- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എർട്ടിഗാ കാറിന് മുമ്പിലും ഇടതു വശത്തും ഇടിച്ച് ബ്ലോക്ക് ചെയ്ത് ആക്രമിച്ച് പണം തട്ടിയത് മൂന്നിന് പുലർച്ചെ; സ്‌റ്റേഷനിൽ പരാതിയെത്തിയത് ഷംജീർ ഷംസുദ്ദീനിലൂടെ വോട്ടെടുപ്പു കഴിഞ്ഞ് ഏഴിന് പത്തു മണിക്കും; ബിജെപിയെ സംശയ നിഴലിലാക്കിയ കുഴൽപ്പണ കേസിന്റെ എഫ് ഐ ആർ മറുനാടന്; പണം കൊണ്ടു പോയത് പത്തനംതിട്ടയിലേക്കോ? ധർമ്മരാജൻ സംസ്ഥാന നേതാവിന്റെ അതിവിശ്വസ്തൻ
തൃശൂർ: തിരഞ്ഞെടുപ്പിന്റെ തൊട്ടുമുൻപുള്ള ദിവസങ്ങളിൽ ചെലവഴിക്കാൻ കൊണ്ടുപോകുന്നതിനിടെ കവർച്ച ചെയ്യപ്പെട്ട കുഴൽപണം വന്നത് കർണാടകയിൽ നിന്നെന്നു വിവരം പ്രതിക്കൂട്ടിൽ നിർത്തുന്നത് ബിജെപിയെ? സംസ്ഥാന നേതാവിന്റെ അതിവിശ്വസ്തന്റെ യാത്രയ്ക്കിടെയാണ് ഈ കുഴൽപ്പണം കവർച്ച ചെയ്തതെന്നാണ് സൂചന. പൊലീസിൽ പരാതി നൽകിയതാണ് വിനയായത്. എഫ് ഐ ആർ ഇട്ട് അന്വേഷണം തുടങ്ങിയതോടെയാണ് പരാതിയിലെ കള്ളം പോലും ചർച്ചയായത്. ഈ കേസിന്റെ എഫ് ഐ ആർ മറുനാടന് ലഭിച്ചു. ഏപ്രിൽ മൂന്നിന് പുലർച്ചെ 4.40നാണ് കാർ കവർച്ച ചെയ്യപ്പെട്ടത്. അതിക്രൂരമായ ആക്രമണമാണ് ഉണ്ടായതെന്ന് എഫ് ഐ ആറിൽ തന്നെ വ്യക്തമാണ്. എന്നാൽ പരാതി പൊലീസ് സ്‌റ്റേഷനിൽ കിട്ടിയത് ഏഴാം തീയതി രാത്രി പത്ത് മണിയോടെയാണ്. ഈ സമയത്തിനും പ്രത്യേകതകൾ ഏറെയാണ്.
കോഴിക്കോട് സ്വദേശി ധർമ്മരാജനാണ് പരാതിക്കാരൻ എന്നായിരുന്നു പുറത്തു വന്ന വിവരം. എന്നാൽ എഫ് ഐ ആർ അനുസരിച്ച് കോഴിക്കോട് ചേളന്നൂർ സ്വദേശി ഷംജീർ ഷംസുദ്ദീനാണ് പരാതിക്കാരൻ. എഫ് ഐ ആറിലും കേസിലെ കള്ളക്കളികൾ വ്യക്തമാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ഘട്ടത്തിൽ അടിച്ചു പൊളിക്കാൻ കൊണ്ടു പോയ പണമാണ് കവർന്നത്. ഇത് പത്തനംതിട്ട ജില്ലയിലേക്കുള്ളതായിരുന്നുവെന്നും സൂചനകളുണ്ട്. കവർച്ച നടക്കുമ്പോൾ സ്വാഭാവികമായി പൊലീസിനെ അറിയിക്കണം. എന്നാൽ വോട്ടെടുപ്പ് ആറിനായിരുന്നു. അതിന് തൊട്ടടുത്ത ദിവസം നേതാക്കൾ തമ്മിലെ കൂടിയാലോചനയ്ക്ക് ശേഷമാണ് കേസ് കൊടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതിയിൽ പറയുന്നതിന് അപ്പുറമുള്ള കാര്യങ്ങൾ നടന്നതായി കണ്ടെത്തുന്നത്. കണ്ടാലറിയാവുന്ന ഏഴു പേർക്കെതിരെയാണ് പരാതി.
