ലക്‌നോ: പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി പ്രചാരണം നടത്തിയിട്ടും ഉത്തർപ്രദേശിൽ ബിജെപി പ്രതിസന്ധിയിൽ തന്നെ. സീറ്റുകളുടെ കാര്യത്തിൽ തമ്മിലടി ഇതുവരെ അവസാനിപ്പിക്കാൻ യുപിയിലെ ബിജെപി നേതാക്കൾക്കു കഴിഞ്ഞിട്ടില്ല. തർക്കങ്ങൾ മറന്നു മുലായം സിങ്ങും അഖിലേഷ് യാദവും ഒന്നിച്ചിട്ടും കോൺഗ്രസുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുമ്പോഴും ഇരുട്ടിൽ തപ്പുകയാണു ബിജെപി.

തിരഞ്ഞെടുപ്പ് നടക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ സ്ഥാനാർത്ഥി നിർണയത്തിൽ തലപുകയ്ക്കുകയാണു ബിജെപി. 403 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ആവശ്യത്തിന് സ്ഥാനാർത്ഥികളെ ലഭിക്കാത്തതിനാൽ 150 സീറ്റുകളിലേക്ക് മത്സരാർഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

മറ്റ് പാർട്ടികളിൽ നിന്നുള്ളവരെ കൊണ്ടുവന്ന് മത്സരിപ്പിക്കാനാണ് ഇപ്പോൾ ബിജെപിയുടെ ശ്രമം. സീറ്റ് നിഷേധിച്ചതിന്റെ പേരിൽ പാർട്ടിക്കുള്ളിൽ പ്രതിഷേധവും രാജി ഭീഷണിയും നിലനിൽക്കുന്നതിനിടെയാണ് നേതൃത്തിന്റെ പുതിയ ശ്രമം. പരമ്പരാഗതമായി ഉയർന്ന ജാതിയിൽ നിന്ന് ലഭിച്ചിരുന്ന വോട്ടാണ് ബിജെപിയുടെ അടിത്തറയായിരുന്നത്. എന്നാൽ കഴിഞ്ഞ 14 വർഷമായി പാർട്ടിക്ക് ഉത്തർപ്രദേശ് ഭരണം സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്.

ഇത് മറികടക്കണമെങ്കിൽ മറ്റുള്ളവരേക്കൂടി പാർട്ടിയിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്ന തിരിച്ചറിവിൽ നിന്നാണ് ബിജെപി കളം മാറ്റി ചവിട്ടുന്നത്. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 80 സീറ്റിൽ 71 എണ്ണത്തിലും ബിജെപി വിജയം കൊയ്തിരുന്നു. ഒ.ബി.സി കാർഡിറക്കിയാണ് ബിജെപി വിജയം കൊയ്തത്. ഇതേ രീതി അവംലംബിക്കാനാണ് പാർട്ടിയുടെ നീക്കം. എന്നാൽ താഴേക്കിടയിൽ നിന്ന് ആവശ്യത്തിന് നേതാക്കളില്ലാത്തതാണ് ബിജെപിയെ കുഴയ്ക്കുന്നത്.

ദളിത്, യാദവ വോട്ടുകൾ ആകർഷിക്കാനാണ് ഇനി ബിജെപിയുടെ ശ്രമം. ബിഎസ്‌പി, സമാജ് വാദി പാർട്ടി തുടങ്ങിയവരുടെ യാദവ- മുസ്ലിം, ദളിത് - മുസ്ലിം വോട്ട് ബാങ്കിനെ പ്രതിരോധിക്കാനോ വിള്ളൽ വീഴ്‌ത്താനോ പദ്ധതിയിട്ടാണു പ്രവർത്തനമെങ്കിലും ബിജെപിയിലെ ഉൾപ്പോരു വലിയ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്.