മുംബൈ: മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ശിവസേനയിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഉപാധിരഹിത പിന്തുണയാണെന്ന് ബിജെപി. സർക്കാർ രൂപീകരണത്തിനായി മുന്നോട്ട് വയ്ക്കുന്ന എല്ലാ ആവശ്യങ്ങളും ശിവസേന പിൻവലിക്കണമെന്നാണ് ആവശ്യം. എങ്കിൽ മാത്രമേ ശിവസേനയുമായി സഖ്യത്തിനുള്ളൂ എന്ന് ബിജെപിയുടെ സംസ്ഥാന കോർ കമ്മറ്റി അംഗമായ വിനോദ് താവ്‌ഡെ വ്യക്തമാക്കി.

ശിവസേനാ മുഖപത്രമായ സാമ്‌നയിൽ സേന നിലപാട് വിശദീകരിച്ച ശേഷമാണ് വിനോദ് താവ്‌ഡെയുടെ പ്രസ്താവന. നരേന്ദ്ര മോദിയേയും അമിത് ഷായേയും മികച്ച നേതാക്കളെന്ന് വിശദീകിരിക്കുന്ന ലേഖനത്തിൽ ബിജെപിയുമായി സഖ്യം ഉണ്ടാക്കാൻ തയ്യാറാണെന്നും വ്യക്തമാക്കുന്നു. ആരെ വേണമെങ്കിലും ബിജെപിക്ക് മുഖ്യമന്ത്രിയാക്കാമെന്നും സാമ്‌ന പറയുന്നു.

ബിജെപിയുടെ മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നതിന് 14 മന്ത്രിസ്ഥാനങ്ങൾ വേണമെന്നായിരുന്നു സേനയുടെ ആദ്യ നിലപാട്. പിന്നീട് അത് പത്തായി ചുരുക്കി. എന്നാൽ 5 മന്ത്രിസ്ഥാനങ്ങൾ മാത്രമേ നൽകാനാകൂ എന്നാണ് ബിജെപി നിലപാട്. അതിനിടെ പാർട്ടി നിരീക്ഷകൻ കൂടിയായ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് നാളെ മുംബൈയിൽ എത്തും. ബിജെപിയുടെ നിയമസഭാ കക്ഷി യോഗം ചേർന്ന് രാജ്‌നാഥിന്റെ സാന്നിധ്യത്തിൽ നാളെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും.

മുഖ്യമന്ത്രി ആരായാലും ബിജെപിയെ പിന്തുണയ്ക്കാമെന്ന് ശിവസേന അറിയിച്ചിട്ടുണ്ട്. നേരത്തെ തങ്ങൾക്ക് താൽപ്പര്യമുള്ള വ്യക്തിയെ നേതാവാക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടിരുന്നു. ബിജെപി നിലപാട് കടുപ്പിച്ചതോടെ ഇതിൽ മാറ്റം വരുത്തി. ശിവസേനയ്ക്ക് കൂടിയത് ആറ് മന്ത്രിസഭാ സ്ഥാനങ്ങൾ മാത്രമേ നൽകാനാകൂ എന്നും ബിജെപി പറയുന്നു. പ്രമുഖ മന്ത്രിസ്ഥാനങ്ങളും നൽകില്ല.

ബിജെപി മന്ത്രിസഭയ്ക്ക് എൻസിപി ഉപാധിരഹിത പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശിവസേനയുടെ സമ്മർദ്ദ തന്ത്രത്തിന് നിൽക്കേണ്ടെന്നാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. മുഖ്യമന്ത്രി സ്ഥാനത്ത് എത്താൻ കൂടുതൽ സാധ്യതയുള്ള സംസ്ഥാന അധ്യക്ഷൻ കൂടിയായ ദേവേന്ദ്ര ഫട്‌നാവിസിനും ഈ അഭിപ്രായം തന്നെയാണ് ഉള്ളത്. എന്നാൽ സീറ്റ് വിഭജനത്തിൽ എടുത്തതുപോലെ ശിവസേന കടുംപിടിത്തമാണ് സഖ്യമില്ലാതാക്കിയതെന്ന ധാരണ സൃഷ്ടിക്കാനാണ് നീക്കം.

അതിനിടെ ബിജെപി സർക്കാരിന്റെ വിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കേണ്ടതില്ലെന്ന് എൻസിപി തീരുമാനിച്ചിട്ടുണ്ട്. എൻസിപിക്ക് 41 എംഎൽഎമാരാണ് ഉള്ളത്. അവർ വിട്ടുനിന്നാൽ തന്നെ സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം എന്ന ലക്ഷ്യം ബിജെപിക്ക് നേടാനാകും. ബിജെപിയെ പിന്തുണച്ചുവെന്ന വിമർശനം ഒഴിവാക്കുകയും ചെയ്യാം. മഹാരാഷ്ട്രയിൽ സുസ്ഥിര സർക്കാരുണ്ടാക്കാൻ ശരത് പവാറാണ് ഈ നിർദ്ദേശം നൽകിയത്. ഇതോടെ ശിവസേനയുടെ സമ്മർദ്ദ തന്ത്രത്തിന് വഴങ്ങേണ്ടെന്ന് ബിജെപിക്ക് തീരുമാനിക്കുകയും ചെയ്യാം.

നാളെ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുത്ത ശേഷം 30ന് മുമ്പ് ബിജെപി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കൾ സത്യപ്രതിജ്ഞയ്ക്ക് എത്തും.