പുലർച്ചെ നാലു നാൽപതിന് കൊടകര മേൽപ്പാലത്തിന് 500 മീറ്റർ തെക്ക് മാറി ദേശീയ പാത 544 വച്ചായിരുന്നു ആക്രമണം. രണ്ട് സ്വിഫ്റ്റ് കാറിൽ അടക്കം മൂന്ന് കാറിലായി വന്ന് ആവലാതിക്കാരനും സുഹൃത്തും സഞ്ചരിച്ചിരുന്ന കെഎൽ 56 ജി 6789-ാം നമ്പർ എർട്ടിഗാ കാറിന് മുമ്പിലും ഇടതു വശത്തും ഇടിച്ച് ബ്ലോക്ക് ചെയ്ത് ആവലാതിക്കാരനേയും സുഹൃത്തിനേയും കാറിൽ വച്ചും പുറത്തു വലിച്ചിറക്കിയും ദേഹോപദ്രവും ഏൽപ്പിച്ചു. അതിന് ശേഷം കാറിലുണ്ടായിരുന്ന 25 ലക്ഷം രൂപയും കാറും മോശം വിചാരത്തോടെ കൂട്ടായ്മ കവർച്ച ചെയ്തുവെന്നാണ് കുറ്റപത്രം വിശദീകരിക്കുന്നത്. പരാതിക്കാരൻ ഷംജീർ ആണെങ്കിൽ കൂടെയുണ്ടായിരുന്നത് ധർമ്മരാജൻ ആണെന്നാണ് മറുനാടന് ലഭിക്കുന്ന വിവരം. ധർമ്മരാജൻ സംസ്ഥാന രാഷ്ട്രീയത്തിലെ ഉന്നതന്റെ അതിവിശ്വസ്തനാണ്.
ഈ വാർത്ത ആദ്യം പുറത്തു വിട്ടത് മനോരമയാണ്. ഇതിനിടെയാണ് ബിജെപി ഫണ്ടിൽനിന്ന് കോടികൾ മുക്കിയെന്ന വാർത്ത കൈരളി ടിവിയും റിപ്പോർട്ട് ചെയ്യുന്നത്. കുഴൽപ്പണ കവർച്ചയാക്കി നേതൃത്വം എന്നും സിപിഎം ചാനൽ വെബ്‌സൈറ്റ് വിശദീകരിക്കുന്നു. തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് 10 കോടി രൂപ വെട്ടിച്ചുവെന്നാണ് പുറത്തുവരുന്ന സൂചന. എറണാകുളത്തേക്ക് കൊണ്ട് പോകവെ കൊടകരയിൽ വച്ചാണ് പണം കവർന്നത്. റിയൽ എസ്റ്റേറ്റ് ആവശ്യത്തിനായുള്ള 25 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ധർമ്മരാജൻ ബിജെപി. സംസ്ഥാന നേതാവിന്റെ അടുപ്പക്കാരനാണ്. അതേസമയം കാറിൽ കോടിക്കണക്കിന് രൂപ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പണം തട്ടിയതും ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് വിവരം. കവർച്ചാ നാടകമുണ്ടാക്കി ഫണ്ട് തട്ടിച്ച സംഭവം ബിജെപിക്കകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. ഇത് ബിജെപിയുടെ നാടകമാണെന്നും പാർട്ടിക്കകത്ത് സംസാരമുണ്ടെന്ന് കൈരളി ടിവി റിപ്പോർട്ട് ചെയ്യുന്നു. ഇതോടെയാണ് സംഭവത്തിന്റെ ഗൗരവം കൂടുന്നത്.
ദേശീയ പാർട്ടി വൻതുക കോഴിക്കോട് എത്തിച്ച ശേഷം വിവിധ ജില്ലകളിലേക്കു കൈമാറുന്നതിനിടയിലാണ് എറണാകുളം ജില്ലയിലേക്കുള്ള പണം കൊടകരയിൽ അപകട നാടകം നടത്തി കവർന്നതെന്ന് മനോരമ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ പണം പോകേണ്ടിയിരുന്നത് പത്തനംതിട്ട ജില്ലയിലേക്കായിരുന്നുവെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് കൂടുതൽ വിശദാംശങ്ങളും പുറത്തു വരുന്നത്. ഇതോടെ ഈ കേസ് പൊലീസും ഗൗരവത്തോടെ എടുക്കും. എഫ് ഐ ആർ രജിസ്റ്റർ ചെയ്താണ് അന്വേഷണം. സ്വർണ്ണ കടത്തിലും മറ്റും സംസ്ഥാന സർക്കാരിനെ തളർത്താൻ അന്വേഷണവുമായി കേന്ദ്ര ഏജൻസികൾ സജീവമാണ്. അതിന് തിരിച്ചടിയായി ഈ കേസിന്റെ സാധ്യതകൾ ആരായാനാണ് സിപിഎം തലത്തിലെ ആലോചന. ഭരണ തുടർച്ചയുണ്ടായാൽ കൊടകരയിലെ ഈ കേസിൽ അന്വേഷണം പുതിയ തലത്തിലെത്തും. കോൺഗ്രസ് അധികാരത്തിൽ എത്തിയാലും ഇതിൽ ഗൗരവത്തോടെ അന്വേഷണം നടക്കും.
