ന്യൂഡൽഹി: ശബരിമലയിലേക്ക് ബിജെപിയുടെ പഠനസമിതിയെ ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ നിയോഗിച്ചു. എംപിമാരുടെ നാലംഗസംഘത്തെയാണ് അമിത്ഷാ നിയോഗിച്ചത്. പൊലീ്‌സ് നടപടി, തീർത്ഥാടകർക്കുള്ള സൗകര്യം എന്നിവ വിലയിരുത്തും.സരോജ് പാണ്ഡെ,പ്രഹ്ലാദ് ജോഷി, വിനോദ് സോങ്കർ, നളിൻകുമാർ കട്ടീൽ എന്നിവരാണ് സമിതിയിലുള്ളത്. കേരളത്തിലെത്തി 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം.

ശബരിമലയിൽ ഭക്തരുമായി സംവദിച്ച് അവരുടെ പ്രശ്‌നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് അമിത് ഷാ ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസിന്റെ നടപടികൾ, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് സമിതിയോട് പ്രധാനമായും പഠിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള ഇതുമായി ബന്ധപ്പെട്ട് നിരവധി റിപ്പോർട്ട് നൽകിയെങ്കിലും അമിത് ഷാ ഇപ്പോൾ നേരിട്ട് സമിതിയെ നിർദ്ദേശിക്കുകയായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്ര നേതൃത്വത്തിന്റെയും കേന്ദ്ര സർക്കാരിന്റെയും ശബരിമലയിലേക്കുള്ള ഇടപെടൽ എന്നാണ് വ്യക്തമാകുന്നത്.

ശബരിമല വിഷയത്തിൽ ഇടപെടില്ലെന്ന് കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി വിധിയായതിനാൽ എന്തു പറയാനാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ചോദ്യമുയർത്തിയത്. സംസ്ഥാന സർക്കാരിനെ ഈ വിഷയത്തിൽ എന്തെങ്കിലും ചെയ്യാനാകുവെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഗവർണർ പി.സദാശിവവുമായി രാജ്‌നാഥ് സിങ് സംസാരിച്ചിരുന്നു.

ശബരിമല സമരം ആസൂത്രിതമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള നേരത്തെ സമ്മതിച്ചിരുന്നു. നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞതു തന്നോടു സംസാരിച്ചശേഷമാണ്. കോടതിയലക്ഷ്യമാകില്ലെന്നു തന്ത്രിക്കു താൻ ഉറപ്പുനൽകിയിരുന്നുവെന്നും ശ്രീധരൻ പിള്ള പറഞ്ഞിരുന്നു. കോഴിക്കോട്ട് യുവമോർച്ച യോഗത്തിലായിരുന്നു ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തൽ.

തുലാമാസ പൂജയ്ക്കായി നട തുറന്നസമയത്തു യുവതികൾ സന്നിധാനത്തിന് അടുത്തുവരെ എത്തിയിരുന്നു. അപ്പോഴാണു തന്ത്രി തന്നെ വിളിച്ചു കോടതി അലക്ഷ്യമാവില്ലേയെന്നു ചോദിച്ചത്. നട അടയ്ക്കുമെന്ന് നിലപാടെടുത്താൽ അതിന് ആയിരങ്ങളുടെ പിന്തുണയുണ്ടാകുമെന്നു താൻ ഉറപ്പുനൽകിയിരുന്നു. നമ്മൾ മുന്നോട്ടുവച്ച അജൻഡയിൽ എല്ലാവരും വീണു. കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തിൽ നടന്നത്. ബിജെപിക്കു കേരളത്തിൽ സജീവമാകാനുള്ള സുവർണാവസരമാണിത്. പൊലീസിനെ മുട്ടുകുത്തിക്കാനായത് തന്ത്രിയുടെ നട അടയ്ക്കുമെന്ന നിലപാടിലാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ശബരിമലയിലേക്ക് മണ്ഡലമകരവിളക്ക് തീർത്ഥാടന കാലത്ത് മൂന്ന് നിരീക്ഷകരെ ഹൈക്കോടതി നിയോഗിച്ചതിന് പിന്നാലെയാണ ്ബിജെപിയും എംപിമാരുടെ പഠനസമിതിയെ നിയോഗിച്ചത്. സന്നിധാനത്ത് പ്രതിഷേധങ്ങൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പൊലീസിന് മാന്യമായ പരിശോധന നടത്താം. മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്ക് ശബരിമലയിൽ മൂന്നുനിരീക്ഷകരെ കോടതി നിയോഗിച്ചു. ജസ്റ്റിസ് പി.ആർ. രാമൻ, ജസ്റ്റിസ് സിരിജഗൻ, ഡിജിപി ഹേമചന്ദ്രൻ എന്നിവരാണ് നിരീക്ഷകർ. ഈ തീർത്ഥാടനകാലത്തേക്കാണ് നിരീക്ഷകരെ നിയോഗിച്ചത്. ശബരിമലയിൽ നിരോധനാജ്ഞ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. സ്ത്രീകൾക്കും കുട്ടികൾക്കും നടപ്പന്തലിൽ വിരിവയ്ക്കാം. പൊലീസിൽ വിശ്വാസമുണ്ടെന്നും കോടതി പറഞ്ഞു.

