ്മയുടെ ഫലം ബീഹാറിൽ ബിജെപി മുന്നണിക്ക് ഗുണം ചെയ്തു. ബംഗാളിൽ കോൺഗ്രസും ഇടതുപാർട്ടികളും കൂടുതൽ അപ്രസക്തമായി. മമത എല്ലാ അർത്ഥത്തിലും കരുത്തു കാട്ടി. ബംഗാളിൽ 4 മണ്ഡലങ്ങളിലായി തൃണമൂൽ 75 % വോട്ട് നേടിയപ്പോൾ 14.5% മാത്രമാണ് ബിജെപിയുടെ വോട്ടുവിഹിതം. സിപിഎമ്മിനു മൂന്നിടത്ത് കെട്ടിവച്ച പണം പോയെങ്കിലും മൊത്തം വോട്ടു വിഹിതം 7.28 ശതമാനമായി ഉയർന്നിട്ടുണ്ട്. ഇത് മമതയ്ക്ക് കരുത്താണ്.

ഹിമാചലിൽ 3 നിയമസഭാ സീറ്റുകളിൽ മാത്രമല്ല, മണ്ഡി ലോക്‌സഭാ മണ്ഡലത്തിലും ബിജെപി കോൺഗ്രസിനോടു തോറ്റു. ജുബ്ബാൽ കൊട്ഖായി നിയമസഭാ മണ്ഡലത്തിൽ ബിജെപിക്കു ലഭിച്ചത് 4.67% വോട്ടാണ്. കഴിഞ്ഞ മാസം പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട് സ്വതന്ത്രനായി മത്സരിച്ച ചേതൻ സിങ് ബ്രഗ്തയ്ക്ക് 41.8% വോട്ടും. മണ്ഡിയിൽ കോൺഗ്രസ് കനയ്യ കുമാറിനെയുൾപ്പെടെ പ്രചാരണത്തിനിറക്കിയിരുന്നു. രാജസ്ഥാനിലും മഹാരാഷ്ട്രയിലും കർണാടകയിലും നേടിയ വിജയങ്ങളും കോൺഗ്രസിന് തുണയാണ്. ബിജെപിയെ നേരിടാൻ പലയിടത്തും തങ്ങൾക്കാണ് കരുത്തെന്ന് കോൺഗ്രസിന് തെളിയിക്കാൻ കഴിഞ്ഞു. ഇത് തൃണമൂലിന് തിരിച്ചടിയാണ്.

ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിനു കെൽപില്ലെന്നു വാദിക്കുന്ന തൃണമൂൽ കോൺഗ്രസിന് അതിൽ നിന്ന് പിന്നോട്ട് പോകേണ്ടി വരും. തിരഞ്ഞെടുപ്പുണ്ടായിരുന്നതിൽ രാജസ്ഥാനിലും മഹാരാഷ്ട്രയിലും മാത്രമാണ് കോൺഗ്രസ് ഭരണത്തിലുള്ളത്. രാജസ്ഥാനിലെ 2 സീറ്റിൽ, ധരിയവാഡിൽ ബിജെപി മൂന്നാമതാണ്, വല്ലഭ്‌നഗറിൽ നാലാമതും. ധരിയവാദിൽ സ്വതന്ത്രനായി മത്സരിച്ച ആദിവാസി യുവനേതാവ് താവർചന്ദ് ദമോർ (26) രണ്ടാമത്തെത്തിയത് 28.66% വോട്ട് നേടിയാണ്. കൃഷിനിയമങ്ങൾക്കെതിരെ വാദിച്ച് എൻഡിഎ വിട്ട കക്ഷികളിലൊന്നായ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയാണ് (ആർഎൽപി) വല്ലഭ്‌നഗറിൽ രണ്ടാമത്. ആർഎൽപിയുടെ ഉദയ്ലാൽ ഡാംഗിയും (24.65% വോട്ട്) നേരത്തേ ബിജെപി എംഎൽഎയായിരുന്ന സ്വതന്ത്രൻ രൺധീർ സിങ് ബിന്ധറും (23.94%) ചേർന്നാണ് ബിജെപിയെ നാലാമതാക്കിയത്.

രാജ്യത്തിന്റെ എല്ലാ മേഖലകളിലുമായി 14 സംസ്ഥാനങ്ങളിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിജയം എൻഡിഎയുടേതാണ്. ഈ സംസ്ഥാനങ്ങളിലെ കക്ഷികളിൽ പലതും ഡൽഹിയിലെ കാലാവസ്ഥകൂടി നോക്കിയാണ് മുന്നണി തീരുമാനിക്കാറുള്ളത്. അതുകൊണ്ടുതന്നെ അസമിലൊഴികെ ബിജെപിക്ക് വലിയ സന്തോഷത്തിനു വകയില്ല. മണ്ഡി ലോക്‌സഭാ മണ്ഡലത്തിൽ 2019 ൽ 4.05 ലക്ഷം വോട്ടായിരുന്നു ബിജെപിയുടെ ഭൂരിപക്ഷം. അവിടെയാണ് ഇപ്പോൾ പരാജയം. ദാദ്ര നഗർ ഹവേലിയിലൂടെ ശിവസേന മഹാരാഷ്ട്ര കടന്നു. ബംഗാളിലാണെങ്കിൽ, ബിജെപി 6 മാസം മുൻപു ജയിച്ച ദിൻഹട്ട ഉൾപ്പെടെ മൂന്നിടത്ത്, കെട്ടിവച്ച പണം പോയി. പണം പോയ ഗണത്തിലാണ് മൂന്നിടത്ത് ഇടതു പാർട്ടികളും ഒരിടത്ത് കോൺഗ്രസും.

