കൊച്ചി: ബിജെപി പ്രവർത്തകർക്കെതിരായ സി.പി.എം അക്രമങ്ങളിൽ കുറ്റപത്രം തയ്യാറാക്കി പാർട്ടി സംസ്ഥാന നേതൃത്വം. സി.പി.എം അക്രമങ്ങളെക്കുറിച്ച് വിലയിരുത്താൻ കേരളത്തിലെത്തുന്ന കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിക്ക് റിപ്പോർട്ട് കൈമാറും. ആലുവയിൽ നടന്ന ആർഎസ്എസ് സംസ്ഥാന നേതൃയോഗത്തിന്റെയും, തൃശൂരിൽ ചേർന്ന സംഘപരിവാർ സംഘടനകളുടെ സംയുക്ത യോഗത്തിന്റെയും തീരുമാനങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എച്ച്.രാജ, ബി.എൽ.സന്തോഷ് ഉൾപ്പെടെ കേരളത്തിന്റെ ചുമതലയുള്ള നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് കുറ്റപത്രം തയ്യാറായത്.

കഴിഞ്ഞ വർഷം ജൂൺ മുതൽ ഇക്കഴിഞ്ഞ ജൂലൈ വരെ സംസ്ഥാനത്ത് സംഘപരിവാർ പ്രവർത്തകർക്കെതിരെ നടന്ന അക്രമങ്ങൾ അക്കമിട്ട് നിരത്തുന്നതാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം തൃശൂരിൽ തുടങ്ങിയ കൊലപാതകത്തിൽ ഇതു വരെ 14 പാർട്ടി പ്രവർത്തകർ കൊല ചെയ്യപ്പെട്ടതായി റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ഇതിൽ നാല് പേർ ദളിതരും, ഒരു സ്ത്രീയും ഉൾപ്പെടുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിൽ നടന്ന രണ്ട് കൊലകൾ റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.

കണ്ണൂരിൽ രാമചന്ദ്രൻ, രമിത്, വിനീഷ്, സന്തോഷ്, ബിജു എന്നിവരും തൃശ്ശൂരിൽ പ്രമോദ്, നിർമൽ, തിരുവനന്തപുരത്ത് അനിൽകുമാർ, വിഷ്ണു, രാജേഷ് കൊല്ലത്ത് രവീന്ദ്രനാഥ് പാലക്കാട്ട് സുജിത്, വിമലാദേവി, രാധാകൃഷ്ണൻ തുടങ്ങിയവരാണ് സി.പി.എം ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ബിജെപി ആരോപിക്കുന്നത്. രണ്ട് തവണ പാർട്ടി സംസ്ഥാന കാര്യാലയം തന്നെ ആക്രമിക്കപ്പെട്ടപ്പോൾ പ്രവർത്തകരുടെ വാസസ്ഥലങ്ങൾക്കും വാഹനങ്ങൾക്കും നേരെയുണ്ടായ അതിക്രമങ്ങളും പാർട്ടി ശേഖരിച്ചിട്ടുണ്ട്. റിപ്പോർട്ടിനെ സാധൂകരിക്കുന്ന ദൃശ്യങ്ങളും തെളിവുകളായി ജെയ്റ്റ്‌ലിക്ക് കൈമാറും.

അതേസമയം ഭരണ സ്വാധീനവും, പൊലീസിനെയും ഉപയോഗിച്ച് സർക്കാരും സിപിഎമ്മും വേട്ടയാടുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമവും സംഘപരിവാർ നേതൃത്വങ്ങൾ ആരംഭിച്ചിട്ടുണ്ട്. തങ്ങളുടെ പ്രവർത്തകർക്കെതിരെ പൊലീസെടുത്ത കേസുകളുടെ വിശദാംശങ്ങൾ താഴെത്തട്ടിൽ നിന്നും ശേഖരിച്ചു കഴിഞ്ഞു. ഭരണ സ്വാധീനം സി.പി.എം പ്രയോജനപ്പെടുത്തുന്ന സാഹചര്യത്തിൽ സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണ പരിധിയിലുള്ള പ്രമുഖ സി.പി.എം നേതാക്കളെ കുരുക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

കേരളത്തിൽ പ്രവർത്തകർക്കെതിരായ സി.പി.എം അക്രമങ്ങിൽ ആർഎസ്എസ് ദേശീയ നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ജെയ്റ്റ്‌ലി സംസ്ഥാനത്തെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിർദ്ദേശ പ്രകാരമെത്തുന്നുവെന്നതിനാൽ സന്ദർശനത്തെ ഏറെ ഗൗരവത്തോടെയാണ് ഏവരും നോക്കിക്കാണുന്നത്. മാത്രമല്ല ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കൂടി സംസ്ഥാനം സന്ദർശിക്കാനിരിക്കെ ശക്തമായ ഇടപെടൽ കേന്ദ്രം നടത്തുമെന്ന പ്രതീക്ഷയും ആർഎസ്എസ് സംസ്ഥാന നേതൃത്വം വച്ച് പുലർത്തുന്നു. ഇതിനിടെ ഭാഗവതിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് സി.പി.എം അക്രമ രാഷ്ടീയത്തിനെതിരെ കുമ്മനത്തിന്റെ നേതൃത്വത്തിൽ വ്യാപക പ്രചാരണ പരാപാടികൾക്കും തൃശ്ശൂരിലെ യോഗത്തിൽ ധാരണയായിട്ടുണ്ട്.