ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിങ് ഇംഗ്ലീഷ് വാർത്താ ചാനലിനെതിരേ നടത്തിയ പ്രസ്താവന വിവാദമാകുന്നു. വേശ്യാവൃത്തിക്കു തുല്യമായ കാര്യങ്ങളാണു ചാനൽ ചെയ്യുന്നതെന്നാണ് സിങ് ട്വിറ്ററിൽ കുറിച്ചത്.

പ്രസ്താവനയ്‌ക്കെതിരേ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. കോൺഗ്രസും ഇടതുപക്ഷവും സിംഗിന്റെ പ്രസ്താവനയെ അപലപിച്ചതോടെ സംഭവം വിവാദത്തിലായി.

താൻ പാക്കിസ്ഥാൻ ദേശീയ ദിനാഘോഷത്തിൽ പങ്കെടുത്തതു ചാനൽ വിവാദമാക്കിയെന്നും എന്നാൽ, യെമനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കാനുള്ള തന്റെ ശ്രമങ്ങൾ ചാനൽ അവഗണിച്ചെന്നും സിങ് ആരോപിച്ചിരുന്നു. ഇതേത്തുടർന്നായിരുന്നു അദേഹത്തിന്റെ വിവാദമായ ട്വീറ്റ്.

സംഘർഷ മുഖരിതമായ യെമനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിലും ആവേശം കൊള്ളിക്കുന്നത് പാക്കിസ്ഥാൻ എംബസി സന്ദർശിക്കുന്നതാണെന്ന സിങ്ങിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇക്കാര്യം ചാനലിൽ സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു മറുപടിയെന്നോണമാണ് അർണാബിന്റെ പേരു പരാമർശിച്ച് വി കെ സിങ് ട്വീറ്റ് ചെയ്തത്.

എന്നാൽ, വി കെ സിങ്ങിന്റെ പ്രസ്താവനയോടു പ്രതികരിക്കാൻ ബിജെപി തയ്യാറായിട്ടില്ല. ട്വിറ്റർ അക്കൗണ്ടുകൾ വ്യക്തിപരമായ കാര്യമാണെന്നും അതിനോടു പ്രതികരിക്കേണ്ടത് അതുപയോഗിക്കുന്ന ആൾ തന്നെയാണെന്നുമാണ് ബിജെപി ദേശീയ വക്താവ് സാംബിത് പത്ര പറഞ്ഞത്. മാദ്ധ്യമങ്ങളെ അപമാനിച്ച വി കെ സിങ്ങിനെ പുറത്താക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്.