കേസിനെ കുറിച്ച് കോൺഗ്രസ് നേതൃത്വവും വിവരങ്ങൾ തേടുന്നുണ്ട്. ദേശീയ പാർട്ടിയുടെ കള്ളപ്പണത്തിന്റെ സ്രോതസ് കണ്ടെത്താനാണ് നീക്കം. കർണ്ണാടകയിലെ നേതാക്കൾക്ക് ഈ വിഷയത്തിലുള്ള പങ്കും കോൺഗ്രസിന് ഈ കേസിലുള്ള താൽപ്പര്യം കൂട്ടുന്നുണ്ട്. അതിനിടെ പൊലീസിനു പുറമേ, പാർട്ടിയുടെയും പാർട്ടിയെ നിയന്ത്രിക്കാൻ അധികാരമുള്ള സംഘടനയുടെയും സമാന്തര അന്വേഷണവും ഈ കേസിൽ നടക്കുന്നുണ്ട് എന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. പണം എവിടെയുണ്ടെന്ന സൂചന ഇവർക്കു ലഭിച്ചിട്ടുണ്ട്. കവർച്ച ആസൂത്രണം തൃശൂരിലാണു നടന്നതെന്നാണ് സൂചന. സംഭവത്തിന്റെ തലേന്നു രാത്രി തന്നെ പണവുമായി വാഹനം തൃശൂരിലെത്തിയിരുന്നു. ജില്ലയിലെ ചില നേതാക്കൾ രാത്രിയാത്ര വേണ്ടെന്നു പറഞ്ഞ് സംഘത്തിന് എംജി റോഡിലെ ഹോട്ടലിൽ മുറിയെടുത്തു നൽകി. യാത്ര പുലർച്ചെയിലേക്കു ക്രമീകരിച്ചതിനു പിന്നിൽ തട്ടിക്കൊണ്ടുപോകൽ പദ്ധതി ഏകോപിപ്പിക്കാനുള്ള സമയം കണ്ടെത്തലാണെന്നാണു പാർട്ടിതല രഹസ്യാന്വേഷണത്തിൽ ലഭിച്ച സൂചന.
മോഷണം നടന്ന് 15 മിനിറ്റിനുള്ളിൽ പാർട്ടിയുടെ ജില്ലാ കമ്മിറ്റിയിലെ പ്രമുഖൻ സ്ഥലത്തെത്തി. പരാതി നൽകേണ്ടതില്ലെന്നു നിർദ്ദേശിച്ചു. പിന്നീട് ജില്ലാ നേതാവിന്റെ ജൂനിയർ വക്കീൽ രംഗത്തെത്തി. പണം തട്ടിയെടുത്തവരുമായി ഇടനിലയായി ചർച്ച നടത്തി. 3.5 കോടി രൂപയുടെ 25% തന്നാൽ പണം വിട്ടുനൽകാമെന്ന ധാരണ വച്ചെങ്കിലും ഇതു പാർട്ടി മേൽഘടകം അംഗീകരിച്ചില്ലെന്നാണു വിവരം. കൂടുതൽ വിവരങ്ങൾ പുറത്തറിയാതെ പണം തിരികെ എത്തിച്ചു പ്രശ്നം പരിഹരിക്കാൻ ജില്ലാ നേതാക്കളോട് അടുത്ത ബന്ധമുള്ള സംസ്ഥാന നേതാവ് ഇടപെടൽ നടത്തുന്നുണ്ട്. കവർച്ചയിലെ പാർട്ടിബന്ധം പൊലീസ് ഇതുവരെ രേഖയിലാക്കിയിട്ടില്ല. ഇരിങ്ങാലക്കുട ഭാഗത്തു നിന്നു പൊലീസ് കണ്ടെടുത്ത കാർ ഉൾഭാഗം കുത്തിപ്പൊളിച്ച നിലയിലാണ്. 7 പേരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