തിരുവനന്തപുരം: മെഡിക്കൽ കോളെജ് കോഴ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ചേരുന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലെ രൂക്ഷ വിമർശനത്തിനിടെ രാജിയ്‌ക്കൊരുങ്ങി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ.

കുമ്മനത്തിനെതിരെ രൂക്ഷ വിമർശനമാണ് കമ്മിറ്റിയിൽ ഉയർന്നത്. കമ്മിറ്റിയിൽ ചർച്ചചെയ്യാതെ അന്വേഷണ കമ്മീഷനെ വച്ചത് എന്തിനെന്ന് ചോദ്യമാണ് പ്രധാനമായും സംസ്ഥാന അധ്യക്ഷനെതിരെ ഉയർന്നത്. കമ്മിഷനെ വച്ചതു കോർ കമ്മിറ്റിയെ അറിയിച്ചില്ലെന്നും പലവിവരങ്ങളും അറിഞ്ഞത് മാധ്യമങ്ങൾ വഴിയെന്നും നേതാക്കൾ അറിയിച്ചു.

എന്നാൽ അതീവ രഹസ്യ സ്വഭാവം ഉള്ളതുകൊണ്ടാണ് അറിയിക്കാതിരുന്നതെന്ന് കുമ്മനം മറുപടി പറഞ്ഞു. അന്വേഷണ റിപ്പോർട്ട് നസീറാണ് ചോർത്തിയതെന്ന പ്രചരണം നടത്തുന്നത് കുമ്മനത്തിന്റെ ഓഫീസിന്റെ വീഴ്ച മറച്ചു വയ്ക്കാനാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

അതിനിടെ, മെഡിക്കൽ കോഴ വിവാദത്തിൽ എത്ര ഉന്നതനായാലും തല ഉരുളുമെന്നു കേന്ദ്രനേതൃത്വം മുന്നറിയിപ്പു നൽകി. ബി.എൽ. സന്തോഷാണ് കേന്ദ്രത്തിന്റെ നിർദ്ദേശം യോഗത്തിൽ അറിയിച്ചത്. റിപ്പോർട്ട് ചോർന്നതിനു പിന്നിൽ നസീർ മാത്രമല്ലെന്ന നിഗമനത്തിലാണ് കേന്ദ്രനേതൃത്വം.

വിവാദത്തിൽ ദേശീയ അധ്യക്ഷൻ അമിത് ഷാ, സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ അതൃപ്തി അറിയിച്ചിട്ടുണ്ട്. വിവാദം പാർട്ടിയിൽനിന്നുണ്ടായതു ഗൗരവമാണെന്നും കേരളത്തിലെ മുന്നേറ്റത്തെ പ്രതികൂലമായി ബാധിച്ചെന്നും വിലയിരുത്തലുണ്ടായി. കുമ്മനവുമായി ഫോണിൽ സംസാരിക്കവെയാണ് അമിത് ഷാ അതൃപ്തി അറിയിച്ചത്. വിഷയത്തിൽ ആർഎസ്എസ് കേന്ദ്രനേതൃത്വവും കടുത്ത നിലപാടിലാണ്.
ചോർന്നത് അന്വേഷിക്കാൻ കമ്മിഷൻ വന്നേക്കും

മെഡിക്കൽ കോളജ് കോഴ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ചോർന്നത് അന്വേഷിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം പുതിയ അന്വേഷണ കമ്മിഷനെ നിയോഗിച്ചേക്കും. ഇന്നു ചേരുന്ന പാർട്ടി നേതൃയോഗത്തിൽ അന്തിമതീരുമാനമുണ്ടാകും. റിപ്പോർട്ട് ചോർന്ന വിഷയത്തിൽ സംസ്ഥാന സെക്രട്ടറിമാരായ വി.വി. രാജേഷ്, എ.കെ. നസീർ എന്നിവർക്കെതിരെ നടപടിയുണ്ടാകുമെന്നാണു സൂചന.