നിയമസഭാ ജയങ്ങൾ

* ഹിമാചൽപ്രദേശ്: ആർകി, ഫത്തേപുർ, ജബൽ-കോട്ഖായ് മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തിൽ ജയിച്ചു. ജബൽ മണ്ഡലം ബിജെപി.യിൽനിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. ഇവിടെ ബിജെപി. മൂന്നാം സ്ഥാനത്തേക്കുപോയി.

* കർണാടകം: മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ ജില്ലയായ ഹാവേരിയിലെ ബിജെപി.യുടെ സിറ്റിങ് മണ്ഡലം കോൺഗ്രസ് പിടിച്ചെടുത്തു. ഹംഗലിലും കോൺഗ്രസ് ജയിച്ചു. സിന്ദ്ഗിയിൽ ജയം ബിജെപി.ക്കാണ്.

* രാജസ്ഥാൻ: രണ്ടു നിയമസഭാ സീറ്റുകളും കോൺഗ്രസ് സ്വന്തമാക്കി.

* ഹരിയാണ: കർഷകസമരം രൂക്ഷമായ ഹരിയാണയിലെ എലനാബാദ് മണ്ഡലത്തിൽ ഇന്ത്യൻ നാഷണൽ ലോക്ദൾ നേതാവ് അഭയ് ചൗട്ടാല ബിജെപി. സ്ഥാനാർത്ഥി ഗോബിന്ദ് കണ്ഡയെ 6000 വോട്ടിനു തോൽപ്പിച്ചു.

* പശ്ചിമബംഗാൾ: നാലു നിയമസഭാ മണ്ഡലങ്ങളിലും തൃണമൂൽ കോൺഗ്രസിനു ജയം. മുഖ്യമന്ത്രി മമതാ ബാനർജിക്കുവേണ്ടി ഭവാനിപുർ മണ്ഡലം ഒഴിഞ്ഞുകൊടുത്ത സോബൻദേവ് ചാറ്റർജി ഖാർവാഡ മണ്ഡലത്തിൽ ജയിച്ചു.

* ബിഹാർ: രണ്ടുസീറ്റുകളും ജെ.ഡി.യു. നേടി. കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ് മത്സരിച്ച ആർ.ജെ.ഡി.ക്ക് സീറ്റൊന്നും നേടാനായില്ല.

* അസം: അഞ്ചു മണ്ഡലങ്ങളിലും എൻ.ഡി.എ. സഖ്യത്തിനു ജയം. ഇതിൽ മൂന്ന് സീറ്റ് ബിജെപി.ക്കും രണ്ടു സീറ്റ് സഖ്യകക്ഷിയായ യു.പി.പി. ലിബറലിനും.

* മധ്യപ്രദേശ്: രണ്ടു സീറ്റിൽ ബിജെപിയും ഒന്നിൽ കോൺഗ്രസും ജയിച്ചു.

* മഹാരാഷ്ട്ര: മത്സരംനടന്ന ഒരു സീറ്റിൽ കോൺഗ്രസിനു ജയം.

* ആന്ധ്രാപ്രദേശ്: ബഡ്വേൽ മണ്ഡലത്തിൽ കോൺഗ്രസ്, ബിജെപി. സ്ഥാനാർത്ഥികളെ തോൽപ്പിച്ച് യുവറാണ ശ്രമിക് റൈതു കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥി ദാസരിസുധയ്ക്ക് ജയം.

* മേഘാലയ: രണ്ടു സീറ്റ് നാഷണൽ പീപ്പിൾസ് പാർട്ടിക്ക്. ഒന്നിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിക്കു ജയം

* മിസോറം: മത്സരം നടന്ന ഒരു സീറ്റിൽ മിസോ നാഷണൽ ഫ്രണ്ടിനു ജയം.

* തെലങ്കാന: ഹുസുറാബാദ് മണ്ഡലം ടി.ആർ.എസ്. സ്ഥാനാർത്ഥിയെ തോൽപിച്ച് ബിജെപി. സ്വന്തമാക്കി.

* നാഗാലാൻഡ്: ബിജെപി. സഖ്യകക്ഷി നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിക്ക് ജയം.