ശബരിമല കേസുകൾ പരിഗണിക്കുന്നതിനിടെ കോടതി സർക്കാരിനെയും പൊലീസിനെയും ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു. ദർശനത്തിനെത്തിയ ഹൈക്കോടതി സിറ്റിങ് ജഡ്ജിയെ പൊലീസ് അപമാനിച്ചത് തെറ്റായ നടപടിയാണ്. ജഡ്ജിയെ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെതിരെ സ്വമേധയാ കേസെടുക്കാൻ ഒരുങ്ങിയതാണ്. എന്നാൽ, ജഡ്ജി വിസമ്മതിച്ചതിനാലാണ് കേസെടുക്കാതിരുന്നത്. ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. വളരെ മോശം അനുഭവം ഉണ്ടായിട്ടും കോടതി അയാളുടെ പേര് പറയാത്തത് അയാളുടെ ഭാവി നശിപ്പിക്കേണ്ട എന്ന് കരുതിയാണെന്നും കോടതി വ്യക്തമാക്കി. ജഡ്ജിയുടെ മഹാമനസ്‌കത ബലഹീനതയായി കാണരുതെന്നും കോടതി പറഞ്ഞു. ശബരിമല കേസുകൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം

നിലയ്ക്കലിന്റെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ ഹൈക്കോടതി ജഡ്ജിയെ അപമാനിച്ചതായി നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഹൈക്കോടതിയുടെ പരാമർശം. ആരോപണവിധേയനായ ഉദ്യോഗസ്ഥൻ എസ്‌പി യതീഷ് ചന്ദ്രയാണെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ, അദ്ദേഹം അത് നിഷേധിക്കുകയും ചെയ്തു. യതീഷ് ചന്ദ്രയുടെ പേരെടുത്തുപറയാതെയാണെങ്കിലും ഹൈക്കോടതിയുടെ പരാമർശം സർക്കാരിന് തിരിച്ചടിയാണ്. യതീഷ് ചന്ദ്രയുടെ നടപടികളിൽ അപാകതയില്ലെന്ന് മുഖ്യമന്ത്രിയും വിലയിരുത്തിയിരുന്നു. കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനെ യതീഷ് ചന്ദ്ര നിലയ്ക്കലിൽ അപമാനിച്ചന്നെ് ആരോപണത്തിന് പിന്നാലെയാണ് ജഡ്ജിയെയും അപമാനിച്ചതായി അഭ്യൂഹം പരന്നത്. സന്നിധാനത്തേക്ക് വിളിപ്പിച്ച് ജഡ്ജി യതീഷ് ചന്ദ്രയെ ശാസിച്ചതായും അദ്ദേഹം മാപ്പുപറഞ്ഞതായും വാർത്തകൾ വന്നിരുന്നു.

അതേസമയം, നാമജപം നടത്തുന്നവരെ നിയന്ത്രിക്കുന്നത് എന്തിനെന്നും ഹൈക്കോടതി ചോദിച്ചു. സ്വാമിയേ സ്ത്രീകളെ കയറ്റല്ലേ എന്നല്ലല്ലോ സ്വാമി ശരണം എന്നല്ലേ ഭക്തർ വിളിക്കുന്നത്? പിന്നെങ്ങനെ സുപ്രീം കോടതി വിധിക്ക് എതിരാകുമെന്നും ഹൈക്കോടതി അഡ്വക്കേറ്റ് ജനറലിനോട് ചോദിച്ചു. ശരണമന്ത്രം മുഴക്കുന്നത് നിരോധനാജ്ഞ ലംഘനമല്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. നിരോധനാജ്ഞ ലംഘനമെന്ന് പറഞ്ഞ് നാമ ജപം തടയുകയും ചെയ്യുന്നു. ഇതെന്താണെന്നും കോടതി ചോദിച്ചു. പൊലീസുകാർ തികഞ്ഞ അലംഭാവമാണ് കാണിച്ചത്. നവംബർ 11 ന് അന്നദാന കൗണ്ടറുകൾ പൂട്ടിയത് എന്തിനായിരുന്നു. ഇത് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.