അന്വേഷണ കമ്മിഷൻ അംഗമായിരുന്ന എ.കെ. നസീറിന്റെ ആലുവയിലെ ഹോട്ടലിൽനിന്നാണു വി. മുരളീധരൻ പക്ഷ നേതാക്കൾക്കു റിപ്പോർട്ടു ചോർന്നുകിട്ടിയതെന്നാണു പാർട്ടി അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആരോപിക്കുന്നത്. മാധ്യമങ്ങൾക്കു റിപ്പോർട്ടു നൽകിയതു വി.വി. രാജേഷാണെന്നും പറയുന്നു. നസീറിന്റെ ഇമെയിൽ വഴിയാണു റിപ്പോർട്ടിന്റെ പകർപ്പു പുറത്തുപോയതെന്നാണു പാർട്ടി നേതൃത്വത്തിന്റെ നിഗമനം.

ഇതിനിടെ കോഴിക്കോട് നടന്ന ബിജെപി ദേശീയ നിർവ്വാഹക സമിതി യോഗത്തിന്റെ മറവിൽ വൻപണപ്പിരിവ് നടത്തിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വ്യാജ രസീതുകൾ അച്ചടിച്ച് നിർവ്വാഹക സമിതിക്കുള്ള ധനസമാഹരണം നടത്തിയെന്നാണ് ആക്ഷേപം. സംസ്ഥാന സമിതി അംഗം എം മോഹനന്റെ നിർദ്ദേശപ്രകാരം വടകരയിലെ സ്വകാര്യ പ്രസിലാണ് വ്യാജ രസീത് അടിച്ചതെന്നും പറയപ്പെടുന്നു.

ഒരു കോടിയിലധികം രൂപ ഇത്തരത്തിൽ പിരിച്ചെടുത്തെന്നാണ് ആരോപണം. സംഭവം സംബന്ധിച്ച പരാതി ജില്ലയിലെ ഒരു സംഘം നേതാക്കൾ സംസ്ഥാന നേതൃത്വത്തിന് കൊടുത്തിരുന്നു. ഇത് അന്വേഷിക്കുന്നതിനായി ബിജെപി സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായ ബി ഗോപാലകൃഷ്ണനെ ചുമതലപ്പെടുത്തിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.

കമ്മീഷന്റെ നിഗമനങ്ങള്

വളരെ ഗുരുതരമായ അഴിമതി ആരോപണം. പരാതി സത്യം. 5.6 കോടി രൂപ വിനോദ് കൈപ്പറ്റിയിട്ടുണ്ട്. മെഡിക്കൽ കോളജ് അനുമതിയുമായി ബന്ധപ്പെട്ട അഴിമതിക്കു പിന്നിൽ ബിജെപിയുമായി ബന്ധപ്പെട്ടവർ പ്രവർത്തിക്കുന്നു എന്നതു പ്രത്യേകശ്രദ്ധ പതിപ്പിക്കേണ്ട കാര്യം. സതീഷ് നായർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിൽക്കുന്ന ഫോട്ടോ ദുരുപയോഗിക്കുന്നു. കണ്ണദാസും രാകേഷും ഇടപെട്ടതു സാമ്പത്തിക ലക്ഷ്യത്തോടുകൂടിയല്ലെന്ന വാദം വിശ്വസനീയമല്ല.

കമ്മിഷനെക്കുറിച്ചുള്ള വിവരങ്ങൾ പാർട്ടി ഓഫിസിൽനിന്ന് എങ്ങനെ ചോർന്നു എന്നതു ഗൗരവപൂർവം ശ്രദ്ധിക്കേണ്ട കാര്യമാണ്. പരാതിയുടെ പകർപ്പുവരെ പ്രതിസ്ഥാനത്തുള്ള വിനോദിനു കിട്ടിയിട്ടുണ്ട്. പരാതി സത്യമാണെന്നു കണ്ടെത്തിയ സാഹചര്യത്തിൽ ഉചിതമായ നടപടി പാർട്ടി സംസ്ഥാന അധ്യക്ഷൻതന്നെ എടുക്കുന്നതാണ് അഭികാമ്യം.